Connect with us

Kerala

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ദേശീയതലത്തിലേക്ക്; കേന്ദ്ര ആഭ്യന്തര മന്ത്രി പ്രഖ്യാപനം നടത്തും

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് വിജയകരമായി നടപ്പാക്കിവരുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ദേശീയ തലത്തിലേക്ക്. ശനിയാഴ്ച ഹരിയാനയിലെ ഗുര്‍ഗാവില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തും. ഇതോടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി നിലവില്‍ വരും. കേരളത്തെ മാതൃകയാക്കി ഗുജറാത്ത്, ഹരിയാന, കര്‍ണാടക, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളും ഈ പദ്ധതി ആരംഭിച്ചിരുന്നു. ദേശീയ പ്രഖ്യാപനവേളക്ക് സാക്ഷ്യം വഹിക്കാന്‍ കേരളത്തില്‍ നിന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരും അദ്ധ്യാപകരും കുട്ടികളും ഉള്‍പ്പെടെയുള്ള 26 അംഗ സംഘം ഗുര്‍ഗാവിലെത്തും.

കുട്ടികളില്‍ അച്ചടക്കബോധവും വ്യക്തിത്വ വികാസവും ഉറപ്പുവരുത്തുന്നതിനും ക്രിയാത്മക മനോഭാവവും ആരോഗ്യകരമായ ശീലങ്ങളും വളര്‍ത്തിയെടുക്കുന്നതും ലക്ഷ്യമിട്ടാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി സംസ്ഥാനത്ത് ആരംഭിച്ചത്. നീതിനിര്‍വഹണ സംവിധാനങ്ങളെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കല്‍, സാമൂഹിക മൂല്യങ്ങള്‍ പുതുതലമുറയില്‍ വളര്‍ത്തിയെടുക്കല്‍ എന്നിവ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.

സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പദ്ധതി കൂടുതല്‍ വിപുലീകരിക്കാന്‍ തീരുമാനിച്ചു. അതിന്റെ ഭാഗമായി 100 സ്‌കൂളുകളില്‍ കൂടി പദ്ധതി നടപ്പാക്കാന്‍ തീരുമാനിക്കുകയും 71 സ്‌കൂളുകളില്‍ ഇതിനകം ആരംഭിക്കുകയും ചെയ്തു. നിലവില്‍ 645 സ്‌കൂളുകളിലായി അന്‍പതിനായിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ പദ്ധതിയുടെ ഭാഗമായുണ്ട്. 52,000 കേഡറ്റുകള്‍ രണ്ടുവര്‍ഷത്തെ പരിശീലനം നേടി വരുന്നു. മുഴുവന്‍ സ്‌കൂളുകളിലും പദ്ധതി നടപ്പാക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. സംസ്ഥാനത്തിന്റെ പദ്ധതി ദേശീയതലത്തില്‍ ഏറ്റെടുക്കുന്നത് ഏറെ അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Latest