Connect with us

Kerala

നിപ്പാ: വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച ജന്മഭൂമിക്കെതിരെ കേസ്

Published

|

Last Updated

പേരാമ്പ്ര: നിപ്പാ വൈറസ് ബാധ സംബന്ധിച്ച് തെറ്റിദ്ധാരണ ജനകവും അടിസ്ഥാനരഹിതവുമായ വാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്ന പരാതിയില്‍ കോടതി നിര്‍ദേശ പ്രകാരം പെരുവണ്ണാമൂഴി പോലീസ് കേസെടുത്തു. വാര്‍ത്ത തയ്യാറാക്കിയ ജന്മഭൂമി ദിനപത്രം റിപ്പോര്‍ട്ടര്‍, ചീഫ് എഡിറ്റര്‍ എന്നിവരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

നിപ്പാ ബാധിച്ച് മരണപ്പെട്ട സാബിത്ത്, സ്വാലിഹ് എന്നിവരുടെ മാതാവും സൂപ്പിയുടെ ഭാര്യയുമായ പന്തിരിക്കര വളച്ചുകെട്ടിയില്‍ മറിയം റൂറല്‍ എസ് പിക്ക് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. കഴിഞ്ഞ മാസം 25ാം തീയതിയിലെ ജന്മഭൂമി ദിനപത്രത്തില്‍ ഒന്നാം പേജിലാണ് നിപ്പാ എത്തിയത് മലേഷ്യയില്‍ നിന്ന് എന്ന വാര്‍ത്ത വന്നത്.

പരാതിക്കാരിയുടെ മകന്‍ നിപ്പാ വൈറസ് മലേഷ്യയില്‍ നിന്നും കൊണ്ടുവന്നതാണെന്നുമുള്ള അടിസ്ഥാനമില്ലാത്ത വാര്‍ത്ത നല്‍കി തന്നെയും കുടുംബത്തെയും സമൂഹത്തില്‍ അപകീര്‍ത്തിപെടുത്തിയെന്ന് കാണിച്ചാണ് മറിയം റൂറല്‍ എസ് പിക്ക് പരാതി നല്‍കിയത്. പരാതി പോലീസ് പേരാമ്പ്ര കോടതി മുമ്പാകെ സമര്‍പ്പിക്കുകയും കോടതിയുടെ അനുമതിയോടെ കേസെടുക്കുകയായിരുന്നു.

Latest