ഭക്തി സാഗരമായി ഹറമുകള്‍

Posted on: June 9, 2018 6:17 am | Last updated: June 9, 2018 at 12:20 am
SHARE
പരിശുദ്ധ റമസാനിലെ മൂന്നാമത്തെ വെള്ളിയാഴ്ചയായ ഇന്നലെ നിറഞ്ഞുകവിഞ്ഞ മസ്ജിദുല്‍ ഹറം

മക്ക: വിശുദ്ധ റമസാനിലെ മൂന്നാമത്തെ വെള്ളിയാഴ്ചയില്‍ ഇരു ഹറമുകളും വിശ്വാസികളെ കൊണ്ട് നിറഞ്ഞു. റമസാനിലെ അവസാന വെള്ളിയാഴ്ചയാകാനിടയുള്ളതിനാല്‍ വ്യാഴാഴ്ച മഗ്‌രിബിന് മുമ്പ് തന്നെ ഇരു ഹറമുകളിലേക്കും വിശ്വാസികളുടെ ഒഴുക്ക് തുടങ്ങിയിരുന്നു. തിരക്ക് കാരണം രാവിലെ തന്നെ മസ്ജിദുല്‍ ഹറമില്‍ മതാഫിലേക്കുള്ള എല്ലാവഴികളും അടച്ചിരുന്നു. ഇതോടെ ജുമുഅ നിസ്‌കാരത്തിന് എത്തിയവരുടെ നിര മസ്ജിദുകളുടെ മുറ്റത്തിന് പുറത്തേക്കും നീണ്ടു.

ഇരു ഹറമുകളിലും ഇത്തവണ ലക്ഷങ്ങളാണ് ജുമുഅ നിസ്‌കാരത്തില്‍ പങ്കെടുക്കാനെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിദേശത്ത് നിന്നുള്ള ഉംറ തീര്‍ഥാടകരും സഊദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരുടെയും എണ്ണത്തിലുള്ള വര്‍ധനവാണ് ഇരുഹറമുകളിലും തിരക്ക് കൂടാന്‍ കാരണം.

ഒരേ സമയം പതിനായിരം പേര്‍ക്ക് ഇഅ്തികാഫ് ഇരിക്കാനുള്ള സംവിധാനമാണ് മസ്ജിദുന്നബവിയില്‍ ഒരുക്കിയത്. ഇഅ്തികാഫ് ഇരിക്കുന്നതിന് ഇത്തവണ മദീന ഗവര്‍ണറുടെ നിര്‍ദേശപ്രകാരം പള്ളിയുടെ മുകളിലെ നിലയിലാണ് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയത്. മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് ഇഅ്തിഖാഫിനുള്ള അനുമതി നല്‍കിയത്. പള്ളിയുടെ താഴെ നിലയില്‍ മുഴുവന്‍ സമയവും നിസ്‌കാരങ്ങള്‍ക്ക് മാത്രമായാണ് സംവിധാനിച്ചത്.

തീര്‍ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് ഇരു ഹറമുകളിലും കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഡ്രോണുകള്‍ ഉപയോഗിച്ചാണ് ഇവിടെ സുരക്ഷാ നിരീക്ഷണം നടന്നത് 2,500 ക്യാമറകളും സംവിധാനിച്ചിരുന്നു.

മസ്ജിദുല്‍ ഹറമിലെ ജുമുഅ ഖുതുബക്കും നിസ്‌കാരത്തിനും ശൈഖ് ഡോ. അബ്ദുര്‍ റഹ്മാന്‍ അല്‍സുദൈസും മസ്ജിദുന്നബവിയില്‍ നടന്ന ജുമുഅ ഖുതുബക്കും നമസ്‌കാരത്തിനും ശൈഖ് ഡോ. അലി ബിന്‍ അബ്ദുര്‍ റഹ്മാന്‍ അല്‍ ഹുദൈഫിയും നേതൃത്വം നല്‍കി.

ചൂട് കൂടിയതോടെ ഈ വര്‍ഷം തീര്‍ഥാടകര്‍ക്ക് ആശ്വാസം പകര്‍ന്ന് ഹറമില്‍ 600 വാട്ടര്‍സ്‌പ്രേ ഫാനുകളും, അവശരായ തീര്‍ഥാടകര്‍ക്ക് സൗജന്യ നിരക്കില്‍ എണ്ണായിരത്തി എഴുനൂറ് ഇലക്‌ട്രോണിക് വീല്‍ചെയറുകളും ഹറം കാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുണ്ട്, വീല്‍ചെയറുകള്‍ വിതരണം ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനുമായി 209 പേരെയും നിയമിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here