Connect with us

International

തായ്‌ലന്‍ഡില്‍ ഗുഹയിലകപ്പെട്ട കുട്ടികളേയും കോച്ചിനേയും പുറത്തെത്തിക്കല്‍ വൈകാന്‍ സാധ്യത

Published

|

Last Updated

ബാങ്കോക്ക് : തായ്‌ലന്‍ഡില്‍ ഗുഹയ്ക്കുള്ളില്‍ അകപ്പെട്ട ഫുട്‌ബോള്‍ കളിക്കാരായ 12 കുട്ടികളെയും കോച്ചിനെയും പത്താം ദിനം ജീവനോടെ കണ്ടെത്തിയെങ്കിലും ഇവരെ പുറത്തെത്തിക്കുന്നതിന് കാലതാമസം നേരിടുമെന്ന് റിപ്പോര്‍ട്ടുകള്‍. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ഗുഹയിലെ പാറയില്‍ അഭയം തേടിയവരെ പുറത്തെത്തിക്കാന്‍ മാസങ്ങള്‍ വേണ്ടിവരുമെന്ന് രക്ഷാപ്രവര്‍ത്തകരെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ടു ചെയ്തു.

ഗുഹയിലെ പാതകളില്‍ വെള്ളം നിറഞ്ഞതിനാല്‍ ഉള്ളില്‍ അകപ്പെട്ടവരെ മുങ്ങാംകുഴിയിടുന്നതു പരിശീലിപ്പിച്ച് പുറത്തെത്തിക്കുകയോ അതുമല്ലെങ്കില്‍ വെള്ളം താഴുന്നതു വരെ കാത്തിരിക്കുകയോ വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജലം താഴാനായി കാത്തിരിക്കേണ്ടി വന്നാല്‍ നാലു മാസമെങ്കിലും പുറത്തുനിന്ന് ഭക്ഷണവും മരുന്നും മറ്റും എത്തിക്കേണ്ടതായി വരുമെന്ന് സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ടു ചെയ്തു.

മഴക്കാലത്ത് സാധാരണ നിറയാറുള്ള ഗുഹ തുടര്‍ന്ന് സെപ്റ്റംബര്‍, ഒക്ടോബര്‍ മാസം വരെ വെള്ളപ്പൊക്കത്തില്‍ അകപ്പെടുകയാണ് പതിവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ചെളിനിറഞ്ഞതും തമ്മില്‍ കാണാനാകാത്ത വിധത്തില്‍ വെള്ളം നിറഞ്ഞതുമായ ഗുഹാവഴികളിലൂടെ മുങ്ങിനീന്തിയെത്താന്‍ കുട്ടികളെയും കോച്ചിനെയും പരിശീലിപ്പിക്കുകയെന്നത് ബുദ്ധിമുട്ടാകുമെന്നും സൂചനയുണ്ട്. ഗുഹയില്‍ നിറഞ്ഞ വെള്ളം പമ്പു ചെയ്തു കളഞ്ഞ് ജലപരിധി താഴ്ത്താനുളള ശ്രമങ്ങള്‍ വിജയം കാണുന്നുമില്ല.
ഇന്നലെ രാത്രി ഒന്‍പതോടെയാണ് രക്ഷാപ്രവര്‍ത്തകര്‍ പട്ടായ ബീച്ച്” എന്നറിയപ്പെടുന്ന അറയ്ക്കുള്ളില്‍ ഇവരെ കണ്ടെത്തുന്നത്. . കനത്തമഴയില്‍ ഗുഹയ്ക്കുള്ളിലേക്ക് ഇരച്ചെത്തിയ പ്രളയജലത്തില്‍നിന്നു രക്ഷപ്പെടാന്‍ പട്ടായബീച്ചിലെ പാറക്കല്ലിനു മുകളില്‍ അഭയം തേടിയിരിക്കുകയായിരുന്നു കുട്ടികളും കോച്ചും.

Latest