Connect with us

International

ട്രംപ് ഉന്‍ കൂടിക്കാഴ്ചക്ക് വിജയകരമായ സമാപനം: സമാധാനത്തിനും സുസ്ഥിരതക്കും സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് സംയുക്ത പ്രസ്താവന

Published

|

Last Updated

ഉച്ചഭക്ഷണത്തിന് ശേഷം ഇരു നേതാക്കളും നടക്കാനിറങ്ങിയപ്പോള്‍

സിംഗപ്പൂര്‍ സിറ്റി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചക്ക് സമാപനം. ഇരു രാജ്യങ്ങളും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയോടെയാണ് കൂടിക്കാഴ്ചക്ക് സമാപനമായത്.

സംയുക്ത പ്രസ്താവനയിലെ പ്രധാന ഭാഗങ്ങള്‍:
സമാധാനത്തിനും സുസ്ഥിരതക്കും വേണ്ടിയുള്ള ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ ആഗ്രഹത്തിനോടും താത്പര്യത്തിനോടും യോജിച്ചുകൊണ്ട് അമേരിക്കയും ഉത്തര കൊറിയയും നല്ല ബന്ധത്തിന്റെ പാതയിലേക്ക് ചുവടുവെക്കും.

കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ സുസ്ഥിരമായതും സമാധാനപൂര്‍ണവുമായ ഭരണം സ്ഥാപിക്കുന്നതില്‍ അമേരിക്കയും ഉത്തര കൊറിയയും സംയുക്തമായി ശ്രമങ്ങള്‍ നടത്തും.

2018 ഏപ്രിലില്‍ ഉത്തര കൊറിയ നടത്തിയ ആണവനിരായുധീകരണ പ്രഖ്യാപനത്തിന് ശക്തിപകരുന്ന വിധത്തില്‍, കൊറിയന്‍ ഉപഭൂഖണ്ഡത്തെ പൂര്‍ണമായും ആണവവിമുക്തമാക്കാനുള്ള ശ്രമങ്ങള്‍ ഉത്തര കൊറിയ സ്വീകരിക്കും.

ഇപ്പോള്‍ നടന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയെന്ന നിലയിലും ഇരു നേതാക്കളുടെയും കൂടിക്കാഴ്ചയുടെ വിജയം ഉറപ്പിക്കുക എന്ന അര്‍ഥത്തിലും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയുടെയും ഉത്തര കൊറിയയുടെ ഉന്നത നേതാക്കളുടെയും നേതൃത്വത്തില്‍ സാധ്യമാകുന്ന ഏറ്റവും അടുത്ത തീയതിയില്‍ വീണ്ടും ചര്‍ച്ചകള്‍ നടത്തും.

ഉത്തര കൊറിയയും അമേരിക്കയും തമ്മിലുള്ള പുതിയ സഹകരണപാത വികസിപ്പിക്കാന്‍ ഇരു നേതാക്കളും പ്രതിജ്ഞാബദ്ധമാകുന്നതോടൊപ്പം കൊറിയന്‍ മേഖലയുടെ സമാധാനം, സുസ്ഥിരത, വളര്‍ച്ച, സുരക്ഷ എന്നിവ ശക്തമാക്കുന്ന വിഷയത്തിലും സഹകരിച്ച് പ്രവര്‍ത്തിക്കും.

വിവാദങ്ങളിലേറി ഉ. കൊറിയയുടെ ആണവ ചരിത്രം

സിയോള്‍: 1950കളിലും 60കളിലും ഉത്തര കൊറിയ സോവിയറ്റ് യൂനിയന്റെ സഹായത്തോടെ ആണവ സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നു.

1970കളില്‍ ഈജിപ്തില്‍ നിന്നെത്തിയ ഉപകരണങ്ങളുടെ സഹായത്തോടെ ഉത്തര കൊറിയ സ്വന്തമായി മിസൈല്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചു. 2003ല്‍ ഉത്തര കൊറിയ ആണവനിരായുധീകരണ കരാറില്‍ നിന്ന് പിന്മാറുന്നു. ഈ സമയത്ത് ആണവ കൊറിയ ആണവായുധങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്.

