Connect with us

International

ഫലസ്തീന് വേണ്ടി യു എന്‍ രക്ഷാസമിതിയില്‍ പ്രമേയം: കുവൈത്തിനെ അമേരിക്ക അതൃപ്തി അറിയിച്ചു

Published

|

Last Updated

കുവൈത്ത് സിറ്റി: ഫലസ്തീന്‍ വിഷയത്തില്‍ കുവൈത്ത് സ്വീകരിച്ച നിലപാടില്‍ അമേരിക്കക്ക് അമര്‍ഷം. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകനും വൈറ്റ് ഹൗസ് ഉപദേശകനുമായ ജാറെഡ് കുഷ്‌നര്‍ അമേരിക്കയിലെ കുവൈത്ത് അംബാസിഡറെ കാണുകയും ഫലസ്തീന്‍ വിഷയത്തില്‍ ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയില്‍ കുവൈത്ത് സ്വീകരിച്ച നിലപാടില്‍ നിരാശ അറിയിക്കുകയും ചെയ്തതായി അല്‍റായ് പത്രം റിപ്പോര്‍ട്ട് ചെയ്തു. രക്ഷാസമിതിയില്‍ കുവൈത്ത് അവതരിപ്പിച്ച ഫലസ്തീന്‍ അനുകൂലവും ഇസ്‌റാഈല്‍ വിരുദ്ധവുമായി പ്രമേയമാണ് അമേരിക്കയെ ചൊടിപ്പിച്ചിരിക്കുന്നത്. അമേരിക്കന്‍ ഭരണകൂടത്തിന്റെ ഈ വിഷയത്തിലുള്ള അതൃപ്തിയാണ് ജാരെഡ് കുഷ്‌നറിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

അന്താരാഷ്ട്ര തലത്തില്‍ ഫലസ്തീനികളുടെ സുരക്ഷക്കായി പദ്ധതി തയ്യാറാക്കണമെന്ന് കുവൈത്ത് രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാസം അവസാനം ഗാസ അതിര്‍ത്തിയില്‍ പ്രതിഷേധത്തിലേര്‍പ്പെട്ട നിരപരാധികളായ 62 ഫലസ്തീനികളെ ഇസ്‌റാഈല്‍ സൈന്യം വെടിവെച്ചു കൊന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കുവൈത്ത് രക്ഷാസമിതിയില്‍ പ്രമേയം അവതരിപ്പിച്ചിരുന്നത്. റഷ്യയും ഫ്രാന്‍സും ഉള്‍പ്പെടെ പത്ത് പ്രമുഖ രാജ്യങ്ങള്‍ പ്രമേയത്തെ പിന്താങ്ങി വോട്ട് രേഖപ്പെടുത്തിയിരുന്നു.

Latest