Connect with us

National

മോദി പ്രഭാവം മങ്ങി; സെലിബ്രിറ്റികളെ മത്സരിപ്പിക്കാനൊരുങ്ങി ബി ജെ പി

Published

|

Last Updated

ന്യൂഡല്‍ഹി: ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പടെയുള്ള സെലിബ്രിറ്റികളെ ഇറക്കി അടുത്ത വര്‍ഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിനെ നേരിടാന്‍ ബി ജെ പി ഒരുങ്ങുന്നു. ബോളിവുഡ് സൂപ്പര്‍ താരങ്ങള്‍, പ്രമുഖ നവ സംരംഭകര്‍, പത്മ പുരസ്‌കാര ജേതാക്കള്‍, കായിക താരങ്ങള്‍, മറ്റു മേഖലകളില്‍ പ്രശസ്തരായവര്‍ തുടങ്ങിയവരെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതിനും സെലിബ്രിറ്റികളെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇറക്കാനും പാര്‍ട്ടി തീരുമാനിച്ചതായി ബി ജെ പിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.
ബോളിവുഡ് സൂപ്പര്‍ താരങ്ങളായ അക്ഷയ് കുമാര്‍, നാനാ പടേക്കര്‍ , അനുപം ഖേര്‍, പരേഷ് റാവല്‍ എന്നിവരെ മത്സരിപ്പിക്കുന്നതിന് ബി ജെ പി ദേശീയ നേതൃത്വം ധാരണയിലെത്തിയതായാണ് വിവരം.

പാര്‍ട്ടി പരമ്പരാഗതമായി പരാജയപ്പെടുന്ന മേഖലകളിലടക്കം ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പടെയുള്ളവരെ മത്സരിപ്പിക്കുന്നതിനാണ് നീക്കം നടക്കുന്നത്. ബി ജെ പിക്ക് തീരെ വിജയ പ്രതീക്ഷയില്ലെന്ന് കണ്ടെത്തിയ 120ല്‍പ്പരം സീറ്റുകളില്‍ പ്രദേശത്തിന്റെ വിവിധ ഘടകങ്ങള്‍ പരിശോധിച്ചാണ് സെലിബ്രിറ്റികളെ മത്സരിപ്പിക്കുക.
ബോളിവുഡ്, ക്രിക്കറ്റ് താരങ്ങള്‍ക്കായിരിക്കും ആദ്യം പരിഗണന നല്‍കുക, ജനപ്രിയരായ മുന്‍ ഐ പി എസ്, ഐ എ എസ് ഉദ്യോഗസ്ഥര്‍, പത്മ പുരസ്‌കാര ജേതാക്കള്‍, നവ സംരംഭകര്‍ എന്നിവര്‍ക്കും പരിഗണന നല്‍കും. ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാനും അക്ഷയ് കുമാറും ബി ജെ പിയുടെ പ്രചാരണത്തിന് ഇറങ്ങിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, അക്ഷയ് കുമാറിനെ മത്സരിപ്പിക്കാന്‍ തന്നെയാണ് തീരുമാനമെന്നാണ് പാര്‍ട്ടിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവര്‍ വ്യക്തമാക്കുന്നത്. പഞ്ചാബില്‍ നിന്നോ ഡല്‍ഹിയില്‍ നിന്നോ ആകും അക്ഷയ് കുമാറിനെ മത്സരിപ്പിക്കുക. നിലവില്‍ കനേഡിയന്‍ പൗരത്വമുള്ള അക്ഷയ്, ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചതിന് ശേഷമാകും മത്സരരംഗത്തിറങ്ങുക. ഗായകരായ മനോജ് തിവാരി, ബാബുള്‍ സുപ്രിയോ, എഴുത്തുകാരന്‍ പ്രതാപ് സിന്‍ഹ, ആഭ്യന്തര വകുപ്പ് മുന്‍ സെക്രട്ടറി ആര്‍ കെ സിംഗ്, മുംബൈ മുന്‍ പോലീസ് കമ്മിഷണര്‍ സത്യപാല്‍ സിംഗ് തുടങ്ങിയവരാണ് ബി ജെ പി പട്ടികയിലുള്ളത്. ഇത്തരത്തില്‍ മത്സരിക്കുന്ന സെലിബ്രിറ്റികള്‍ക്ക് അടുത്ത മന്ത്രിസഭയില്‍ സഹമന്ത്രി സ്ഥാനം പരിഗണിക്കുമെന്നും ബി ജെ പി വൃത്തങ്ങള്‍ പറയുന്നുണ്ട്.

മോദി സര്‍ക്കാറിന്റെ നാല് വര്‍ഷം കനത്ത പരാജയമാണെന്നും അധികാരത്തിലെത്തുമ്പോഴുണ്ടായിരുന്ന പ്രതീക്ഷകള്‍ക്കൊത്ത് രാജ്യത്തെ നയിക്കാന്‍ മോദിക്കായിട്ടില്ലെന്നും എന്‍ ഡി എ സഖ്യകക്ഷികള്‍ തന്നെ വിമര്‍ശം ഉയര്‍ത്തിയ സാഹചര്യത്തിലാണ് മോദിയെ മാറ്റി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സെലിബ്രിറ്റികളെ കളത്തിലിറക്കുന്നതിന് ബി ജെ പി തയ്യാറെടുക്കുന്നത്. കൂടാതെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികള്‍ ബി ജെ പിക്കെതിരെ ഒന്നിച്ച് പോരാട്ടത്തിന് ഇറങ്ങുന്നുവെന്നതും സെലിബ്രിറ്റികളെ ഇറക്കുന്നതിന് കാരണമാകുന്നു. പ്രതിപക്ഷ കക്ഷികള്‍ സഖ്യം രൂപവത്കരിച്ചില്ലെങ്കില്‍ പോലും തിരഞ്ഞെടുപ്പില്‍ പരസപരം ധാരണയോടെയായിരിക്കും മത്സരിക്കുകയെന്നത് ഉറപ്പാണ്. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് ബി ജെ പി പുതിയ തന്ത്രം ആവിഷ്‌കരിച്ചിരിക്കുന്നത്.

സെലിബ്രിറ്റികളെ പുറത്തിറക്കിയാല്‍ 2014ല്‍ നേടിയതിനേക്കാള്‍ ഭൂരിപക്ഷം ഇത്തവണ നേടാന്‍ കഴിയുമെന്നാണ് ബി ജെ പി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. 282 സീറ്റുകള്‍ നേടി കേവല ഭൂരിപക്ഷം നേടിയാണ് ബി ജെ പി അധികാരത്തിലെത്തിയത്. അതേസമയം, ബി ജെ പിയുടെ നീക്കത്തോട് സെലിബ്രിറ്റികള്‍ പ്രതികരിച്ചിട്ടില്ല.

Latest