ബേങ്ക് തട്ടിപ്പുകാരുടെ അച്ഛേദിന്‍

കള്ളപ്പണത്തിനും കള്ളനോട്ടിനുമെതിരെ പ്രചാരണം നടത്തി അധികാരത്തിലെത്തി നാലുവര്‍ഷം കഴിയുമ്പോള്‍ യു പി എ സര്‍ക്കാറിന്റെ കാലത്തുണ്ടായിരുന്നതിനേക്കാള്‍ 55,000 കോടി രൂപയുടെ ബേങ്ക് തട്ടിപ്പുകളാണ് രാജ്യത്ത് നടന്നിരിക്കുന്നത്. പാവപ്പെട്ടവന്റെ ചെറിയ ചെറിയ നിക്ഷേപങ്ങളുടെ മേല്‍ സര്‍വീസ് ചാര്‍ജും പിഴയുമെല്ലാം ചുമത്തി തടിച്ചുകൊഴുക്കുന്ന ബേങ്കുകള്‍ അതെല്ലാം വിരലിലെണ്ണാവുന്നവര്‍ക്ക് വീതിച്ചുകൊടുക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. യു പി എ സര്‍ക്കാറിന്റെ കാലത്ത് 22,000 കോടി രൂപയുടെ തട്ടിപ്പുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ മോദി സര്‍ക്കാര്‍ നാല് വര്‍ഷം പിന്നിടുമ്പോള്‍ തന്നെ 77,000 കോടി രൂപയിലെത്തിയിരിക്കുന്നു തട്ടിപ്പുകള്‍. ഇതില്‍ 68,000 കോടിയിലധികവും പൊതുമേഖലാ ബേങ്കുകളില്‍ നിന്നാണ് അടിച്ചുമാറ്റിയിരിക്കുന്നത്.
Posted on: June 7, 2018 6:00 am | Last updated: June 7, 2018 at 10:07 pm

ബേങ്ക് തട്ടിപ്പുകളുടെ കാര്യത്തില്‍ മോദി ഭരണകാലം ‘അതിവേഗം ബഹുദൂരം’ സഞ്ചരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കള്ളപ്പണത്തിനും കള്ളനോട്ടിനുമെതിരെ പ്രചാരണം നടത്തി അധികാരത്തിലെത്തി നാലുവര്‍ഷം കഴിയുമ്പോള്‍ യു പി എ സര്‍ക്കാറിന്റെ കാലത്തുണ്ടായിരുന്നതിനേക്കാള്‍ 55,000 കോടി രൂപയുടെ ബേങ്ക് തട്ടിപ്പുകളാണ് രാജ്യത്ത് നടന്നിരിക്കുന്നത്. പാവപ്പെട്ടവന്റെ ചെറിയ ചെറിയ നിക്ഷേപങ്ങളുടെ മേല്‍ സര്‍വീസ് ചാര്‍ജും പിഴയുമെല്ലാം ചുമത്തി തടിച്ചുകൊഴുക്കുന്ന ബേങ്കുകള്‍ അതെല്ലാം വിരലിലെണ്ണാവുന്നവര്‍ക്ക് വീതിച്ചുകൊടുക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. യു പി എ സര്‍ക്കാറിന്റെ കാലത്ത് 22,000 കോടി രൂപയുടെ തട്ടിപ്പുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ മോദി സര്‍ക്കാര്‍ നാല് വര്‍ഷം പിന്നിടുമ്പോള്‍ തന്നെ 77,000 കോടി രൂപയിലെത്തിയിരിക്കുന്നു തട്ടിപ്പുകള്‍. ഇതില്‍ 68,000 കോടിയിലധികവും പൊതുമേഖലാ ബേങ്കുകളില്‍ നിന്നാണ് അടിച്ചുമാറ്റിയിരിക്കുന്നത്. സാമ്പത്തിക വിദഗ്ധനായ പ്രസന്‍ജിത്ത് ബോസ് സമര്‍പ്പിച്ച വിവരാവകാശ അപേക്ഷക്ക് നല്‍കിയ മറുപടിയിലാണ് ആര്‍ ബി ഐ ഈ കോടികളുടെ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.

