തീക്കട്ടയിലും ഉറുമ്പരിക്കുന്നോ?

Posted on: June 22, 2018 9:10 am | Last updated: June 22, 2018 at 9:10 am
SHARE

അതീവ ഗുരുതരവും ദുരൂഹവുമാണ് ഹൈക്കോടതിയില്‍ നിന്ന് കേസ് രേഖകള്‍ അപ്രത്യക്ഷമാകല്‍. മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസുകളിലെ നിര്‍ണായക ഫയലുകള്‍ നഷ്ടപ്പെട്ടത് അടുത്തിടെയാണ്. കമ്പനി മുന്‍ ചെയര്‍മാനും ഡയറക്ടര്‍മാര്‍ക്കുമെതിരെ മൂന്ന് വിജിലന്‍സ് കേസുകളില്‍ പ്രോസിക്യൂഷന്‍ അനുമതി പിന്‍വലിച്ച 2012 ഫെബ്രുവരി 22ലെ സര്‍ക്കാര്‍ ഉത്തരവിനെതിരെ അഴിമതിവിരുദ്ധ മനുഷ്യാവകാശ സംരക്ഷണ സമിതി നല്‍കിയ ഹരജി, വിജിലന്‍സ് കേസുകളില്‍ സി ബി ഐ അന്വേഷണമാവശ്യപ്പെട്ടു കെ വേലായുധനും ജോയ് കൈതാരവും 2012ല്‍ നല്‍കിയ ഹരജി, സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് അഴിമതിവിരുദ്ധ മനുഷ്യാവകാശ സംരക്ഷണ സമിതി 2015ല്‍ നല്‍കിയ ഹരജി തുടങ്ങിയവ അടങ്ങിയ ഫയലുകളാണ് നഷ്ടപ്പെട്ടത്. ആദ്യ രണ്ട് ഹരജികളുടെ രണ്ടാം സെറ്റുകളും മൂന്നാം ഹര്‍ജിയുടെ ആദ്യ സെറ്റുമാണ് തുടക്കത്തില്‍ കാണാതായത്. തുടര്‍ന്ന് രണ്ടാം സെറ്റ് ബഞ്ചിലെത്തിച്ചപ്പോള്‍ അവയും കാണാതായി. ഇതു സംബന്ധിച്ച് ഹൈക്കോടതി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. അതേസമയം ഇതൊരു മോഷണക്കേസായതു കൊണ്ട് അന്വേഷണം നടത്തേണ്ടത് പോലീസോ മറ്റു അന്വേഷണ ഏജന്‍സികളോ ആണ്. ഹൈക്കോടതി വിജിലന്‍സ് വിഭാഗത്തിന് ഇതന്വേഷിക്കാന്‍ അധികാരമില്ലെന്നാണ് നിയമവൃത്തങ്ങളില്‍ ചിലരുടെ അഭിപ്രായം.

കോടതികളിലെ ഫയലുകള്‍, പ്രത്യേകിച്ചും ഉന്നതരുമായി ബന്ധമുള്ള കേസ് രേഖകള്‍ കോടതികളില്‍ നിന്ന് അപ്രത്യക്ഷമാകുന്നത് രാജ്യത്ത് പതിവു സംഭവമാണ്. പാലക്കാട്ടെ തന്നെ ഒരു ഭൂമിക്കേസില്‍ സബ്‌കോടതി വിധിക്കെതിരെയുള്ള അപ്പീലിന്റെ ഫയല്‍ ഹൈക്കോടതിയില്‍ നിന്ന് കാണാതായിട്ടുണ്ട്. വിധി നടപ്പാക്കാന്‍ ഒരുങ്ങവെ അത് തടയണമെന്നാവശ്യപ്പെട്ട് അപ്പീല്‍ ഭാഗം പ്രത്യേക ഹരജിയുമായെത്തിയതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് അപ്പീലിന്റെ രണ്ട് സെറ്റ് ഫയലുകളും മൂന്നാം സെറ്റിന്റെ അനുബന്ധ രേഖകളും അപ്രത്യക്ഷമായതായി മനസ്സിലായത്. ജുഡീഷ്യല്‍ സെക്ഷനുകളില്‍ പ്രവേശനത്തിന് നിയന്ത്രണമുള്ളതിനാല്‍ ഫയല്‍ മാറ്റിയതു ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ ഒത്താശയില്‍ അഭിഭാഷകനോ ഗുമസ്തനോ ആകാനാണ് സാധ്യതയെന്നാണ് വിജിലന്‍സ് റജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. 2006ല്‍ പ്രീഡിഗ്രി മാര്‍ക്ക് തട്ടിപ്പ്, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജാതി തട്ടിപ്പ്, കേരള സര്‍വകലാശാലയുടെ അസിസ്റ്റന്റ് നിയമനത്തിലെ അഴിമതിക്കേസ്, കാലടി ശ്രീ ശങ്കരാചാര്യ സര്‍വകലാശാലയിലെ അധ്യാപക നിയമനത്തിലെ ക്രമക്കേട് ചോദ്യം ചെയ്യുന്ന കേസിന്റെ രേഖകള്‍ തുടങ്ങി പല പ്രധാന കേസുകളുടെ ഫയലുകളും കോടതിയില്‍ നിന്ന് കാണാതായിട്ടുണ്ട്. മാര്‍ക്ക് തട്ടിപ്പു കേസില്‍ വിജിലന്‍സ് അന്വേഷണം വരുമെന്നായപ്പോള്‍ ഫയലുകള്‍ പൊടുന്നനെ കോടതി വരാന്തയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയും ചെയ്തു. ദേശീയ രാഷ്ട്രീയത്തെ ഇളക്കി മറിച്ച കല്‍ക്കരി കുംഭകോണക്കേസില്‍ സുപ്രീം കോടതിയില്‍ നിന്നും കോര്‍പറേറ്റുകളുടെ പങ്ക് വെളിപ്പെടുത്തുന്ന ഫയലുകളും നഷ്ടപ്പെട്ടിരുന്നു.

