സുനന്ദ കേസില്‍ തരൂരിന് സ്ഥിരം ജാമ്യം; കോടതിയില്‍ ഹാജരായി

Posted on: July 7, 2018 1:47 pm | Last updated: July 7, 2018 at 1:47 pm
SHARE

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ കേസില്‍ ഭര്‍ത്താവും കോണ്‍ഗ്രസ് എംപിയുമായ ശശി തരൂരിന് സ്ഥിരം ജാമ്യം ലഭിച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. തരൂരിന് കുറ്റപത്രത്തിന്റെ പകര്‍പ്പ് അനുവദിക്കാനും കോടതി നിര്‍ദേശിച്ചു.
കഴിഞ്ഞ ദിവസം കോടതി തരൂരിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. രാജ്യംവിട്ടുപോകരുതെന്ന ഉപാധിയോടെയായിരുന്നു ജാമ്യം.
തരൂര്‍ ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. കേസ് ഈ മാസം 26ന് വീണ്ടും പരിഗണിക്കും.

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡന കുറ്റങ്ങള്‍ ചുമത്തിയാണ് തരൂരിനെതിരെ ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സുനന്ദ പുഷ്‌കര്‍ ആത്മഹത്യ ചെയ്തതാണെന്ന് സ്ഥിരീകരിക്കുന്ന കുറ്റപത്രത്തില്‍ ദാമ്പത്യപ്രശ്‌നങ്ങളാണ് സുനന്ദയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും ചൂണ്ടിക്കാട്ടുന്നു. സെക്ഷന്‍ 306 (ആത്മഹത്യാ പ്രേരണ), 498 (എ) (വിവാഹിതയായ യുവതിയെ പീഡിപ്പിക്കല്‍) വകുപ്പുകളാണ് കുറ്റപത്രത്തില്‍ ചേര്‍ത്തിരിക്കുന്നത്.