5,000ത്തോളം വിദ്യാര്‍ഥികള്‍ക്ക് കറിവേപ്പില തൈകള്‍ നല്‍കി സുധീഷ് ഗുരുവായൂര്‍ ഗിന്നസ് റിക്കോര്‍ഡ് നേടി

[caption id="attachment_325855" align="aligncenter" width="640"] ഗിന്നസ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ദുബൈ മാനേജര്‍ ഹുദാ കഷബ് സുധീഷ് ഗുരവായൂരിന് സമ്മാനിച്ചപ്പോള്‍[/caption] ഷാര്‍ജ: ലോക പരിസ്ഥിതി ദിനത്തില്‍ ഏറ്റവും കൂടുതല്‍ വൃക്ഷതൈകള്‍ വിതരണം ചെയ്ത് ഷാര്‍ജയിലെ ജൈവ കൃഷി കര്‍ഷകനായ സുധീഷ് ഗുരുവായൂര്‍ ലോക ഗിന്നസ് റക്കോര്‍ഡ് കരസ്ഥമാക്കി. നിലവിലെ 2,083 തൈകള്‍ വിതരണം ചെയ്തുള്ള ദുബൈ ഡല്‍ഹി പ്രൈവറ്റ് സ്‌കൂളിന്റെ റക്കോര്‍ഡാണ് ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലെ 4,919 വിദ്യാര്‍ഥികള്‍ക്ക് കറിവേപ്പില തൈകള്‍ നല്‍കി സുധീഷ് തകര്‍ത്തത്. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിന്റെ ജുവൈസയിലും ഗുബൈബയിലുമുള്ള നാലാം തരം മുതലുള്ള വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ക്കാണ് പരിസ്ഥിതി ദിനത്തില്‍ കറിവേപ്പില തൈകള്‍ വിതരണം ചെയ്തത്. ഉച്ചയോടെ വിതരണം പൂര്‍ത്തിയാക്കി. ബാര്‍ക്കോഡുകളുള്ള ടാഗുകള്‍ കെകളില്‍ കെട്ടിയ കുട്ടികള്‍ രണ്ടു നിരകളിലായി നീങ്ങിയാണ് കറിവേപ്പില തൈകള്‍ വാങ്ങിയത്. തൈകളുമായി നീങ്ങിയ വിദ്യാര്‍ഥികളെ ഗിന്നസ് റക്കോര്‍ഡ് അധികൃതരുടെ സാന്നിധ്യത്തില്‍ സ്‌കാന്‍ ചെയ്താണ് എണ്ണം തിട്ടപ്പെടുത്തിയത്. കൂടാതെ 50 വിദ്യാര്‍ഥികള്‍ക്ക് ഒരു വളണ്ടിയര്‍ എന്ന നിലയില്‍ എണ്ണം കണക്കാക്കി നൂറോളം പേര്‍ ഗിന്നസിനുള്ള ഫോറവും പൂരിപ്പിച്ച് നല്‍കിയിരുന്നു. വിതരണം പൂര്‍ത്തിയാക്കിയ ശേഷം സ്‌കൂള്‍ ഗ്രൗണ്ടില്‍ കറിവേപ്പില തൈകളുമായി വിദ്യാര്‍ഥികള്‍ വൃത്തം സൃഷ്ടിച്ചു ലോക പരിസ്ഥിതി സന്ദേശ ഗാനമുരുവിട്ട് തൈകള്‍ അന്തരീക്ഷത്തിലേക്കുയര്‍ത്തി. ശേഷം സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഗിന്നസ് റക്കോര്‍ഡ്‌സ് ദുബൈ മാനേജര്‍ ഹുദാ കഷബ് സുധീഷ് ഗുരവായൂരിന് ഗിന്നസ് സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു.ചടങ്ങില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ പി ജോണ്‍സണ്‍, ജോയിന്റ് ജനറല്‍ സെക്രട്ടറി അഡ്വ. സന്തോഷ് കെ നായര്‍,പ്രിന്‍സിപ്പല്‍മാരായ പ്രമോദ് മഹാജന്‍, ആന്റണി ജോസഫ്, വൈസ് പ്രിന്‍സിപ്പല്‍മാരായ മുഹമ്മദ് അമീന്‍, മിനി മേനോന്‍, ഹെഡ്മാസ്റ്റര്‍ രാജീവ് മാധവന്‍, ഹെഡ്മിസ്ട്രസ് അസ്‌റ ഹുസൈന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Posted on: June 6, 2018 10:12 pm | Last updated: June 6, 2018 at 10:12 pm