നീതിനിഷേധത്തിനെതിരെ പൗരന് ആശ്രയിക്കാനുള്ള അവസാനത്തെ അത്താണിയായ കോടതിയില്‍ നിന്നു പോലും സുപ്രധാന ഫയലുകള്‍ കാണാതാവുന്നത് അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ട്. കേസുകളിലെ ന്യായാന്യായങ്ങള്‍ കണ്ടെത്തുന്നത് സമര്‍പ്പിക്കപ്പെടുന്ന രേഖകളുടെ സഹായത്തോടെയാണ്. അവയുടെ അടിസ്ഥാനത്തിലാണ് കേസിന്റെ വിധിപ്രസ്താവം നടത്തുന്നത്. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി സുധീന്ദ്രകുമാര്‍ അഭിപ്രായപ്പെട്ട പോലെ ആസൂത്രിതമാണ് ഈ മോഷണങ്ങളെല്ലാം. കോടതി ജീവനക്കാരുടെ ഒത്താശയോടെ പ്രതികളോ ബന്ധപ്പെട്ടവരോ ആയിരിക്കണം ഫയലുകള്‍ എടുത്തു മാറ്റുന്നത്. ഉന്നത നീതിപീഠങ്ങളില്‍ നിന്നു അതീവ പ്രാധാന്യമുള്ള രേഖകള്‍ എടുത്തുമാറ്റാമെന്നാണെങ്കില്‍ ജനങ്ങള്‍ക്ക് എവിടെയാണ് അഭയ കേന്ദ്രം?
ഗുരുതരമായ അഴിമതി ആരോപണങ്ങളാണ് മലബാര്‍ സിമന്റ്‌സുമായി ബന്ധപ്പെട്ടു ഉയര്‍ന്നു വന്നത്. സ്ഥാപനത്തിലേക്ക് മെഷീനുകളും അസംസ്‌കത വസ്തുക്കളും വാങ്ങുന്നതില്‍ വന്‍ അഴിമതി നടന്നതായി വിജിലന്‍സ് കണ്ടെത്തി. പ്രമുഖനായ ഒരു വ്യവസായി, വ്യവസായ വകുപ്പ് സെക്രട്ടറി, സ്ഥാപനത്തിന്റെ ചെയര്‍മാന്‍, എം ഡി തുടങ്ങിയവര്‍ ഉള്‍പ്പെടെ പ്രമുഖര്‍ പ്രതികളാണെന്നിരിക്കെ കേസ് അട്ടിമറിക്കാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമാണ് ഫയല്‍ മോഷണമെന്നാണ് അനുമാനിക്കപ്പെടുന്നത്. ജഡ്ജിമാരും അധികാരകേന്ദ്രങ്ങളും തമ്മിലുള്ള അവിഹിത ബന്ധം, ജഡ്ജി നിയമനത്തിലെ രാഷ്ട്രീയ താത്പര്യം, കേസ് ഏല്‍പ്പിക്കുന്ന ബഞ്ചിന്റെ കാര്യത്തില്‍ ചീഫ് ജസ്റ്റിസ് കാണിക്കുന്ന പ്രത്യേക താത്പര്യങ്ങള്‍ തുടങ്ങി കോടതിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന നിരവധി കാര്യങ്ങള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ്. കോടതികളിലെത്തുന്ന രേഖകള്‍ സുരക്ഷിതമല്ലെന്ന് വരുമ്പോള്‍ നീതിന്യായ വ്യവസ്ഥയിലുള്ള ജനവിശ്വാസം പാടേ നഷ്ടമാകും. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തി മോഷ്ടാക്കളെയും അതിന് ചരടുവലിച്ചവരെയും പുറത്തു കൊണ്ടു വരികയും ശക്തമായ നിയമനടപടികള്‍ക്ക് വിധേയമാക്കുകയും ചെയ്യേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here