കര്‍ണാടകയില്‍ 25 അംഗ മന്ത്രിസഭ

Posted on: June 7, 2018 6:06 am | Last updated: June 6, 2018 at 11:07 pm
കര്‍ണാടകയില്‍ അധികാരമേറ്റ ശേഷം മന്ത്രിസഭാ അംഗങ്ങള്‍

ബെംഗളൂരു: എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്- ജെ ഡി എസ് സര്‍ക്കാറില്‍ 25 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ആദ്യഘട്ട മന്ത്രിസഭാ വികസനമാണ് ഇന്നലെ നടന്നത്. കോണ്‍ഗ്രസില്‍ നിന്ന് 14 പേരും ജെ ഡി എസില്‍ നിന്ന് ഒമ്പത് പേരുമാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇവരെ കൂടാതെ ഒരു ബി എസ് പി അംഗവും സ്വതന്ത്രാംഗവും മന്ത്രിസഭയിലുണ്ട്. ഉച്ചക്ക് രണ്ടിന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വജുഭായ് വാലെ സത്യവാചകം ചൊല്ലിക്കൊടുത്തു.

മുഖ്യമന്ത്രിയുടെ സഹോദരനും ജനതാദള്‍- എസ് നേതാവുമായ എച്ച് ഡി രേവണ്ണയാണ് ഗവര്‍ണര്‍ മുമ്പാകെ ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. കോണ്‍ഗ്രസില്‍ നിന്ന് ഡി കെ ശിവകുമാര്‍, ആര്‍ വി ദേശ്പാണ്ഡെ, കെ ജെ ജോര്‍ജ്, കൃഷ്ണ ബൈരഗൗഡ, എന്‍ എച്ച് ശിവശങ്കര്‍ റെഡ്ഢി, രമേഷ് ജാര്‍ക്കഹോളി, പ്രിയങ്ക ഖാര്‍ഗെ, യു ടി ഖാദര്‍, സമീര്‍ അഹമ്മദ് ഖാന്‍, ജയ്മാല രാമചന്ദ്ര, ശിവാനന്ദ് പാട്ടീല്‍, വെങ്കിട്ടരമണപ്പ, രാജശേഖര്‍ ബസവരാജ് പാട്ടീല്‍, സി പുട്ടരംഗ ഷെട്ടി എന്നിവരും ജെ ഡി എസില്‍ നിന്ന് എച്ച് ഡി രേവണ്ണ, ബണ്ടപ്പ കാശെംപുര്‍, ജി ടി ദേവഗൗഡ, ഡി സി തമ്മണ്ണ, എസ് ആര്‍ ശ്രീനിവാസ്, സി എസ് പുട്ടരാജു, എസ് ആര്‍ മഹേഷ്, എം സി മനഗൂളി, വെങ്കിട നാഡ ഗൗഡ എന്നിവരും സത്യപ്രതിജ്ഞ ചെയ്തവരില്‍ പെടുന്നു.

ഇതാദ്യമായാണ് ബി എസ് പിയില്‍ നിന്ന് ഒരംഗം മന്ത്രിയാവുന്നത്. കൊല്ലെഗല്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച എന്‍ മഹേഷാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. റാണിബെന്നൂരിലെ സ്വതന്ത്രാംഗം ആര്‍ ശങ്കറിനും മന്ത്രിസഭയില്‍ ഇടം ലഭിച്ചു. മന്ത്രിസഭയിലെ ഏക വനിതാ അംഗമാണ് കന്നഡ ചലച്ചിത്ര നടി കൂടിയായ ജയ്മാല രാമചന്ദ്ര. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി നേരത്തെ വിവാദത്തിലായ നടിയാണ് ജയ്മാല.
ജാതി സമവാക്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാണ് കോണ്‍ഗ്രസ് മന്ത്രിമാരെ നിശ്ചയിച്ചത്. ലിംഗായത്തില്‍ നിന്ന് നാല് പേരും വൊക്കലിഗയില്‍ നിന്ന് ഒമ്പത് പേരും എസ് സി- എസ് ടി വിഭാഗത്തില്‍ നിന്ന് നാല് പേരും മുസ്‌ലിം, ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് മൂന്ന് പേരും കുറുംബ സമുദായത്തില്‍ നിന്ന് രണ്ട് പേര്‍ക്കുമാണ് മന്ത്രിസഭയില്‍ ഇടം ലഭിച്ചത്.

മെയ് 23ന് മുഖ്യമന്ത്രിയായി എച്ച് ഡി കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി കെ പി സി സി അധ്യക്ഷന്‍ ഡോ. ജി പരമേശ്വരയും സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇവരുള്‍പ്പെടെ 27 അംഗ മന്ത്രിസഭയാണ് നിലവില്‍ വന്നത്. മന്ത്രിസഭയില്‍ ഇനി ഏഴ് പേരുടെ ഒഴിവുണ്ട്. ധാരണ പ്രകാരം 34 അംഗ മന്ത്രിസഭയില്‍ കോണ്‍ഗ്രസിന് 22 ഉം ജെ ഡി എസിന് 12 ഉം സ്ഥാനങ്ങളാണുള്ളത്. വിമത നീക്കം മുന്നില്‍ക്കണ്ടാണ് ഇരുപാര്‍ട്ടികളും ഏതാനും മന്ത്രിസ്ഥാനങ്ങള്‍ ഒഴിച്ചിട്ടിരിക്കുന്നത്. ഇന്നലെ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കുമെന്ന് ഉറപ്പായതോടെ എം എല്‍ എമാര്‍ ചേരി തിരിഞ്ഞ് യോഗം ചേര്‍ന്നിരുന്നു.

സര്‍ക്കാര്‍ രൂപവത്കരിച്ചിട്ടും മന്ത്രിസഭാ വികസനം നീളുന്നുവെന്ന പ്രതിപക്ഷ വിമര്‍ശം ശക്തമായ സാഹചര്യത്തിലാണ് മന്ത്രിമാരുടെ ലിസ്റ്റ് പൂര്‍ത്തിയാകും മുമ്പെ ആദ്യഘട്ട സത്യപ്രതിജ്ഞ നടന്നത്. ന്യൂഡല്‍ഹിയില്‍ കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ ദിവസം രാഹുലുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രിമാരെ നിശ്ചയിച്ചത്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ജി പരമേശ്വര, ദിനേശ് ഗുണ്ടു റാവു, ഡി കെ ശിവകുമാര്‍, കെ സി വേണുഗോപാല്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു.

മന്ത്രി പദവി സംബന്ധിച്ച് കോണ്‍ഗ്രസിലും ജെ ഡി എസിലും ചില തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതായാണ് വിവരം. കോണ്‍ഗ്രസിലെ ലിംഗായത്ത് നേതാക്കളായ എം ബി പാട്ടീല്‍, ബി ആര്‍ പാട്ടീല്‍, എം വൈ പാട്ടീല്‍ എന്നിവര്‍ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ അസംതൃപ്തരാണ്. നിയമ നിര്‍മാണ കൗണ്‍സില്‍ അംഗങ്ങളെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്താനുള്ള ജെ ഡി എസ് തീരുമാനത്തില്‍ മുതിര്‍ന്ന നേതാക്കള്‍ അസംതൃപ്തരാണ്. ഊര്‍ജം, പൊതുമരാമത്ത് വകുപ്പുകള്‍ വേണമെന്ന എച്ച് ഡി രേവണ്ണയുടെ നിലപാടും നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്.