2005ല്‍ ആണവായുധങ്ങള്‍ പൂര്‍ണമായും ഉപേക്ഷിക്കാമെന്ന കരാറില്‍ ഉത്തര കൊറിയയെത്തുന്നു. പകരമായി ഉത്തര കൊറിയക്ക് സഹായം നല്‍കുമെന്ന ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം. പക്ഷേ, ഈ കരാര്‍ വളരെ വേഗം പൊളിയുകയായിരുന്നു. 2006ല്‍ ഉത്തര കൊറിയ, ആദ്യമായി തങ്ങള്‍ വിജയകരമായി അണുബോംബ് പരീക്ഷണം നടത്തിയതായി പ്രഖ്യാപിക്കുന്നു.

പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം 2016ല്‍ ആദ്യമായി ഹൈഡ്രജന്‍ ബോംബ് വിജയകരമായി പരീക്ഷിച്ചതായും ഉത്തര കൊറിയ ലോകത്തെ അറിയിച്ചു. എന്നാല്‍ ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തെ സംബന്ധിച്ച് ഇപ്പോഴും മറ്റു ലോക രാജ്യങ്ങള്‍ ഉറപ്പ് പറയുന്നില്ല.

2017ല്‍ അമേരിക്കയെ ആക്രമിക്കാവുന്ന ശക്തമായ മിസൈലുകള്‍ വികസിപ്പിച്ചതായി പ്രഖ്യാപിക്കുന്നു. അതേവര്‍ഷം സെപ്തംബറില്‍ ഉത്തര കൊറിയ ആറാമത്തെ ആണവ പരീക്ഷണം കൂടി നടത്തുന്നു. മിസൈലുകളില്‍ വിക്ഷേപിക്കാവുന്ന ഹൈഡ്രജന്‍ ബോംബാണ് വിജയകരമായി പരീക്ഷിച്ചതെന്നും ഉത്തര കൊറിയ പ്രഖ്യാപിക്കുന്നു.

ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ ഉത്തര കൊറിയക്കെതിരെ ആഗോള തലത്തില്‍ വലിയ ആക്ഷേപം വിളിച്ചുവരുത്തുകയും സാമ്പത്തികമായി ശക്തമായ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ ലോക രാഷ്ട്രങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തു.

ഉന്നിനെ പുകഴ്ത്തി ദക്ഷിണ കൊറിയ

സിയോള്‍: ട്രംപുമായി കിം ജോംഗ് ഉന്‍ നടത്തിയ കൂടിക്കാഴ്ചയെ വാനോളം പുകഴ്ത്തി ദക്ഷിണ കൊറിയന്‍ നേതാവ് മൂണ്‍ ജെ ഇന്‍. ഉത്തര കൊറിയയുമായി പുതിയ ചരിത്രം രചിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണ്. സഹകരണത്തിന്റെയും സമാധാനത്തിന്റെയും പുതിയൊരധ്യായമാണ് കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ തുടക്കം കുറിച്ചിരിക്കുന്നത്. കറുത്ത ദിനങ്ങളും യുദ്ധത്തിന്റെ ഭീതി നിറഞ്ഞ ദിവസങ്ങളും തങ്ങള്‍ ഇന്നലെകളില്‍ ഉപേക്ഷിക്കുകയാണ്. എല്ലാ സമയത്തും എല്ലാ കാലത്തും രാജ്യം ഉത്തര കൊറിയക്കൊപ്പം സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും മൂണ്‍ വ്യക്തമാക്കി.

കരാര്‍ ഫലപ്രദമാകുമോ?

