Connect with us

Sports

റഷ്യന്‍ വിപ്ലവം

Published

|

Last Updated

റഷ്യക്കായി രണ്ടാം ഗോള്‍ നേടിയ ഡെനിസ് ചെറിഷേവ്‌

മോസ്‌കോ: ജയമില്ലാത്ത ഏഴ് മത്സരങ്ങള്‍. നാനാദിക്കില്‍ നിന്നും വിമര്‍ശവും പരിഹാസവും. ഒടുവില്‍ ഫുട്‌ബോളില്‍ കാത്തിരുന്ന റഷ്യന്‍ വിപ്ലവം അരങ്ങേറി. അതും ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍, സഊദി അറേബ്യയെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തരിപ്പണമാക്കിക്കൊണ്ട്.

യൂറി ഗാസിന്‍സ്‌കി (12), ഡെനി ചെറിഷേവ് (43,90+1), അര്‍തെം സ്യൂബ (71), ഗൊലോവിന്‍ (90+4) എന്നിവരാണ് റഷ്യക്കായി സ്‌കോര്‍ ചെയ്തത്. 1934ന് ശേഷം ഉദ്ഘാടന മത്സരത്തില്‍ ആതിഥേയര്‍ നേടുന്ന ഏറ്റവും വലിയ വിജയമാര്‍ജിനാണിത്.

റഷ്യയുടെ പരിശീലകന്‍ സ്റ്റാനിസ്ലാവ് ചെര്‍ചെസോവ് ഓരോ ഗോളും ആഘോഷമാക്കി മാറ്റിയത് തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശങ്ങള്‍ ഓര്‍ത്തിട്ടാകണം. കഴിഞ്ഞ ഏഴ് മത്സരങ്ങളായി ജയമില്ലാതെ നീങ്ങുന്ന റഷ്യക്ക് സ്വന്തം മണ്ണില്‍ വലിയ നാണക്കേട് ഏറ്റുവാങ്ങേണ്ടി വരുമെന്ന് ഫുട്‌ബോള്‍ പണ്ഡിറ്റുകള്‍ അഭിപ്രായപ്പെട്ടത് കോച്ചിന് വലിയ ക്ഷീണം ചെയ്തു. റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിനും ഇടക്കൊക്കെ സ്റ്റാനിസ്ലാവിനെ പരിഹസിച്ചു.

എന്നാല്‍, പുടിനും ഫിഫ ഫ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയും ലുഷ്‌നികി സ്‌റ്റേഡിയത്തില്‍ റഷ്യയുടെ ഗംഭീര വിജയത്തിന് സാക്ഷ്യം വഹിച്ചു. എഴുപത്തെട്ടായിരത്തിലേറെ പേരാണ് മത്സരത്തിനെത്തിയത്. ഗോള്‍ വിരുന്നൊരുക്കി റഷ്യന്‍ ടീം മര്യാദ കാണിക്കുകയും ചെയ്തു. ആദ്യ ഗോള്‍ പിറന്നത് സഊദിയുടെ പ്രതിരോധപ്പിഴവില്‍ നിന്നാണ്. യുറി ഗാസിന്‍സ്‌കി ഫ്രീ ഹെഡ്ഡറിലൂടെയാണ് ലീഡ് ഗോള്‍ നേടിയത്. ഇരട്ട ഗോളുകളുമായി തിളങ്ങിയ ഡെനിസ് ചെറിഷേവിന്റെ ആദ്യ ഗോള്‍ റഷ്യക്ക് ആദ്യപകുതിയില്‍ 2-0ന് ലീഡൊരുക്കി. രണ്ട് ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ച് ഡെനിസ് നേടിയ ഗോള്‍ മികവുറ്റതായിരുന്നു.

ഇഞ്ചുറി ടൈമിന്റെ ആദ്യ മിനുട്ടില്‍ ഡെനിസ് ബോക്‌സിലേക്കുള്ള നീക്കത്തില്‍ ഇടത് കാല്‍ കൊണ്ട് തൊടുത്ത ഷോട്ട് വലയില്‍ കയറിയത് ടൂര്‍ണമെന്റിനെ ഉണര്‍ത്തി. ഇതിനിടെ സ്യൂബയുടെ ഗോള്‍ റഷ്യയുടെ അപ്രമാദിത്വം അടിവരയിട്ടിരുന്നു. ആദ്യ കളിയില്‍ തന്നെ ഫ്രീകിക്ക് ഗോളും പിറന്നു. ഇഞ്ചുറി ടൈമിലെ അവസാന മിനുട്ടില്‍ ഗൊലോവിന്‍ മനോഹരമായി സ്‌കോര്‍ ചെയ്തു. ലോകകപ്പ് ടീമുകളില്‍ ഫിഫ റാങ്കിംഗില്‍ ഏറ്റവും പിറകിലുള്ള ടീം റഷ്യയാണ്. തങ്ങളേക്കാള്‍ മൂന്ന് റാങ്ക് മുകളിലുള്ള സഊദി അറേബ്യയുടെ വല നിറച്ചതോടെ റഷ്യ റാങ്കിംഗിലൊന്നും വലിയ കാര്യമില്ലെന്ന് ഓര്‍മിപ്പിച്ചു.

കടലാസിലെ കരുത്തല്ല, മൈതാനത്തെ മിടുക്കിലാണ് കാര്യമെന്ന് റഷ്യ വിളിച്ചോതിയതോടെ വമ്പന്‍മാരുടെ ഉറക്കം നഷ്ടമായി.ആദ്യ പകുതിയില്‍ തന്നെ റഷ്യയുടെ സാഗോവ് പേശീവലിവിനെ തുടര്‍ന്ന് കളം വിട്ടു. സി എസ് കെ എ മോസ്‌കോ മിഡ്ഫീല്‍ഡര്‍ക്ക് ലോകകപ്പ് നഷ്ടമാകുമെന്നാണ് സൂചന. പകരമെത്തിയത് റയല്‍ മാഡ്രിഡിന്റെ മുന്‍ താരം ഡെനിസ് ചെറിഷേവ്.

ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് ഡെനിസ് ഇരട്ട ഗോളുകളോടെ ആഘോഷിച്ചു. മധ്യനിരയില്‍ കൂടുതല്‍ പാസുകള്‍ നല്‍കി ചെറിഷേവ് ആദ്യലൈനപ്പില്‍ ഇടം ഉറപ്പിച്ചു. സഊദി അറേബ്യക്ക് സന്നാഹ മത്സരത്തിലെ മികവ് കണ്ടെത്താനായില്ല.

റഷ്യയുടെ ഇരമ്പലിന് മുന്നില്‍ പകച്ച് നില്‍ക്കുകയായിരുന്നു ഏഷ്യന്‍ ടീം. രണ്ടാം പകുതിയില്‍ ഒരിക്കല്‍ മാത്രം അബ്ദുല്ല അല്‍ മുയൂഫിലൂടെ റഷ്യന്‍ ഗോളിയെ പരീക്ഷിച്ചു.

Latest