മഴക്കെടുതിയില്‍ വ്യാപക നാശം; ഒമ്പത് മരണം, മധ്യകേരളം വെള്ളത്തില്‍ മുങ്ങി

Posted on: July 17, 2018 12:29 am | Last updated: July 17, 2018 at 11:09 am
SHARE
കനത്ത മഴയെ തുടര്‍ന്ന് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വെള്ളം കയറിയപ്പോള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ദുരിതം വിതച്ച് കനത്ത മഴയും ശക്തമായ കാറ്റും തുടരുന്നു. കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് ഒമ്പത് പേരാണ് ഇന്നലെ മരിച്ചത്. നാല് പേരെ കാണാതായിട്ടുമുണ്ട്. മധ്യകേരളത്തിലാണ് മഴ ഏറ്റവും കൂടുതല്‍ നാശം വിതച്ചത്.
വെള്ളക്കെട്ടില്‍ കളിക്കവെ ഇലക്ട്രിക് ലൈനില്‍നിന്ന് ഷോക്കേറ്റ് കൊല്ലം തേവലക്കര പാലക്കല്‍ വൈഷ്ണവത്തില്‍ രാധാകൃഷ്ണ പിള്ള – ലേഖ ദമ്പതികളുടെ മകന്‍ അനൂപ് (12), വീടിന് മുകളിലേക്ക് വീണ മരക്കൊമ്പ് മുറിച്ചുമാറ്റവെ ചവറ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബെനഡിക്ട് (40), കുളത്തില്‍ വീണ് മലപ്പുറം ചങ്ങരംകുളം കാഞ്ഞിയൂരില്‍ കിഴിഞ്ഞാലില്‍ അബ്ദുര്‍ റഹീമിന്റെ മകന്‍ അദ്‌നാന്‍, തോട്ടിലെ ഒഴുക്കില്‍പ്പെട്ട് പാര്‍ത്തുംവലിയത്ത് നാണി, മണിമലയാറ്റില്‍ മുങ്ങി മധ്യവയസ്‌കനായ കോട്ടയം മണിമല ചെറുവള്ളി സ്വദേശി ശിവന്‍കുട്ടി എന്നിവരാണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട് വരട്ടാറില്‍ കാല്‍നടയാത്രക്കാരന്‍ മനോജ്കുമാര്‍ (42) മരിച്ചു,
വയനാട് പേരിയ മുപ്പത്തെട്ടാം മൈലില്‍ തോട്ടില്‍ കാണാതായ ഏഴ് വയസ്സുകാരന്‍ അജ്മലിന്റെ മൃതദേഹം കണ്ടെത്തി. മഴയെ തുടര്‍ന്ന് ഒറ്റപ്പെട്ട കോതമംഗലം മണികണ്ഠന്‍ ചാലില്‍ ചികിത്സ വൈകി ഒരാള്‍ മരിച്ചു. വെള്ളാരം കുത്ത് ആദിവാസി കോളനിയില്‍ താമസിക്കുന്ന ടോമിയാണ് മരിച്ചത്. ഞായറാഴ്ച കാണാതായ രാജാക്കാട് എന്‍ ആര്‍ സിറ്റി വിഷ്ണുവിന്റെ മൃതദേഹം വീടിന് സമീപത്തെ പടുതാക്കുളത്തില്‍ കണ്ടെത്തി. കാണാതായ മലപ്പുറം തേഞ്ഞിപ്പലം മുഹമ്മദ് റബീഹ്, നെല്ലിയാമ്പതി സീതാര്‍ക്കുണ്ട് ആശിഖ്, പത്തനംതിട്ട തടത്തുകാലായില്‍ ബൈജു, പമ്പയാറില്‍ ഒഴുക്കില്‍പ്പെട്ട ചേര്‍ത്തല സ്വദേശി ഗോപകുമാര്‍ (38) എന്നിവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.

കുട്ടനാട്ടില്‍ കൈനകരിയില്‍ രണ്ടിടങ്ങളില്‍ മട വീണു. 500 ഏക്കര്‍ കൃഷിയാണ് ഇവിടെ നശിച്ചത്. അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ആലപ്പുഴ ചങ്ങനാശ്ശേരി റോഡില്‍ വെള്ളം കയറി തീരമേഖലകളില്‍ കടലാക്രമണം രൂക്ഷമാണ്. വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി 4,199 കുടുംബങ്ങളില്‍ നിന്നുള്ള 19,708 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
ഇടുക്കിയില്‍ നിരവധിയിടങ്ങളില്‍ ഉരുള്‍പൊട്ടി. ശക്തമായ മണ്ണിടിച്ചിലില്‍ ഇടുക്കി നാളിയാനി – കുളമാവ് റോഡ് ഒലിച്ചുപോയി. 150ല്‍പരം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. ഹൈറേഞ്ച് മേഖലയില്‍ മഴ തുടരുകയാണ്. മേത്തൊട്ടിയില്‍ ഒരു വീട് ഒലിച്ച് പോയി. കട്ടപ്പന, പീരുമേട്, വണ്ടിപ്പെരിയാര്‍, വെള്ളത്തൂവല്‍ എന്നിവിടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. വിനോദസഞ്ചാര മേഖലകള്‍ ഒറ്റപ്പെട്ടു. കൊച്ചി-ധനുഷ്‌ക്കോടി പാത, സൈലന്റ് വാലി റോഡ്, കുമളി എന്നിവിടങ്ങളില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. മൂലമറ്റം ആശ്രമം റോഡിന് സമീപം ഉടുമ്പന്നൂരും ഉരുള്‍പൊട്ടി. ഇവിടെ വ്യാപകമായ കൃഷിനാശവും ഉണ്ടായി.