സിംഗപ്പൂര്‍ സിറ്റി: ഉത്തര കൊറിയയും അമേരിക്കയും സിംഗപ്പൂരില്‍ വെച്ച് ധാരണയിലെത്തിയ കരാറിന്റെ വിജയ സാധ്യതകളെ കുറിച്ച് രണ്ട് അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. നേരത്തെ നടന്ന ആണവനിരായുധീകരണ കരാറുകളില്‍ സംഭവിച്ച പിഴവുകള്‍ എല്ലാം ഇപ്പോഴത്തെ കരാറിലും സംഭവിച്ചിട്ടുണ്ടെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. മറ്റൊരു വിഭാഗം വാദിക്കുന്നത്, പതിറ്റാണ്ടുകളായി ഇരു രാജ്യങ്ങളുടെയും ഇടയില്‍ നിലനിന്നിരുന്ന ശത്രുതക്കും പ്രകോപനപരമായ മുന്നറിയിപ്പുകള്‍ക്കും അറുതിവരുത്താന്‍ ഈ കരാറിന് സാധിക്കുമെന്നാണ്. ചരിത്രപരമായ ഒരു ചുവടുവെപ്പ് ഇരു രാജ്യങ്ങളുടെയും നേതാക്കള്‍ സ്വീകരിച്ചെന്നും ഈ വിഭാഗം വാദിക്കുന്നു. കരാറില്‍ ഒപ്പുവെച്ചെങ്കിലും സുപ്രധാനമായ ചുവടുവെപ്പുകള്‍ ഇനിയും അനിവാര്യമാണെന്നും മുന്നോട്ടുപോകുമ്പോള്‍ തടസ്സങ്ങള്‍ ഇിനിയുമേറെ ഉണ്ടാകാമെന്നുമാണ് സിംഗപ്പൂര്‍ യൂനിവേഴ്‌സിറ്റിയിലെ നിയമവിഭാഗം പ്രൊഫസറായ ഊഗിന്‍ ടാന്റെ അഭിപ്രായം.

ഉച്ചകോടിയെ തുടര്‍ന്ന് ഇരു വിഭാഗത്തിന്റെയും നേട്ടമെന്തായിരിക്കുമെന്ന കാര്യം ഇനിയും വ്യക്തമല്ല. അതേസമയം, ഈ കൂടിക്കാഴ്ച ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വിശ്വാസ്യത വര്‍ധിപ്പിക്കാനും ശത്രുത കുറക്കാനും ഇടവരുത്തിയതായി മറ്റൊരു ഗവേഷകന്‍ ജ്യോഫറി സീ പറയുന്നു.

ഇരുവരും ചര്‍ച്ച നടത്തിയത് ആറ് മണിക്കൂര്‍

സിംഗപ്പൂര്‍ സിറ്റി: സിംഗപ്പൂര്‍ പ്രാദേശിക സമയം രാവിലെ കൃത്യം ഒമ്പത് മണിക്കാണ് കിം ജോംഗ് ഉന്നും ട്രംപും തമ്മിലുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. അഞ്ച് മണിക്കൂര്‍ നീണ്ടുനിന്ന കൂടിക്കാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് സമാപിക്കുകയും ചെയ്തു. കൂടിക്കാഴ്ചക്കിടെ ഇരുവരും ഹസ്തദാനം ചെയ്യുകയും പരസ്പരം പുഞ്ചിരിക്കുകയും ചെയ്തു. കൂടിക്കാഴ്ച ആരംഭിക്കുന്നതിന് മുമ്പ് ഇരു നേതാക്കളും കുറച്ചുസമയം മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ചു. ഇതിന് ശേഷമാണ് ഇരുവരും സ്വകാര്യ റൂമിലേക്ക് ചര്‍ച്ചകള്‍ക്കായി നീങ്ങിയത്. രണ്ടുപേര്‍ക്കുമൊപ്പം ആകെയുണ്ടായിരുന്നത് ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള രണ്ട് സഹായികള്‍ മാത്രം. ഇതിന് ശേഷം ആറ് മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ച. ചര്‍ച്ച അവസാനിച്ചപ്പോള്‍ രണ്ട് പേരും ഉച്ചഭക്ഷണത്തിനൊരുങ്ങുകയും ചെയ്തു.

