ലിവ ഈന്തപ്പന മഹോത്സവത്തിന് ഇന്ന് തിരി തെളിയും ഇനിയുള്ള പത്ത് ദിവസം കര്‍ഷകര്‍ക്ക് ഉത്സവ നാളുകള്‍

Posted on: July 18, 2018 11:42 am | Last updated: July 18, 2018 at 11:42 am
SHARE

അബുദാബി : പശ്ചിമ മേഖലയിലെ ഏറ്റവും വലിയ ഈന്തപ്പഴ മഹോത്സവമായ ലിവ ഈന്തപ്പഴ മഹോത്സവത്തിന് ദഫ്‌റ മേഖലയിലെ ലിവയില്‍ ഇന്ന് തിരിതെളിയും. പത്തു ദിവസത്തെ മധുരോത്സവത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടക സമിതി അറിയിച്ചു. ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യമന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ രക്ഷാകര്‍ത്തൃത്വത്തിലാണ് ഉത്സവം.

ഇരുപതിനായിരം ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ സജ്ജീകരിച്ച ശീതീകരിച്ച ടെന്റില്‍ യുഎഇയിലെ ഏറ്റവും മുന്തിയ ഇനം ഈന്തപ്പഴങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഏറ്റവും നല്ല ഈന്തപ്പഴം, ചെറുനാരങ്ങ, മാമ്പഴം എന്നീ മത്സരങ്ങളുമുണ്ട്. കൂടാതെ വിവിധ കലാസാംസ്‌കാരിക പരിപാടികളും നടക്കും. എമിറേറ്റിന്റെ സമ്പദ് സമൃദ്ധിയുടെ പ്രതീകമായ ലിവ ഈന്തപ്പഴോത്സവം കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് മികച്ച വിപണി കണ്ടെത്താനും ആശയങ്ങള്‍ കൈമാറാനുള്ള വേദികൂടിയാണ്. കൃഷിയെയും കര്‍ഷകരെയും പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്. വ്യത്യസ്ത രുചിയും വലുപ്പവും നിറവും അനുസരിച്ച് പ്രദര്‍ശിപ്പിക്കുന്ന മികച്ച ഈന്തപ്പഴ കുലയ്ക്ക് സമ്മാനവുമുണ്ട്. മികച്ച കര്‍ഷകരെയും പുരസ്‌കാരം നല്‍കി ആദരിക്കും.

ഇതോടനുബന്ധിച്ച് ഈന്തപ്പഴത്തിന്റെയും കൃഷിയുടെയും പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവല്‍കരണ ക്ലാസുകളും നടക്കും. കുട്ടികള്‍ക്കായി പ്രത്യേക വില്ലേജും ഒരുക്കുന്നുണ്ട്. കളിയിലൂടെ കൊച്ചുകുട്ടികളില്‍ കൃഷിയുടെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുന്ന പരിപാടികള്‍ക്കു പുറമെ ശില്‍പശാലയും കാവ്യസന്ധ്യയും അരങ്ങേറും. ലിവ ഉല്‍സവത്തില്‍ രുചിയുടെ വൈവിധ്യവുമായി ഈന്തപ്പഴങ്ങള്‍ സ്വദേശികള്‍ കുലയോടെ കൊണ്ടുവന്ന് പ്രദര്‍ശിപ്പിക്കും. അന്‍പതിലേറെ വൈവിധ്യമാര്‍ന്ന ഈന്തപ്പഴങ്ങള്‍ വിപണികളില്‍ ലഭ്യമാകുന്ന ഈ വേനല്‍ സീസണ്‍ സന്ദര്‍ശകര്‍ക്കും സഞ്ചാരികള്‍ക്കും പുതുമ പകരുന്നു.സുഗമമായ നടത്തിപ്പിനു സന്ദര്‍ശകര്‍ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അല്‍ദഫ്‌റ മേഖലാ പൊലീസ് ഡയറക്ടര്‍ കേണല്‍ സെയ്ഫ് അല്‍ മന്‍സൂരി ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്കും, സന്ദര്‍ശകര്‍ക്കുമായി ലക്ഷങ്ങളുടെ സമ്മാനവും ഈന്തപ്പഴ മഹോത്സവ നഗരിയില്‍ ഒരുക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here