ഹൂബറ പക്ഷികളെ താലോലിച്ച് ശൈഖ് മുഹമ്മദും ശൈഖ് ഹംദാനും

Posted on: June 12, 2018 9:04 pm | Last updated: June 12, 2018 at 9:04 pm
SHARE
വീഡിയോയില്‍ നിന്നുള്ള ദൃശ്യം

ദുബൈ: ഹൂബറ പക്ഷികളെ താലോലിക്കുന്ന യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെയും ദുബൈ കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. ഇരുവരുടെയും കൈകളിലും തലയിലുമിരിക്കുകയും പാറിക്കളിക്കന്നതുമാണ് വീഡിയോയിലുള്ളത്.

ശൈഖ് ഹംദാന്‍ ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്ത വിഡിയോ ഏഴ് ലക്ഷത്തോളം പേരാണ് കണ്ടത്. ‘സുബ്ഹാനല്ലാഹ് (ദൈവത്തിന് സ്തുതി)’ എന്ന തലക്കെട്ടിലായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്. ശൈഖ് ഹംദാന്റെ കയ്യില്‍ നിന്ന് ഹൂബറ പറക്കുന്നതോടെയാണ് വിഡിയോ ആരംഭിക്കുന്നത്. പിന്നീടത് ശൈഖ് മുഹമ്മദിന്റെ തലയിലേക്ക് പറന്നിരിക്കുന്നതും ദൃശ്യത്തിലുണ്ട്.

വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ ചെറിയ പക്ഷികളുടെ സംരക്ഷണത്തിന് യു എ ഇ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നിര്‍മാണം നടക്കുന്ന സ്ഥലത്ത് മുട്ടയിടുന്ന ഹൂബറ പക്ഷികള്‍ക്കായി നിര്‍മാണ പ്രവര്‍ത്തനം നീട്ടിവെക്കാനുള്ള ശൈഖ് മുഹമ്മദിന്റെ ഉത്തരവ് ലോക ശ്രദ്ധ നേടിയിരുന്നു.