Connect with us

Kerala

പെരുന്നാള്‍: പ്രയാസമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാനാകണം- നേതാക്കള്‍

Published

|

Last Updated

കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍

കോഴിക്കോട്: സമൂഹത്തിലെ ചുറ്റുമുള്ളവരോടുള്ള വിശ്വാസിയുടെ കടപ്പാട് ഓര്‍മിപ്പിച്ചുകൊണ്ടാണ് പെരുന്നാള്‍ പുലരിയെ വരവേല്‍ക്കാന്‍ ഇസ്‌ലാം കല്പിച്ചിട്ടുള്ളതെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു. ഫിത്ര്‍ സകാത്ത് എന്ന കര്‍മം വിശ്വാസിക്ക് അല്ലാഹു നല്‍കിയതില്‍ നിന്ന് ഒരു ഭാഗം മറ്റുള്ളവര്‍ക്ക് കൂടി നല്‍കി സാമൂഹികബാധ്യതാ നിര്‍വ്വഹണത്തിന്റെ മികച്ച മാതൃകയാണ്. ഒരാള്‍ പോലും വിശ്വാസികള്‍ വസിക്കുന്ന ദേശങ്ങളില്‍ പട്ടിണി കിടക്കുന്നവരായി ഉണ്ടാവരുത് . പെരുന്നാള്‍ ദിനത്തില്‍ കരയുന്ന അനാഥക്കുട്ടിയെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്ന് ഭക്ഷണവും വസ്ത്രവും നല്‍കി സംരക്ഷണമേറ്റെടുത്ത പ്രവാചകരുടെ മാതൃക വിശ്വാസികള്‍ പിന്തുടരണം.

പ്രാര്‍ഥനക്ക് വളരെ പ്രാധാന്യമുള്ള ദിനമാണിന്ന്. അനവധി പ്രതിസന്ധികള്‍ക്ക് മധ്യേയാണ് മലയാളി മുസ്‌ലിംകളുടെ ജീവിതം. നിപ്പാ വൈറസ് ബാധ ഉണ്ടാക്കിയ ഭീതി പൂര്‍ണമായും മാറിയിട്ടില്ല. അതിനിടയില്‍ വന്ന കനത്തമഴ പലയിടങ്ങളിലും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും ഉണ്ടാക്കി അനേകം ആളുകള്‍ക്ക് സ്വത്തും ജീവനും നഷ്ടപ്പെട്ടു. പലരും ദുരിതാശ്വാസ ക്യാമ്പുകളിലാണ്. പാരിസ്ഥിതിക ദുരന്തങ്ങളില്‍ നിന്ന് രക്ഷയുണ്ടാവാനും ഇപ്പോഴുള്ള മഴക്കെടുതി പെട്ടെന്ന് ശാന്തമാവാനും പെരുന്നാള്‍ നിസ്‌കാര ശേഷം പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തണം.അതോടൊപ്പം ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റും കഴിയുന്നവര്‍ക്ക് സഹായമെത്തിക്കാനും, അവരുടെ കൂടി പെരുന്നാള്‍ സന്തോഷകരമാക്കാനും വിശ്വാസികള്‍ ശ്രമിക്കണം. കാന്തപുരം പറഞ്ഞു.

ഖലീല്‍ തങ്ങള്‍

വ്രതാനുഷ്ഠാനത്തിലൂടെയും സുകൃതങ്ങളിലൂടെയും നേടിയെടുത്ത നന്മകളുടെ ഒടുക്കമല്ല; സ്ഫുടം ചെയ്‌തെടുത്ത പുത്തന്‍ ജീവിതത്തിന്റെ തുടക്കമാണ് ഈദുല്‍ ഫിത്വറെന്ന് കേരള മു സ് ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി ഈദ് സന്ദേശത്തില്‍ പറഞ്ഞു. അന്നപാനീയങ്ങള്‍ ഉപേക്ഷിച്ചും ശരീരേച്ഛകളെ നിയന്ത്രിച്ചും ക്രമപ്പെടുത്തിയ ജീവിതാനുഭവങ്ങളുമായി വിശ്വാസികള്‍ പുതിയ യാത്ര തുടങ്ങുകയാണ്.

