കക്കാടംപൊയില്‍ വാട്ടര്‍ തീം പാര്‍ക്കിലെ കുളങ്ങള്‍ വറ്റിക്കാന്‍ ഉത്തരവ്

Posted on: June 19, 2018 1:52 pm | Last updated: June 19, 2018 at 10:50 pm

കോഴിക്കോട്: പവി അന്‍വര്‍ എംഎല്‍എയുടം കക്കാടംപൊയിലിലെ വാട്ടര്‍തീം പാര്‍ക്കിലെ കുളങ്ങളിലെ വെള്ളം വറ്റിക്കാന്‍ പഞ്ചായത്തിന്റെ ഉത്തരവ്. ഇന്ന് വൈകുന്നേരത്തിനകം നാല് കുളങ്ങളിലെയും വെള്ളം വറ്റിക്കണമെന്നാണ് കൂടരഞ്ഞി പഞ്ചായത്ത് നിര്‍ദേശിച്ചിരിക്കുന്നത്. കുന്നിന്‍ മുകളിലെ കുളത്തിലെ വെള്ളം അപകടസാധ്യത ഉയര്‍ത്തുന്നതായുള്ള ഭീതിയെത്തുടര്‍ന്നാണ് പഞ്ചായത്തിന്റെ നടപടി.

നാലു കുളങ്ങളിലുമായി രണ്ടു ലക്ഷം ലിറ്ററോളം വെള്ളമുണ്ടെന്നാണ് കണക്കാക്കുന്നത്. വെള്ളം നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിയാണ് പാര്‍ക്ക് അധിക്യതര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. വൈകുന്നേരത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനും നോട്ടീസില്‍ നിര്‍ദേശിച്ചിട്ടുണ്ട്. പാര്‍ക്കിന് സമീപം കരിഞ്ചോലയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രദേശത്തെ അനധിക്യത ജലസംഭരണി ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദുരന്തത്തില്‍ കുട്ടികളടക്കം 14പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.