സ്വര്‍ണം വാങ്ങണോ, നാട്ടിലേക്ക് പണമയക്കണോ? ആശയക്കുഴപ്പത്തിലായി ഏഷ്യന്‍ പ്രവാസികള്‍

Posted on: July 7, 2018 7:29 pm | Last updated: July 7, 2018 at 7:29 pm
SHARE

ദുബൈ: ഏഷ്യന്‍ കറന്‍സികളുടെയും സ്വര്‍ണത്തിന്റെയും വിലയിടിവ് ഗള്‍ഫിലെ ഏഷ്യക്കാരെ ആശയക്കുഴപ്പത്തിലാക്കി. നാട്ടിലേക്ക് പണമയക്കണോ അതോ സ്വര്‍ണം വാങ്ങണോ എന്നതാണ് ആശയക്കുഴപ്പം.
സ്വര്‍ണത്തിനു ഈ വര്‍ഷം ആറ് ശതമാനമാണ് വില കുറഞ്ഞത്. ഇതിനിടയില്‍, ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും അടക്കം രൂപയുടെ മൂല്യം കുത്തനെ കുറഞ്ഞു. ഒരു ദിര്‍ഹം നല്‍കിയാല്‍ 18.70 ഇന്ത്യന്‍ രൂപ ലഭിക്കുന്ന അവസ്ഥയുണ്ടായി. ഇത്തരത്തില്‍ രൂപയുടെ മൂല്യം കുറയുന്നത് സ്വര്‍ണ വില്‍പ്പനയെ ബാധിക്കുമെന്നു സ്‌കൈ ജുവല്ലറി ജനറല്‍ മാനേജര്‍ സിറിയക് വര്‍ഗീസ് ചൂണ്ടിക്കാട്ടി. മൂല്യ വര്‍ധിത നികുതി മറ്റൊരു പ്രശ്‌നമാണ്.

സ്വര്‍ണം 22 കാരറ്റ്, ഗ്രാമിന് 142 ദിര്‍ഹമാണ്. കഴിഞ്ഞ വര്‍ഷം 150 ദിര്‍ഹം വരെ ആയിരുന്നു. വെള്ളിയാഴ്ചകളില്‍ കനത്ത വില്‍പനയുണ്ടെന്നു മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമന്‍ഡ്സ് എക്‌സി. ഡയറക്ടര്‍ കെ പി അബ്ദുസലാം പറഞ്ഞു. സ്വര്‍ണത്തിനും രൂപക്കും ഇനിയും വിലയിടിയുമെന്നാണ് കമ്പോളത്തിലെ നിഗമനം. പക്ഷേ ഇത് താത്കാലിക പ്രതിഭാസം ആയിരിക്കുമത്രെ. താമസിയാതെ കുത്തനെ കൂടുകയും ചെയ്യും.