തനിക്കെതിരെ ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിച്ചു: പിജെ കുര്യന്‍

Posted on: June 9, 2018 4:33 pm | Last updated: June 9, 2018 at 9:40 pm
SHARE

തിരുവല്ല: രാജ്യസഭാ സീറ്റ് വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിയെ കടന്നാക്രമിച്ച് പിജെ കുര്യന്‍. രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയത് ഉമ്മന്‍ ചാണ്ടിയുടെ സ്വകാര്യ അജണ്ടയാണെന്നും തന്റെ രാഷ്ട്രീയ ജീവിതം ആര്‍ക്കും അവസാന ിപ്പിക്കാനാകില്ലെന്നും കുര്യന്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടി തന്നെ സഹായിച്ചുവെന്ന് പറയുന്നത് സത്യമല്ല. തനിക്ക് സീറ്റ് തരാന്‍ ഇടപെട്ടുവെന്നാണ് പറയുന്നത്. എന്നാല്‍ അന്ന് എകെ ആന്റണി ക്യത്യമായ നിലപാട് എടുത്തപ്പോള്‍ ഉമ്മന്‍ ചാണ്ടി കൂടെ നില്‍ക്കുകമാത്രമാണുണ്ടായത്. 2012ലും ഉമ്മന്‍ ചാണ്ടി തന്നെ സഹായിച്ചിട്ടില്ല. പാര്‍ട്ടി ദേശീയ നേത്യത്വമാണ് അന്നും തുടര്‍ന്നും തന്നെ സഹായിച്ചത്. തന്റെ സീറ്റ് ഇല്ലാതാക്കാനാണ് ഇത്തവണ യുവ നേതാക്കളെ ഉപയോഗിച്ച് തന്നെ അപമാനിച്ചത്. എന്നിട്ട് സീറ്റ് സ്വര്‍ണത്തളികയില്‍വെച്ച് കേരള കോണ്‍ഗ്രസിന് നല്‍കുകയും ചെയ്തു. സീറ്റ് നല്‍കുന്ന കാര്യം തന്നോട് ഫോണില്‍ പോലും പറയാന്‍ ഉമ്മന്‍ ചാണ്ടി തയ്യിറായിട്ടില്ലെന്നും കുര്യന്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടി തന്നെ ദ്രോഹിക്കുന്നതിനുള്ള കാര്ണം അദ്ദേഹത്തോട് തന്നെ ചോദിക്കണം. ദേശീയ നേത്യത്വം താന്‍ വരണമെന്നാണ് ആഗ്രഹിച്ചത്. പക്ഷെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ ഉമ്മന്‍ ചാണ്ടി തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും കുര്യന്‍ ആരോപിച്ചു.