ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് എക്‌സിബിഷന്‍ ആന്‍ഡ് ഇവെന്റ്സുമായി ഷാര്‍ജ ചേംബര്‍ ധാരണ

ഷാര്‍ജയില്‍ എക്‌സിബിഷനുകള്‍ സംഘടിപ്പിക്കുന്നതിന് വേണ്ടിയാണ് കരാര്‍
Posted on: June 6, 2018 10:08 pm | Last updated: June 6, 2018 at 10:08 pm
ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ്-ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് എക്‌സിബിഷന്‍ ആന്‍ഡ് ഇവെന്റ്‌സ് അധികൃതര്‍ ധാരണാപത്രം ഒപ്പുവെക്കലിനിടെ

ഷാര്‍ജ: ഷാര്‍ജയില്‍ വ്യത്യസ്ത മാനേജ്‌മെന്റ് എക്‌സിബിഷനുകള്‍ സംഘടിപ്പിക്കുന്നതിന് ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് എക്‌സിബിഷന്‍ ആന്‍ഡ് ഇവെന്റ്‌സ് (ഐ എ ഇ ഇ)മായി ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് ധാരണാ പത്രത്തില്‍ ഒപ്പു വെച്ചു.

ധാരണയനുസരിച്ചു ഈ വര്‍ഷം നിരവധി പഠന സംബന്ധമായ പരിപാടികള്‍ സംഘടിപ്പിക്കും. ഒമ്പതില്‍ കുറയാത്ത പരിപാടികളാണ് സംഘടിപ്പിക്കുക. ഷാര്‍ജ എക്‌സ്‌പോ സെന്ററുമായി സഹകരിച്ചാണ് പരിപാടികള്‍. യു എ ഇ, ബഹ്റൈന്‍, ഒമാന്‍, കുവൈറ്റ്, ലെബനന്‍ ഫലസ്തീന്‍, ജോര്‍ദ്ദാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സെര്‍ട്ടിഫൈഡ് എക്‌സിബിഷന്‍ മാനേജ്മെന്റ് ലേണിങ് പ്രോഗ്രാം കോഴ്‌സുകളും നടത്തും.

ഷാര്‍ജ ചേംബര്‍ ഓഫ് കോമേഴ്സ് ചെയര്‍മാന്‍ അബ്ദുല്ല സുല്‍ത്താന്‍ അല്‍ ഒവൈസ്, ഐ എ ഇ ഇ സി ഇ ഒയും പ്രസിഡന്റുമായ ഡേവിഡ് ഡുബയോസ്, എസ് സി സി ഐ ഡയറക്ടര്‍ ജനറല്‍ ഖാലിദ് ബിന്‍ ബൂട്ടി, എക്‌സ്‌പോ സെന്റര്‍ സി ഇ ഒ സൈഫ് മുഹമ്മദ് അല്‍ മിദ്ഫ തുടങ്ങിയവര്‍ ധാരണാ പത്രം ഒപ്പിടല്‍ ചടങ്ങില്‍ പങ്കെടുത്തു.

ഗ്ലോബല്‍ എക്‌സിബിഷന്‍ ദിനത്തോടനുബന്ധിച്ചാണ് ധാരണാ പത്രം ഒപ്പിടല്‍ ചടങ് സംഘടിപ്പിച്ചത്. എക്‌സിബിഷന്‍ മേഖലയില്‍ കൂടുതല്‍ വിദഗ്ധരായ തൊഴില്‍ ശക്തിയുടെ സാന്നിധ്യം ഉറപ്പിക്കുന്നതിന് വേണ്ടിയാണ് വിജ്ഞാന പ്രധാനമായ കോഴ്സുകള്‍ സംഘടിപ്പിക്കുന്നത്. ലോകോത്തരമായ പദര്‍ശനങ്ങള്‍ ഒരുക്കുന്നതിന് മതിയായ രീതിയില്‍ തൊഴില്‍ ശക്തിയുടെ സാന്നിധ്യം ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും അബ്ദുല്ല സുല്‍ത്താന്‍ അല്‍ ഉവൈസ് പറഞ്ഞു.

ധാരണാപത്രം അനുസരിച്ചുള്ള സെമിനാറുകളും എക്‌സിബിഷനുകളും സംഘടിപ്പിക്കുന്നതിന് പ്രത്യേക തിയ്യതികളും കോഴ്സുകളുടെ സ്വഭാവത്തെ കുറിച്ചും അധികൃതര്‍ ചര്‍ച്ചകള്‍ നടത്തി. കോഴ്സുകള്‍ നടത്തുന്നതിനുള്ള സ്ഥലം ചേംബര്‍ അധികൃതരാണ് ഒരുക്കുക. അധ്യാപകര്‍ക്കുള്ള യാത്രാ ചിലവുകള്‍, താമസം എന്നിവയും ചേംബര്‍ വഹിക്കും. അധ്യാപകര്‍ കൈകാര്യം ചെയ്യുന്ന പാഠ്യപദ്ധതികള്‍, ക്ലാസുകളുടെ ഘടന എന്നിവ നിശ്ചയിക്കുന്നതും അതിന്റെ മാനദണ്ഡങ്ങളും അസോസിയേഷനാണ് തീരുമാനിക്കുക. കഌസുകള്‍ കൈകാര്യം ചെയ്യാനായി സി ഇ എം കമ്മീഷന്‍ അംഗീകരിച്ച പ്രഗല്‍ഭ അധ്യാപകരെയാണ് പ്രത്യേകം പരിഗണിക്കുക. വിദ്യാര്‍ഥികള്‍ക്കുള്ള പഠന സാമഗ്രഹികള്‍ക്ക് പുറമെ പാഠ ഭാഗങ്ങളുടെ വിശദാംശങ്ങള്‍ ഓണ്‍ലൈനായാണ് ഒരുക്കുക.