ചിലയിടങ്ങളില്‍ മഴ, കാറ്റ്; 250ലേറെ അപകടങ്ങള്‍

Posted on: July 7, 2018 7:09 pm | Last updated: July 7, 2018 at 7:09 pm
SHARE

ദുബൈ: ചൂടിന് ശമനമേകി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ. ദുബൈയിലെ മിര്‍ദിഫ്, റാശിദിയ, ഇന്റര്‍നാഷണല്‍ സിറ്റി, ദേര, ഖിസൈസ് എന്നിവിടങ്ങളിലും അല്‍ ഐനിലെ അല്‍ ഹിലി, അല്‍ ഐന്‍ സിറ്റി എന്നിവിടങ്ങളിലുമാണ് മഴ ലഭിച്ചത്. ശക്തമായ കാറ്റും ചിലയിടങ്ങളില്‍ വീശിയിരുന്നു.

മരങ്ങള്‍, വീടിന്റെ കവാടങ്ങള്‍, റോഡരികിലെ കാത്തിരിപ്പു കേന്ദ്രങ്ങളിലെ ബെഞ്ചുകള്‍ എന്നിവ കാറ്റില്‍ മറിഞ്ഞു വീണു. വീടിന് മുകളില്‍ മരണം വീണതിനെ തുടര്‍ന്ന് വീട്ടമ്മക്ക് പരുക്കേറ്റു. കാറ്റില്‍ പൊടിപടലങ്ങള്‍ ഉയര്‍ന്നതിനാല്‍ കാഴ്ച്ച പരിധി കുറഞ്ഞു. 2000 മീറ്ററില്‍ താഴെയായിരിക്കും രാജ്യത്തിന്റെ കിഴക്കന്‍, ഉള്‍മേഖലാ പ്രദേശങ്ങളില്‍ കാഴ്ച്ച പരിധിയെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.
മഴയും പൊടിക്കാറ്റും കനക്കുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ആര്‍ ടി എ അധികൃതര്‍ ആവശ്യപെട്ടു. ദുബൈയുടെ വിവിധ ഭാഗങ്ങളിലായി 250ലേറെ ചെറുഅപകടങ്ങളുണ്ടായി.

കഴിഞ്ഞ ദിവസത്തെ മഴയില്‍ വലിയ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ലെന്ന് ദുബൈ പോലീസ്
ദുബൈ: കഴിഞ്ഞ ദിവസം ദുബൈ എമിറേറ്റിലെ വിവിധയിടങ്ങളില്‍ പെയ്ത മഴയില്‍ വലിയ അപകടങ്ങളൊന്നും റിപ്പോര്‍ട് ചെയ്തിരുന്നില്ലെന്ന് ദുബൈ പോലീസ് ട്രാഫിക്ക് വിഭാഗം. മഴ വ്യാപകമായതിനെ തുടര്‍ന്ന് ദുബൈയുടെ വിവിധ ഭാഗങ്ങളില്‍ ഗതാഗതം നിയന്ത്രിക്കുന്നതിനും അപകടങ്ങള്‍ ഒഴിവാക്കുന്നതിനും നിരീക്ഷണ പട്രോള്‍ സംഘത്തെയും വിവിധ കോര്‍ണറുകളില്‍ പോലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിരുന്നു. വിവിധയിടങ്ങളില്‍ മരങ്ങള്‍ വീണ് കിടക്കുന്ന വിവരങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നതിന് നിരവധി ആളുകള്‍ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചിരുന്നു. ബന്ധപ്പെട്ട വകുപ്പുകളെ അവയുടെ ശുദ്ധീകരണത്തിനുള്ള നടപടികള്‍ക്കായി ഏല്‍പിച്ചു നല്‍കിയിരുന്നുവെന്ന് ദുബൈ പോലീസ് ട്രാഫിക്ക് ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സൈഫ് മുഹൈര്‍ അല്‍ മസ്റൂഇ പറഞ്ഞു.

ദുബൈയില്‍ കാറ്റില്‍ പൊട്ടിവീണ മരം നീക്കം ചെയ്യുന്നു

വിവിധ ആവശ്യങ്ങള്‍ക്കായി 58 അത്യാഹിത ഫോണ്‍സന്ദേശങ്ങളാണ് വൈകിട്ട് നാലു മുതല്‍ ഏഴ് വരെ കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്.
ശക്തമായ കാറ്റിനെ തുടര്‍ന്ന് എമിറേറ്റ്‌സ് റോഡിലെ ഗതാഗതം പോലീസ് നിരീക്ഷിച്ചിരുന്നു. എമിറേറ്റ്‌സ് റോഡില്‍ വാഹനം റോഡിലെ ബാരിയറില്‍ ഇടിച്ചു തകര്‍ന്ന വിവരം അറിയിക്കുന്നതിന് അത്യാഹിതങ്ങളെ കൈകാര്യം ചെയ്യുന്നതിനുള്ള പോലീസ് കോള്‍ സെന്ററിലേക്ക് ഫോണ്‍ സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. അപകടം സ്ഥലത്തു നിന്ന് വാഹനം നീക്കം ചെയ്യുന്നതിന് പോലീസ് സംഘത്തെ സംഭവ സ്ഥലത്തു വിന്യസിച്ചിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. വാഹനങ്ങള്‍ക്കിടയില്‍ മതിയായ അകലം പാലിക്കണമെന്ന് പോലീസ് പൊതുജനങ്ങളോട് നിര്‍ദേശിച്ചു.

അല്‍ ഐനില്‍ ശക്തമായ പൊടിക്കാറ്റ്
അല്‍ ഐന്‍: നഗരത്തില്‍ ഇന്നലെ രാവിലെ മുതല്‍ പൊടിക്കാറ്റ് അനുഭവപ്പെട്ടു. ഉച്ചയോടുകൂടി പൊടികാറ്റ് ശക്തമാവുകയും ജനജീവിതത്തെ സാരമായി ബാധിക്കുകയും ചെയ്തു.
പൊടിക്കാറ്റ് ശക്തമായതോടെ അന്തരീക്ഷ താപനില വര്‍ധിച്ചിട്ടുണ്ട്. വാഹനയാത്രികരെയാണ് കാറ്റ് ബുദ്ധിമുട്ടിലാക്കിയത്. പ്രധാനപാതകളില്‍ മണല്‍കൂനകള്‍ സൃഷ്ടിച്ചു. നഗരസഭാ തൊഴിലാളികള്‍ കഠിനാധ്വാനം ചെയ്താണ് ഇവ നീക്കുന്നത്.
അല്‍ ഫഖ, അല്‍ ഹയര്‍, നഹല്‍ സുഹൈബ്, സൈ്വഹാന്‍, മസാകിന്‍, അല്‍ ഫോഹ എന്നിവിടങ്ങളിലെല്ലാം ശക്തമായ പൊടിക്കാറ്റാണ് വീശിയത്. വൈകുന്നേരവും കാറ്റിന് ശമനമുണ്ടായിട്ടില്ല.
ഷാര്‍ജ-ഫുജൈറ റോഡിലും ശക്തമായ പൊടിക്കാറ്റില്‍ മണല്‍കൂനകള്‍ പൊങ്ങി.
റിപ്പോര്‍ട്ട്: മുസ്തഫ മാനിപുരം