രാജ്യത്തെ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കാന്‍ കഴിയുന്നില്ലെന്ന് മാത്രമല്ല, സ്വന്തം സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ആവശ്യവും പരിഗണിക്കാന്‍ ഇത്തരം സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് കഴിയുന്നില്ലെന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യം കണ്ട ബേങ്ക് പണിമുടക്ക് തെളിയിക്കുന്നത്. രണ്ട് ദിവസം ബേങ്ക് ജീവനക്കാര്‍ പണിമുടക്കിയപ്പോള്‍ 20,000 കോടിയുടെ പണമിടപാടുകളാണ് രാജ്യത്ത് മുടങ്ങിയത്. ഇത്തരം സമരങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചയെ പിന്നോട്ടടിപ്പിക്കുമെന്നതില്‍ സംശയമില്ല. പൊതുമേഖലാ ബേങ്കുകളില്‍ കിട്ടാക്കടമായിരിക്കുന്നതെല്ലാം വെറും വിരലിലെണ്ണാവുന്ന ചില കോര്‍പറേറ്റ് ഭീമന്മാരില്‍മാത്രമാണ്. പണമെല്ലാം കോര്‍പറേറ്റുകളുടെ കീശയിലേക്ക് പോകുമ്പോള്‍തന്നെ ബേങ്ക് ജീവനക്കാരെ പോലും തൃപ്തിപ്പെടുത്താന്‍ കഴിയാത്ത വെറും നോക്കുകുത്തികളായി രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങള്‍ മാറുന്നത് അത്ര ശുഭകരമായ വസ്തുതയല്ല. ഇതിനെതിരെ ശക്തമായ നടപടികള്‍ സര്‍ക്കാറുകളുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെങ്കില്‍ രാജ്യം സാമ്പത്തികതകര്‍ച്ചയെ അഭിമുഖീകരിക്കേണ്ടിവരുമെന്നതിന് ലോകത്ത് നിരവധി തെളിവുകള്‍ നമ്മുടെ മുന്നിലുണ്ടെന്ന് ഓര്‍ക്കേണ്ടതുണ്ട്.

ഒരുഭാഗത്ത് പാവപ്പെട്ടവന് സര്‍വീസ് ചാര്‍ജും പിഴയും മറുഭാഗത്ത് ഒരു നിയന്ത്രണവുമില്ലാതെ കോര്‍പറേറ്റുകള്‍ക്ക് വായ്പയും ലോണുമായി കോടികള്‍ നല്‍കി കിട്ടാക്കടമാക്കുന്ന നടപടികളും. എങ്ങോട്ടാണ് നമ്മുടെ ബേങ്കിംഗ് രംഗം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്? ഈ സാമ്പത്തികവര്‍ഷം മാത്രം 25,775 കോടിയുടെ തട്ടിപ്പുകളാണ് രാജ്യത്തെ വിവിധ പൊതുമേഖലാ ബേങ്കുകളിലായി നടന്നിരിക്കുന്നത്. ഇതില്‍ ഏറ്റവും വലിയത് പഞ്ചാബ് നാഷനല്‍ ബേങ്കില്‍ നീരവ് മോദിയും കുടുംബവും നടത്തിയത് തന്നെ. 2014ല്‍ അധികാരത്തിലേറുമ്പോള്‍ മോദി രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കിയ ഒരു വാഗ്ദാനമുണ്ടായിരുന്നു. എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ രാജ്യത്തിനുപുറത്തെ കള്ളപ്പണം തിരിച്ചു കൊണ്ടുവരുമെന്നും 14 ലക്ഷം വീതം ജനങ്ങളുടെ അക്കൗണ്ടുകളിലേക്ക് നല്‍കുമെന്നുമൊക്കെയായിരുന്നു. അതേതായാലും നടന്നില്ല. അതിനുപകരം നാട്ടിലെ പണമെല്ലാം ഡിജിറ്റല്‍ ബേങ്കിംഗ് എന്നു പറഞ്ഞ് ബേങ്കിലെത്തിച്ച് വിദേശികളുടെ അക്കൗണ്ടുകളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ് മോദിയും ജെയ്റ്റ്‌ലയുമെല്ലാം.