പെരുന്നാളിന്റെ തെളിമയില്‍ വിമലീകരിക്കപ്പെട്ട മനസ്സും ശരീരവും പോലെ നമ്മുടെ വീടും പരിസരവും വൃത്തിയാക്കണം. പുത്തന്‍ വസ്ത്രങ്ങളുടെ തിളക്കം പോലെ നമ്മുടെ ചുറ്റുപാടുകളും തിളങ്ങട്ടെ. മാലിന്യങ്ങള്‍ പരിസ്ഥിതിക്ക് ശല്യമാവാതെ സംസ്‌കരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ സ്വീകരിക്കണം. നോമ്പിലൂടെ മനസ്സിന്റെ മാലിന്യങ്ങള്‍ ഒഴിവാക്കിയ വിശ്വാസിക്ക് പരിസര ശുചിത്വം പാലിക്കാന്‍ ഒട്ടും പ്രയാസമാവില്ല. ഇതിനുള്ളതാവട്ടെ ഇന്നത്തെ പെരുന്നാള്‍ പ്രതിജ്ഞകള്‍.

വിശുദ്ധ റമസാനില്‍ ആര്‍ജിച്ച ആത്മീയ വിശുദ്ധി തുടര്‍ന്നുള്ള ജീവിതത്തിലേക്ക് പകര്‍ത്താന്‍ നാം തയ്യാറാവണം. അതിലൂടെ മാനസികാരോഗ്യവും ആത്മീയ ചൈതന്യവും നിലനിര്‍ത്താന്‍ നമുക്കാവും. മാതാപിതാക്കള്‍ക്കും ഗുരനാഥന്മാര്‍ക്കും സഹജീവികള്‍ക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഷ്ടപ്പാടുകളും വേദനകളുമനുഭവിക്കുന്നവര്‍ക്കുമെല്ലാം പെരുന്നാള്‍ പ്രാര്‍ത്ഥനകളില്‍ ഇടം നല്‍കണം. കഷ്ടതകളനുഭവിക്കുന്നവരെയും തീരാദുരിതങ്ങളിലകപ്പെട്ടവരെയും സന്ദര്‍ശിക്കാനും സാന്ത്വനം നല്‍കാനും സമയം കണ്ടെത്തണം. നല്ല ഭക്ഷണത്തിനും പുത്തനുടുപ്പിനും മനസ്സു നിറക്കുന്ന ആഘോഷത്തിനുമപ്പുറം ഈദിന്റെ ആത്മാവ് കുടികൊളളുന്നത് വേദനിക്കുന്നവര്‍ക്ക് ആശ്വാസം പകരുന്നതിലാണ്.
സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ഒരുമയും യോജിപ്പുമുണ്ടാക്കാന്‍ പെരുന്നാള്‍ ആഘോഷം കാരണമാവണമെന്നും ഈദ് സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.

പേരോട് അബ്ദുര്‍ഹിമാന്‍ സഖാഫി

വിശുദ്ധിയുടെ നാളുകളില്‍ കൈവരിച്ച ആത്മ ചൈതന്യം മുന്നോട്ടുള്ള ജീവിതത്തില്‍ പൂര്‍ണമായും ഉള്‍ക്കൊള്ളണമെന്നും വേദനിക്കുന്ന മനുഷ്യന് താങ്ങാവുമ്പോഴേ നമ്മുടെ ജീവിതം ഫലവത്താകൂ എന്നും എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുറഹ്മാന്‍ സഖാഫി ഈദ് സന്ദേശത്തില്‍ പറഞ്ഞു. നോമ്പിലൂടെ പട്ടിണിയുടെ രുചി നാം അനുഭവിക്കുന്നുണ്ട്. പെരുന്നാളാഘോഷം പട്ടിണിയും ദാരിദ്ര്യവുമനുഭവിക്കുന്ന സിറിയയടക്കമുള്ള രാജ്യങ്ങളിലെ കുഞ്ഞുങ്ങളെയും പാവങ്ങളെയും മറന്നു കൊണ്ടാവരുത്. നീതിയുടെയും സഹജീവികളോടുള്ള മാനുഷിക പരിഗണനയുടെയും കരുത്താണ് റമസാന്‍ നമുക്ക് നല്‍കിയത്. കാലവര്‍ഷക്കെടുതിയില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന മനുഷ്യര്‍ക്ക് വേണ്ട സഹായങ്ങളെല്ലാം ചെയ്യാന്‍ എസ് വൈ എസിന്റെ സ്വാന്തനം പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു.

Latest