Connect with us

Sports

ബെല്‍ജിയം സ്പീഡില്‍ ഗോളടിക്കും, എല്ലാം ഓന്റി പഠിപ്പിക്കുന്നു !

Published

|

Last Updated

തിയറി ഓന്റി പരിശീലന സെഷനില്‍

ജപ്പാനെതിരെ ബെല്‍ജിയം നേടിയ മൂന്നാം ഗോള്‍ ഒരു തവണ കൂടി കാണുക. കോര്‍ണര്‍ ബോള്‍ കൈയ്യിലൊതുക്കിയ ഗോള്‍കീപ്പര്‍ പന്ത് കെവിന്‍ ഡി ബ്രൂയിന് മുന്നിലേക്ക് ഉരുട്ടിയെറിയുന്നു. ബ്രൂയിന്‍ എതിര്‍ ഹാഫിലേക്ക് പന്തുമായി കുതിക്കുന്നു. ജപ്പാന്‍ താരങ്ങള്‍ക്കൊന്നും തന്നെ ബ്രൂയിനെ ഒന്ന് പിടിച്ചുവെക്കാന്‍ പോലും സാധിച്ചില്ല. ഓട്ടത്തിനിടെ ബ്രൂയിന്‍ തനിക്ക് സമാന്തരമായി വലത് വിംഗിലേക്ക് കയറി വന്ന തോമസ് മ്യൂനിയറിന് പാസ് നല്‍കി. മ്യൂനിയര്‍ ബോക്‌സിനുള്ളില്‍ റൊമേലു ലുകാകുവിലേക്ക് പന്ത് തള്ളിക്കൊടുത്തു. ലുകാകു പന്തിനെ തന്റെ കാലുകള്‍ക്കിടയിലൂടെ ഒഴിവാക്കി വിട്ടു. വിംഗര്‍ ചാഡ്‌ലി കുതിച്ചെത്തുന്നത് കണ്ടുള്ള ബുദ്ധിപരമായ നീക്കമായിരുന്നു ലുകാകുവിന്റെത്. ഗോളിക്ക് അവസരം നല്‍കാതെ പന്ത് ചാഡ്‌ലി വലയിലാക്കി. ഫൈനല്‍ വിസിലിന് സെക്കന്‍ഡുകള്‍ മാത്രം അവശേഷിക്കെ ബെല്‍ജിയം നേടിയ ഈ അതിവേഗ ഗോള്‍ ലോകകപ്പിലെ മികച്ച നിമിഷങ്ങളിലൊന്നാണ്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണല്‍ സ്‌ട്രൈക്കര്‍ തിയറി ഓന്റി സ്വന്തം ഹാഫില്‍ നിന്ന് പന്തുമായി അതിവേഗ കൗണ്ടര്‍ അറ്റാക്കിംഗ് നടത്തുകയും ഗോളിന് വഴിയൊരുക്കുകയും ചെയ്യുന്ന മായാക്കാഴ്ചയാണ് ബെല്‍ജിയത്തിനായി ഡി ബ്രൂയിന്‍ നടത്തിയ കുതിപ്പ് അനുസ്മരിപ്പിച്ചത്. രണ്ടായിരത്തിന്റെ തുടക്കത്തില്‍ ആഴ്‌സണലിന്റെ ഹൈബറി സ്റ്റേഡിയത്തില്‍ ഫ്രഞ്ച് സ്‌ട്രൈക്കര്‍ തിയറി ഓന്റിയൊരുക്കിയ വിസ്മയനീക്കങ്ങള്‍ ബെല്‍ജിയത്തില്‍ നിന്ന് ഇനിയും പ്രതീക്ഷിക്കാം. റോബര്‍ട്ടോ മാര്‍ട്ടിനെസിന്റെ കൈയ്യിലുള്ളത് ബെല്‍ജിയത്തിന്റെ സുവര്‍ണനിരയാണ്.
ഡിബ്രൂയിനും എദെന്‍ ഹസാദും റൊമേലു ലുകാകുവും ഉള്‍പ്പെടുന്ന അതിവേഗ അറ്റാക്കേഴ്‌സിന് പ്രചോദനമേകാന്‍ സാക്ഷാല്‍ തിയറി ഓന്റി അവര്‍ക്കൊപ്പമുണ്ട്. റോബര്‍ട്ടോ മാര്‍ട്ടിനെസിന്റെ അസിസ്റ്റന്റ് കോച്ചായി യൂറോ കപ്പ് മുതല്‍ തിയറി ഒപ്പമുണ്ട്.

ബെല്‍ജിയം പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനെസ് ഫ്രാന്‍സിന്റെ ലോകകപ്പ് ചാമ്പ്യനായ തിയറി ഓന്റിയുടെ സാന്നിധ്യത്തെ വിലമതിക്കുന്നു. തിയറി ടീം ക്യാമ്പിന് വ്യത്യസ്ത അനുഭവമാണ് സമ്മാനിക്കുന്നത്. സ്വപ്‌നം കാണുവാന്‍ മാത്രമല്ല, അതിലേക്ക് എത്തിച്ചേരുവാന്‍ കളിക്കാരെ പ്രാപ്തരാക്കുവാനും അദ്ദേഹത്തിന് സാധിക്കും. ഏറെ പരിചയ സമ്പത്തുള്ള താരമാണ് തിയറി – മാര്‍ട്ടിനെസ് പറഞ്ഞു.
എങ്ങനെ ഒരു നല്ല അറ്റാക്കിംഗ് നടത്തണമെന്ന തിയറി ഓന്റിയുടെ ക്ലാസില്‍ ഇരുന്നാല്‍ ഏതൊരു താരത്തിനും അതൊരു വലിയ അനുഭവമാകും. ആഴ്‌സണല്‍ ക്ലബ്ബിനൊപ്പമുള്ള അദ്ദേഹത്തിന്റെ സുവര്‍ണകാലം പുതിയ താരങ്ങള്‍ക്ക് പ്രചോദനമാണ് – ബെല്‍ജിയം കോച്ച് അഭിപ്രായപ്പെട്ടു.

Latest