Connect with us

National

ഗൗരി ലങ്കേഷ് വധം: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; 36 പേരെ വധിക്കാന്‍ പദ്ധതി

Published

|

Last Updated

ബെംഗളൂരു: മാധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിന്റെ കൊലയാളി സംഘം ഇന്ത്യയിലൊട്ടാകെ 36 പേരെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായി അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഗൗരി ലങ്കേഷിന്റെ കൊലയാളികളില്‍ നിന്ന് പിടിച്ചെടുത്ത ഡയറികളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്.
ഇന്ത്യയില്‍ ഹിന്ദുത്വത്തിനെതിരെ സംസാരിക്കുന്ന എല്ലാവരെയും കൊന്നുതള്ളാനായിരുന്നു പദ്ധതി. 36 പേരാണ് ഇവരുടെ ഹിറ്റ്‌ലിസ്റ്റില്‍ ഉണ്ടായിരുന്നത്. ഇതില്‍ കൂടുതല്‍ പേര്‍ മഹാരാഷ്ട്രയില്‍ നിന്നുള്ളവരും പത്ത് പേര്‍ കര്‍ണാടകയില്‍ നിന്നുള്ളവരുമാണ്. ഭൂരിഭാഗവും വനിതാ ആക്ടിവിസ്റ്റുകളാണ്. ഇവരാകുമ്പോള്‍ കൊല്ലാന്‍ എളുപ്പമാകുമെന്നും ഇവര്‍ കരുതിയിരുന്നു.
കര്‍ണാടകയില്‍ നിന്നുള്ള പ്രമുഖരെ കൊല്ലാന്‍ ഹിന്ദുത്വ സംഘടനകള്‍ ശ്രമിച്ചിരുന്നതായി പ്രത്യേക അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. കെ എസ് ഭഗവാനും ഗിരീഷ് കര്‍ണാടും വരെ ഈ പട്ടികയിലുണ്ടായിരുന്നു. എന്നാല്‍ ഇതിനപ്പുറത്തേക്ക് നീങ്ങുന്നതാണ് ഇവര്‍ തയ്യാറാക്കിയ കൊലപ്പട്ടികയെന്നാണ് പോലീസ് പറയുന്നത്. ഈ ഡയറി കണ്ടെത്തിയിരുന്നില്ലെങ്കില്‍ ഇവരൊക്കെ കൊല്ലപ്പെട്ടേക്കുമെന്നും പോലീസ് പറയുന്നു. ബി ജെ പിയുടെ കീഴില്‍ ഈ സംഘടനകള്‍ക്ക് വലിയ രീതിയിലുള്ള ധനസഹായവും ലഭിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഗൗരി ദീര്‍ഘകാലമായി ഹിന്ദുത്വ സംഘടനകളുടെ കണ്ണിലെ കരടായിരുന്നു. ഇവര്‍ ഹിന്ദുത്വ വിരുദ്ധയാണെന്ന് വ്യാപകമായി പ്രചാരണവുമുണ്ടായിരുന്നു. ഇതാണ് ഇവരുടെ കൊലയിലേക്ക് നയിച്ചത്. അറസ്റ്റിലായ പൂനെ സ്വദേശി അമോല്‍ കാലെയുടെ ഡയറിയിലാണ് ഈ വിവരമുള്ളത്.
ഡയറി കോഡ് ഭാഷയിലാണ് എഴുതിയിരുന്നത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഡയറിയില്‍ നിന്ന് അറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. ഇരകളെ കൊല്ലുന്നതിന് 50 ഷാര്‍പ്പ് ഷൂട്ടര്‍മാരെ ഈ ഗ്രൂപ്പുകള്‍ റിക്രൂട്ട് ചെയ്തിരുന്നു. മഹാരാഷ്ട്രയില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമാണ് ഇവരെ റിക്രൂട്ട് ചെയ്തിരിക്കുന്നത്. ഇവരില്‍ പലര്‍ക്കും പിസ്റ്റള്‍, എയര്‍ ഗണ്‍, പെട്രോള്‍ ബോംബ് നിര്‍മാണം എന്നിവയില്‍ സംഘടന പരിശീലനവും നല്‍കിയിരുന്നു. ബെല്‍ഗാവി, ഹൂബ്ലി, പൂനെ എന്നിവിടങ്ങളില്‍ വെച്ചായിരുന്നു പരിശീലനം. ഗൗരിയുടെ ഘാതകരെ പിടികിട്ടിയില്ലെങ്കില്‍ ഈ കൊലപാതകങ്ങള്‍ നടക്കാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.
ഗൗരി ലങ്കേഷിനെ കൊല്ലുന്നതിന് മുമ്പ് അഡ്വാന്‍സായി 3000 രൂപയാണ് പരശുറാം വാഗ്മൂറെക്ക് നല്‍കിയിരുന്നത്. ഇത് ബസ് ചാര്‍ജിനും ഭക്ഷണത്തിനും ഉപയോഗിക്കാനായിരുന്നു നിര്‍ദേശം. പിന്നീട് പറഞ്ഞ പണി കൃത്യമായി ചെയ്തതോടെ 10,000 രൂപ കൂടി നല്‍കി. ഇത് സംഭവം നടന്ന് ഒരുമാസത്തിന് ശേഷമാണ് നല്‍കിയത്.
ഏറെ വിവാദുണ്ടാക്കിയ ചലച്ചിത്രമായ പത്മാവതി പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് നേരെ ഇവര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായും വിവരം പുറത്തുവന്നിട്ടുണ്ട്. ഹിന്ദുവികാരത്തെ മുറിവേല്‍പ്പിച്ചത് കൊണ്ടാണ് ആക്രമണമെന്ന് ഇവര്‍ ഡയറിയില്‍ ന്യായീകരിക്കുന്നു. തിയേറ്ററുകള്‍ക്ക് നേരെ പെട്രോള്‍ ബോംബ് എറിയാനായിരുന്നു നീക്കം. ഇതിനായി ഹുബ്ബള്ളിയിലെ വനമേഖലയില്‍ ഇവര്‍ പെട്രോള്‍ ബോംബ് പരീക്ഷണവും നടത്തി. എന്നാല്‍ ഇത് നടത്താന്‍ ഇവര്‍ക്ക് സാധിച്ചില്ല.
കൊലകൃത്യം നടത്താന്‍ ഏറ്റവും ധൈര്യമേറിയ ആള്‍ എന്നതിനാലാണ് പരശുറാമിനെ ഗൗരിയെ വധിക്കാന്‍ നിയോഗിച്ചത്. വിജയ്പുര ജില്ലയില്‍ തഹസില്‍ദാര്‍ ഓഫീസിന് മുന്നില്‍ പാകിസ്ഥാന്റെ പതാക സ്ഥാപിച്ച് വര്‍ഗീയ കലാപം ഉണ്ടാക്കിയതില്‍ പ്രമുഖനാണ് പരശുറാം വാഗ്മൂറെ. ഈ കേസില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗൗരിയെ വധിക്കാന്‍ പദ്ധതി ആസൂത്രണം ചെയ്തത് അമോല്‍കാലെയും മൂന്നംഗ സംഘവുമാണെന്ന് പോലീസ് പറയുന്നു. ഇവരാണ് പരശുറാമിന് നിര്‍ദേശങ്ങള്‍ നല്‍കിയത്.