മുശര്‍റഫിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല

അനുമതി നല്‍കിയ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി
Posted on: June 17, 2018 9:22 am | Last updated: June 17, 2018 at 9:23 am
SHARE

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റും സൈനിക മേധാവിയുമായ പര്‍വേസ് മുശര്‍റഫിന് പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതി നല്‍കുന്ന ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.
2013ല്‍ മുശര്‍റഫിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുന്ന വിധി 2013ല്‍ പെഷാവര്‍ ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നു. ഈ വിധി ചോദ്യം ചെയ്ത് മുശര്‍റഫ് സുപ്രീം കോടതിയില്‍ ഹരജി നല്‍കുകയും ചെയ്തിരുന്നു. ഇത് പരിഗണിച്ച കോടതി ഈ മാസം 13ന് ഹാജരാകണമെന്ന ഉപാധിയോടെ മുശര്‍റഫിന് മത്സരിക്കാന്‍ അനുമതി നല്‍കി. വിധിക്ക് പിന്നാലെ ചിത്രാല്‍ മണ്ഡലത്തില്‍ മുശര്‍റഫ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയും ചെയ്തു.

എന്നാല്‍, കോടതി ആവശ്യപ്പെട്ട ദിവസം മുശര്‍റഫ് കോടതിയിലെത്തിയില്ല. വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് മുമ്പായി പാക്കിസ്ഥാനിലെത്തിയില്ലെങ്കില്‍ മുശര്‍റഫിന്റെ അഭാവത്തില്‍ വിധി പറയുമെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു. വിചാരണാ വേളയിലും മുശര്‍റഫ് കോടതിയില്‍ ഹാജരായിരുന്നില്ല. അതേസമയം, പാക്കിസ്ഥാനിലേക്ക് വരാന്‍ മുശര്‍റഫിന് സമയം അനുവദിക്കണമെന്നും അനാരോഗ്യം കാരണം അദ്ദേഹത്തിന് പെട്ടെന്ന് രാജ്യത്തെത്താന്‍ സാധിക്കില്ലെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. വിചാരണ അനിശ്ചിത കാലത്തേക്ക് നീട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജൂലായ് 25നാണ് പാക്കിസ്ഥാനില്‍ പൊതുതിരഞ്ഞെടുപ്പ്.