അപകട സ്ഥലത്തെ ഫോട്ടോ എടുത്ത 71 ഡ്രൈവര്‍മാര്‍ക്ക് പിഴ

Posted on: July 12, 2018 11:50 am | Last updated: July 12, 2018 at 11:50 am
SHARE

അബുദാബി: അപകടസ്ഥലത്തെ ഫോട്ടോ എടുത്ത 71 ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തിയതായി അബുദാബി പോലീസ്. അപകട സ്ഥലത്തെ ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നത് കടുത്ത നിയമ ലംഘനമാണ്. സോഷ്യല്‍ മീഡിയ വഴി ചിത്രങ്ങള്‍ പങ്കുവെക്കുന്നതിനെതിരെ പോലീസ് നിരവധി മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പോസ്റ്റുചെയ്യുകയോ അല്ലെങ്കില്‍ പങ്കുവക്കുകയോ ചെയ്ത ഡ്രൈവര്‍മാര്‍ക്കാണ് പിഴ ചുമത്തിയത്. ഇവരെ നിയമ പ്രോസിക്യൂഷന് വിധേയമാക്കുമെന്ന് അബുദാബി പോലീസ് അറിയിച്ചു. റോഡ് അപകട സ്ഥലത്ത് വാഹനം നിര്‍ത്തി, ദൃശ്യങ്ങള്‍ നോക്കിനിന്ന് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്ന ഇതരവാഹന യാത്രക്കാര്‍ക്ക് ആയിരം ദിര്‍ഹം പിഴ ചുമത്തുമെന്ന് പോലീസ് വ്യക്തമാക്കി.

രക്ഷാദൗത്യം വൈകിക്കാനും കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകാനും ഇതു വഴിയൊരുക്കുന്ന സാഹചര്യത്തിലാണു നടപടി കര്‍ശനമാക്കുന്നത്. പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും ഈ ശീലം മാറ്റാത്തത് പൊലീസിന് വലിയ തലവേദന സൃഷ്ടിക്കുന്നു. അല്‍ഐനില്‍ ഒന്‍പതു പേര്‍ക്ക് പരുക്കേറ്റ അപകട സ്ഥലത്ത് എത്താന്‍ പൊലീസിന് ഏറെ പാടുപെടേണ്ടിവന്നു. പകടം നോക്കി മറ്റു വാഹനങ്ങള്‍ വേഗം കുറയ്ക്കുകയും ചിലര്‍ നിര്‍ത്തിയിടുകയും ചെയ്തതോടെ ഗതാഗതക്കുരുക്കു രൂക്ഷമായി. ഇതുമൂലം രക്ഷാപ്രവര്‍ത്തനം ഏറെ വൈകി. പരുക്കേറ്റവര്‍ക്ക് അടിയന്തര ചികില്‍സ ലഭ്യമാക്കിയില്ലെങ്കില്‍ ജീവന്‍ അപകടത്തിലാകുമെന്നു മനസ്സിലാക്കണമെന്നും അല്‍ഐന്‍ ട്രാഫിക് പൊലീസ് ഡയറക്ടര്‍ കേണല്‍ അഹമ്മദ് അല്‍ സുവൈദി പറഞ്ഞു.

അപകടമുണ്ടായത് നോക്കിനില്‍ക്കുന്നതുമൂലം ഗതാഗതക്കുരുക്കു രൂക്ഷമാകുക പതിവാണ്. വാഹനങ്ങള്‍ തമ്മില്‍ മതിയായ അകലം പാലിക്കാതെയുണ്ടാകുന്ന അപകടങ്ങള്‍ വേറെയും. ഇത്തരം പ്രവണതകള്‍ മൂലം അപകട സ്ഥലത്തേക്ക് കുതിച്ചെത്തുന്നതിനും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനും പൊലീസിനും ആംബുലന്‍സിനും സാധിക്കാതെ വരുന്നു. സുരക്ഷാ മുന്‍കരുതലുകളെക്കുറിച്ചും ഗതാഗത നിയമ ഭേദഗതിയെക്കുറിച്ചും യഥാസമയം പൊലീസ് ജനങ്ങളെ ബോധവത്കരിക്കുന്നുണ്ട്. അശ്രദ്ധയോടെ വാഹനമോടിക്കുന്നയാള്‍ക്ക് 2000 ദിര്‍ഹം പിഴയും 23 ബ്ലാക് പോയിന്റുമാണ് ശിക്ഷ. റോഡിലെ ദിശാസൂചന പാലിക്കാത്തവര്‍ക്ക് 1000 ദിര്‍ഹം പിഴ ലഭിക്കും. സ്‌കൂള്‍ ബസുകള്‍ക്കു മാര്‍ഗതടസ്സം സൃഷ്ടിച്ചാല്‍ 1000 ദിര്‍ഹം പിഴയും പത്തു ബ്ലാക് പോയിന്റും ശിക്ഷ ലഭിക്കും. വാഹനം ബ്രേക് ഡൗണാകുന്നതു പോലുള്ള അടിയന്തര സന്ദര്‍ഭങ്ങളില്‍ അബുദാബി പൊലീസിന്റെ ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാം. ഫോണ്‍ 800 88888.

LEAVE A REPLY

Please enter your comment!
Please enter your name here