ഡെന്‍മാര്‍ക്കോ, ആസ്‌ത്രേലിയയോ ? ഇന്ന് തീരുമാനമാകും

Posted on: June 26, 2018 9:09 am | Last updated: June 26, 2018 at 9:53 am
SHARE
ആസ്‌ത്രേലിയയുടെ നബോട്ട് കഴിഞ്ഞ മത്സരത്തില്‍ കൈയ്യൊടിഞ്ഞ് പുറത്തേക്ക്‌

മോസ്‌കോ: ഗ്രൂപ്പ് സിയില്‍ നിന്ന് ഫ്രാന്‍സിനൊപ്പം പ്രീക്വാര്‍ട്ടറിലേക്ക് ആര് പോകും ? ഡെന്‍മാര്‍ക്കോ ആസ്‌ത്രേലിയയോ ? ഇന്ന് തീരുമാനമാകും.
ഡെന്‍മാര്‍ക്കിന് കരുത്തരായ ഫ്രാന്‍സാണ് എതിരാളിയെങ്കില്‍ ആസ്‌ത്രേലിയക്ക് രണ്ട് കളിയും തോറ്റ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ പെറുവാണ്.
ആദ്യ രണ്ട് കളിയും ജയിച്ച ഫ്രാന്‍സ് നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്‍മാരാകാന്‍ തോല്‍വി ഒഴിവാക്കണം. ഫ്രാന്‍സിനെ സമനിലയില്‍ തളച്ചാല്‍ ഡെന്‍മാര്‍ക്കിനും മുന്നേറാം. പെറുവിനെ തോല്‍പ്പിച്ചാല്‍ മാത്രം പോര ആസ്‌ത്രേലിയക്ക്. ഡെന്‍മാര്‍ക്ക് തോറ്റാലേ നോക്കൗട്ട് റൗണ്ട് സ്വപ്‌നം പൂവണിയൂ.

ആദ്യ രണ്ട് മത്സരങ്ങളിലും മഞ്ഞക്കാര്‍ഡ് കണ്ട പോള്‍ പോഗ്ബക്കും ബ്ലെയ്‌സ് മറ്റിയൂഡിക്കും കോച്ച് ദിദിയര്‍ ദെഷംസ് വിശ്രമമൊരുക്കും. പെറുവിനെതിരെ പുറത്തിരുന്ന കോറെന്റിന്‍ ടൊലിസോ ആദ്യ ലൈനപ്പില്‍ തിരിച്ചെത്തും.
ഡെന്‍മാര്‍ക്കും ഫ്രാന്‍സും ലോകകപ്പില്‍ രണ്ട് തവണ ഏറ്റുമുട്ടി. രണ്ട് പ്രാവശ്യവും ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തില്‍. 1998 ല്‍ 2-1ന് ഫ്രാന്‍സ് ജയിച്ചു. 2002 ല്‍ 2-0ന് ഡെന്‍മാര്‍ക്കും.
മേജര്‍ ടൂര്‍ണമെന്റുകളില്‍ അഞ്ച് തവണ മുഖാമുഖം വന്നിട്ടുണ്ട് ഫ്രാന്‍സും ഡെന്‍മാര്‍ക്കും. 1984 യൂറോ, 1992 യൂറോ, 1998 ലോകകപ്പ്, 2002 യൂറോ, 2002 ലോകകപ്പ് വേദികളില്‍. മൂന്ന് ജയവുമായി ഫ്രാന്‍സ് മുന്നില്‍.

പെറുവിനെ നേരിടുന്ന ആസ്‌ത്രേലിയന്‍ നിരയില്‍ ടോമു യുറിച്, ജാമി മക്ലാരന്‍, ടിം കാഹില്‍ എന്നിവരാകും തുറുപ്പ് ചീട്ടുകള്‍. അതേ സമയം, പരിശീലനത്തിനിടെ തലക്ക് പരുക്കേറ്റ പെറു സ്‌ട്രൈക്കര്‍ ജെഫേഴ്‌സന്‍ ഫര്‍ഫാന്‍ ഇന്ന് കളിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here