ബേങ്ക് തട്ടിപ്പുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 9,193 കേസുകളാണ്. 2018 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്. ഈ തട്ടിപ്പുകളില്‍ ഏതാണ്ട് 88 ശതമാനവും നടന്നത് പൊതുമേഖലാ ബേങ്കുകളിലാണെന്നതാണ് വസ്തുത. എന്തുകൊണ്ട് പൊതുമേഖലാ ബേങ്കുകള്‍ ഇങ്ങനെ കബളിപ്പിക്കപ്പെടുന്നുവെന്ന ചര്‍ച്ച ചെയ്യേണ്ടതാണ്. ഇവിടെയാണ് ഭരണ നേതൃത്വത്തിനെതിരെയുള്ള ആരോപണങ്ങള്‍ക്ക് പ്രസക്തി. ബേങ്കിംഗ് രംഗത്തെ നടപടിക്രമങ്ങളുടെ ഭാഗമായോ അല്ലെങ്കില്‍ അനുവര്‍ത്തിച്ചു വരുന്ന രീതികളുടെ കോട്ടം കൊണ്ടോ ഒക്കെയാണെങ്കില്‍ ഈ തട്ടിപ്പുകളൊക്കെയും സ്വകാര്യമേഖലയിലും നടക്കേണ്ടതല്ലേ? വിജയ് മല്യമാരും നീരവ് മോദിമാരും ഒരു രോമത്തിനുപോലും പോറലേല്‍ക്കാതെ രക്ഷപ്പെടുന്നത് രാഷ്ട്രീയനേതൃത്വത്തിന്റെ സഹായം കൊണ്ടുതന്നെയാണ്. റിസര്‍വ് ബേങ്കിന്റെ ഈ റിപ്പോര്‍ട്ട് പുറത്തുവന്ന ദിവസംതന്നെയാണ് നീരവ് മോദിയുടെ സഹോദരന്‍ 50 കിലോ സ്വര്‍ണവുമായി ദുബൈയില്‍നിന്ന് കടന്നുകളഞ്ഞ വാര്‍ത്തയും വന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വലയില്‍ വീഴുമെന്നായപ്പോഴാണ് ദുബൈയിലെ കടകളില്‍ വില്‍പ്പനക്കായി വെച്ചിരുന്ന സ്വര്‍ണവുമായി മുങ്ങിയത്. ഉന്നതങ്ങളില്‍നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമല്ലോ ഈ തട്ടിപ്പ് വീരന്മാരെല്ലാം പിടിവീഴുന്നതിന്റെ മുമ്പ് രക്ഷപ്പെട്ടുകളയുന്നത്.

ഏതായാലും പഞ്ചാബ് നാഷനല്‍ ബേങ്ക് തട്ടിപ്പ് സംബന്ധിച്ച് 12,000 പേജ് വരുന്ന കുറ്റപത്രം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിക്കഴിഞ്ഞു. നീരവ് മോദിയുടെ 7,000 കോടി വരുന്ന സ്വത്ത് വകകള്‍ കണ്ടുകെട്ടാന്‍ മുംബൈയിലെ പ്രത്യേക കോടതിയുടെ അനുമതിക്കായി കാത്തുകഴിയുകയാണ് എന്‍ഫോഴ്‌സ്‌മെന്റ്. ഇങ്ങനെ അനുമതി ലഭിച്ച് വില്‍പ്പനക്ക് വെച്ചാലും വാങ്ങാന്‍ ആളില്ലാത്ത അവസ്ഥ വിജയ് മല്യ കേസില്‍ നാം കണ്ടതാണ്. അല്ലെങ്കില്‍ അതൊക്കെ മേല്‍ക്കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ട് സ്റ്റേ ചെയ്യപ്പെടും. അതിനൊക്കെ ആളുകള്‍ എപ്പോഴേ റെഡിയായിരിക്കും. ജീവിതാവശ്യങ്ങള്‍ക്ക് വേണ്ടി ഒന്നോ രണ്ടോ ലക്ഷം ലോണെടുത്തവന്റെ തിരിച്ചടവ് മുടങ്ങിയാല്‍ വീട് ജപ്തി ചെയ്യാന്‍ കാണിക്കുന്ന ജാഗ്രതയൊന്നും ഇത്തരം കേസുകളിലുണ്ടാവാറില്ലല്ലോ. അവിടെയും ഭരണാധികാരികള്‍ക്കും ബേങ്കധികൃതര്‍ക്കും ന്യായങ്ങളുണ്ടാകും. കോടതി തടഞ്ഞാല്‍ ഞങ്ങളെന്തു ചെയ്യുമെന്ന്? ശരിയാണ് നിത്യവൃത്തിക്കായി ലോണെടുത്തവന് സ്റ്റേ ചെയ്യിക്കാന്‍ കോടതി കയറാനും വന്‍തുകകള്‍ നല്‍കി വക്കീലിനെ ഏര്‍പ്പാടാക്കാനും കഴിയില്ലല്ലോ. ഇനിയങ്ങനെ കേസും കോടതിയുമായി കുറേക്കാലം കഴിയും. ശേഷം കുറേക്കാലം ബേങ്ക് ബാലന്‍സ് ഷീറ്റില്‍ ഈ കണക്കുകളൊക്കെ കാണും. പിന്നെ ബേങ്ക് നടപടിക്രമങ്ങള്‍ അനുസരിച്ച് കിട്ടാക്കടം എന്ന രീതിയില്‍ മാറ്റിനിര്‍ത്തും. ബേങ്കുകള്‍ക്കെപ്പോഴും ബാലന്‍സ് ഷീറ്റ് ക്ലിയറായിരിക്കലാണല്ലോ പ്രധാനം. സ്റ്റേറ്റ് ബേങ്കിനെ കബളിപ്പിച്ച് മുങ്ങിയ വിജയ് മല്യയുടെ കാര്യത്തിലും നീരവ് മോദിയുടെ കാര്യത്തിലും ഇതില്‍ കൂടുതലൊന്നും സംഭവിക്കുമെന്ന് കരുതാന്‍ വര്‍ത്തമാന ഇന്ത്യയില്‍ ന്യായങ്ങളില്ല.