ജില്ലയിലെ ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഒന്നര ആഴ്ചക്കിടെ 117 -130ആയി ഉയര്‍ന്നു. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലത്ത് നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. എറണാകുളം ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് എറണാകുളത്ത് സിഗ്നല്‍ സംവിധാനം തകരാറിലായതോടെ മധ്യകേരളത്തില്‍ തീവണ്ടി ഗതാഗതം താറുമാറായി.
കൊച്ചി നഗരത്തിലെ മിക്കയിടങ്ങളിലും വെള്ളക്കെട്ടും ഗതാഗതകുരുക്കും രൂക്ഷമാണ്. എം ജി റോഡ്, കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡ്, സൗത്ത് റെയില്‍വേ സ്റ്റേഷന്‍ പ്രദേശങ്ങളില്‍ വീടുകളിലും കടകളിലും വെള്ളം കയറി. ജില്ലയിലെ കിഴക്കന്‍ മേഖലയിലെ ആദിവാസി ഊരുകള്‍ ഒറ്റപ്പെട്ടു. കമ്മട്ടിപ്പാടത്തെ വീടുകളും വെള്ളത്തിനടിയിലായി.
കോട്ടയത്ത് മൂന്നിടങ്ങളില്‍ ഉരുള്‍പൊട്ടി. പൂഞ്ഞാര്‍, തീക്കോയി, കൂട്ടിക്കല്‍ എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. വ്യാപക കൃഷി നാശമാണ് സംഭവിച്ചത്. മീനച്ചിലാര്‍ കരകവിഞ്ഞൊഴുകുകയാണ്. പാലാ, ഈരാറ്റുപേട്ട നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. സംസ്ഥാനത്ത് വ്യാഴാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
70 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു മുന്നറിയിപ്പുണ്ട്. ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ രാത്രി മലയോര മേഖലയിലേക്കുള്ള യാത്ര നിയന്ത്രിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. പരിശീലനം നേടിയ സന്നദ്ധ പ്രവര്‍ത്തകര്‍ ഒഴികെയുള്ളവര്‍ വെള്ളപ്പൊക്കമോ ഉരുള്‍പൊട്ടലോ ഉള്ള സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ രൂക്ഷമായ കടലാക്രമണത്തിലും വ്യാപക നാശമുണ്ട്.

ഇടുക്കി, കോട്ടയം ജില്ലകളില്‍ വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടി.
മലപ്പുറം ചങ്ങരംകുളത്തും പൊന്നാനിയിലും ശക്തമായ കാറ്റില്‍ വ്യാപക കൃഷി നാശമുണ്ടായി. തൃശൂരിലും കനത്ത മഴ തുടരുകയാണ്. കൊടുങ്ങല്ലൂരില്‍ മാത്രം നാനൂറിലധികം വീടുകള്‍ വെള്ളത്തിനടിയിലായി. പത്തനംതിട്ടയിലെ താഴ്ന്നപ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. പമ്പ, അച്ചന്‍കോവിലാര്‍ കരകവിഞ്ഞൊഴുകുന്നതിനാല്‍ തീരപ്രദേശത്തുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചു. 54 വീടുകള്‍ ഭാഗികമായി തകര്‍ന്നു. മൊത്തം 20 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മൂഴിയാര്‍, മണിയാര്‍ ഡാമുകള്‍ തുറന്നു. എല്ലാ ജലസംഭരണികളിലെയും ജലനിരപ്പ് ഉയര്‍ന്നു. കുറുമ്പന്‍മൂഴി ക്രോസ്‌വേ പൂര്‍ണമായും വെള്ളത്തിലായി. സമീപ റോഡും വെള്ളത്തിനടിയിലാണ്. റാന്നി ഉപാസനക്കടവില്‍ വെള്ളം കയറി.
കൊല്ലം ജില്ലയിലും സ്ഥിതി വ്യത്യസ്തമല്ല. പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ ചെത്തോങ്കര ജംഗ്ഷനില്‍ റാന്നി വലിയതോട് കരകവിഞ്ഞു വെള്ളം കയറി. ചെറിയ വാഹനങ്ങളുടെ ഗതാഗതം നിലച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here