സല്‍മാന്‍ഖാന്‍ ബിഷ്‌ണോയി ഗ്രൂപ്പിന്റെ ഹിറ്റ്‌ലിസ്റ്റില്‍: ഹരിയാന പോലീസ്

Posted on: June 10, 2018 1:18 pm | Last updated: June 10, 2018 at 1:18 pm
SHARE

മുംബൈ: ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാന്‍ കുപ്രിസിദ്ധ ഗുണ്ടയായ ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്നും നടനെ അക്രമിക്കാനായി പദ്ധതി തയ്യാറാക്കാന്‍ ഷാര്‍പ്പ്ഷൂട്ടറായ സമ്പത് നെഹ്‌റയെ അയച്ചിരിക്കുകയാണെന്നും ഹരിയാന പോലീസ്. ബുധനാഴ്ച ഹൈദ്രാബാദില്‍വെച്ച് ഹരിയാന പോലീസിലെ പ്രത്യേക സംഘം നെഹ്‌റയെ പിടികൂടിയിരുന്നു.

മാനിനെ വെടിവെച്ച് കൊന്ന കേസില്‍ നടനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ലോറന്‍സ് ബിഷേണോയിയുടെ നിര്‍ദേശാനുസരണമാണ് നെഹ്‌റ പ്രവര്‍ത്തിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. ആക്രമണത്തിനായി മെയ് ആദ്യ വാരം നെഹ്‌റ നിരീക്ഷണം നടത്തിയിരുന്നു. തുടര്‍ന്ന് മുംബൈയില്‍വെച്ച് അവസാനവട്ട ഒരുക്കങ്ങള്‍ നടത്തി. നടനെ ആക്രമിച്ച ശേഷം വിദേശത്തേക്ക് കടക്കാനായിരുന്നു നെഹ്‌റയുടെ പദ്ധതി. ആരാധകരെ കാണാനായി നടന്‍ വീടിന്റെ ബാല്‍ക്കണിയില്‍ എത്തുമ്പോള്‍ വധിക്കാനായിരുന്നു പദ്ധതി. ഇതിനായി വീടിന്റെ കുറച്ച് ഫോട്ടോകളും നെഹ്‌റ എടുത്തതായി ഹരിയാന ഡിഐജി സതീഷ് ബാലന്‍ പറഞ്ഞു.

നിരവധി കൊലപാതകള്‍, തട്ടിപ്പറി, മോഷണങ്ങള്‍ എന്നിവയില്‍ പ്രതിയാണ് നെഹ്‌റ. ജോധ്പൂരില്‍ സിനിമ ഷൂട്ടിങ്ങിനിടെ മാനിനെ വേട്ടയാടിയ കേസില്‍ 52കരാനായ സല്‍മാന്‍ ഖാനെ കോടതി അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. രണ്ട് ദിവസം ജോധ്പൂര്‍ ജയിലില്‍ കിടന്ന സല്‍മാന്‍ ജാമ്യം നേടി പുറത്തിറങ്ങുകയായിരുന്നു.