ഇതിലൊക്കെ സാധാരണക്കാരന് എന്ത് കാര്യം എന്ന് ചിന്തിക്കുന്നവരും കാണാം. ബേങ്കിന്റെ പണം നഷ്ടപ്പെട്ടതിന് നാമെന്തിന് ടെന്‍ഷനടിക്കണം, അല്ലെങ്കില്‍ ബേങ്കുകളെയൊക്കെ ആരെങ്കിലുമൊക്കെ പറ്റിച്ചിരിക്കണം എന്നൊക്കെ ചിന്തിക്കുന്നവരും ഇല്ലാതിരിക്കില്ല. കാരണം ബേങ്കുകള്‍ സാധാരണക്കാരനോട് ചെയ്യുന്നത് അങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന കാര്യങ്ങളാണല്ലോ. വിവിധ ചാര്‍ജുകളുടെ പേരില്‍ നമ്മളില്‍നിന്നും നക്കാപ്പിച്ചകള്‍ അടിച്ചുമാറ്റിയ ബേങ്കുകള്‍ക്ക് ഇങ്ങനെ തന്നെ വേണമെന്ന് കരുതി സമാധാനിക്കാന്‍ കഴിയുമോ? ഇല്ല, കാരണം ഇത്തരത്തില്‍ വരുന്ന നഷ്ടങ്ങള്‍ നികത്താനും പരിഹരിക്കാനും ബേങ്കുകളുടെ മുന്നിലുള്ള ഇരകള്‍ താഴെത്തട്ടിലുള്ള സാധാരണക്കാരന്‍ തന്നെയാണ്. അവരുടെ മേല്‍ കൂടുതല്‍ ചാര്‍ജുകള്‍ അടിച്ചേല്‍പ്പിക്കുകയെന്നത് തന്നെയായിരിക്കും ഇതിന്റെയൊക്കെ പരിണിതഫലം. ഇവിടെ രസകരമായ വസ്തുതയെന്താണെന്ന് വെച്ചാല്‍ സാധാരണക്കാരന് ലോണും വായ്പയുമൊക്കെ ബേങ്കുകളില്‍നിന്ന് ലഭിക്കുകയെന്നത് വളരെ വിഷമകരമായ സംഗതിയാണ്. അതിനായി നൂറുകണക്കിന് പേപ്പറുകളും ജാമ്യങ്ങളുമൊക്കെ വേണം. എന്നാല്‍ അടവ് തെറ്റിയാലോ മുടങ്ങിയാലോ ഒക്കെ തിരിച്ചുപിടിക്കാന്‍ ബേങ്കുകള്‍ക്ക് വളരെ നിഷ്പ്രയാസം സാധിക്കുകയും ചെയ്യും. വന്‍കിടക്കാരന്റെ കാര്യം വരുമ്പോള്‍ ഇത് നേരെ തിരിച്ചുമാണ്. വായ്പയും ലോണുമെല്ലാം അനുവദിക്കാന്‍ മിനിറ്റുകള്‍ മാത്രം. തിരിച്ചുപിടിക്കേണ്ടിവന്നാലോ അതിന് ഇല്ലാത്ത കടമ്പകള്‍ ഒന്നുമുണ്ടാവില്ല. കേസും കോടതിയും രാഷ്ട്രീയ സമ്മര്‍ദവുമൊക്കെയായി അങ്ങനെയങ്ങനെ നീണ്ടുപോകും.