പഴയതൊക്കെ മറക്കുന്നു: കിം
പ്രതീക്ഷിച്ചതിലേറെ വിജയം: ട്രംപ്

സിംഗപ്പൂര്‍ സിറ്റി: ഉത്തര കൊറിയക്കും അമേരിക്കക്കും ഇടയില്‍ ചരിത്രപരമായ ആ കൂടിക്കാഴ്ച സംഭവിച്ചെന്നും കഴിഞ്ഞതൊക്കെ ഭൂതകാലത്ത് തന്നെ ഉപേക്ഷിക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചതായും ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍. ഇരു നേതാക്കളും തമ്മില്‍ ഉടമ്പടിയില്‍ ഒപ്പിടുന്ന സമയത്തായിരുന്നു കിമ്മിന്റെ പ്രസ്താവന. ഈ കൂടിക്കാഴ്ചക്കായി നിരവധി പണിയെടുത്തതായും ഏറെ ഒരുക്കങ്ങള്‍ നടന്നതായും ട്രംപ് ഇതിന് ശേഷം വ്യക്തമാക്കി. പ്രതീക്ഷിച്ചതിലേറെ വിജയകരമായാണ് കൂടിക്കാഴ്ച സംഭവിച്ചതെന്നും ആരും ഇത്രയും വലിയ മുന്നേറ്റം പ്രതീക്ഷിച്ചിരുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

കരാറിലൊപ്പുവെച്ച ശേഷം ഇരു നേതാക്കളും തമ്മില്‍ അവസാന യാത്രപറയാന്‍ ഹോട്ടല്‍ വരാന്തയില്‍ നില്‍ക്കുന്നതിനിടെ, ഇനിയും നമ്മള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുമെന്നും നിരവധി തവണ കണ്ടുമുട്ടേണ്ടിവരുമെന്നും ട്രംപ് കിമ്മിനോട് പറഞ്ഞു.

സൈനിക സഹകരണം;
വിശദീകരണം തേടി ദ. കൊറിയ

സിയോള്‍: ദക്ഷിണ കൊറിയയും അമേരിക്കയും നടത്തിവന്നിരുന്ന സംയുക്ത സൈനിക സഹകരണം അവസാനിപ്പിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് വ്യക്തമായ വിശദീകരണം ആവശ്യമാണെന്ന് ദക്ഷിണ കൊറിയ. ദക്ഷിണ കൊറിയയുമായുള്ള സംയുക്ത സൈനികാഭ്യാസം അവസാനിപ്പിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തില്‍ വ്യക്തത അനിവാര്യമാണെന്ന് ദക്ഷിണ കൊറിയയുടെ പ്രസിഡന്റിന്റെ ഓഫീസ് വ്യക്തമാക്കി. അതേസമയം, ദക്ഷിണ കൊറിയയിലെ അമേരിക്കന്‍ സൈനികര്‍ക്ക് അമേരിക്കയുടെ ഭാഗത്തുനിന്ന് പ്രത്യേകിച്ചൊരു നിര്‍ദേശവും ഇതുവരെ ലഭിച്ചിട്ടുമില്ല. ഇതുവരെ തുടര്‍ന്നുവന്നത് പ്രകാരം, ദക്ഷിണ കൊറിയയുമായുള്ള സൈനിക സഹകരണം തുടരുമെന്നും അമേരിക്കന്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് പ്രത്യേക നിര്‍ദേശം ലഭിച്ചാല്‍ പിന്നീട് അതനുസരിച്ച് മുന്നോട്ടുപോകുമെന്നും ലഫ്റ്റനന്റ് കേണല്‍ ജെന്നിഫര്‍ ലോവെട്ട് പറഞ്ഞു.

Latest