നിപ്പ ബാധിരുടെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും: മുഖ്യമന്ത്രി

കോഴിക്കോട്ട് 2,400ഉം മലപ്പുറത്ത് 150ഉം കുടുംബങ്ങള്‍ക്ക് റേഷന്‍ കിറ്റ് ലഭ്യമാക്കും
Posted on: June 4, 2018 8:35 pm | Last updated: June 5, 2018 at 6:30 pm
SHARE

തിരുവനന്തപുരം: നിപ്പാ വൈറസ് ബാധ സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പുതിയ സ്രോതസ്സ് ഇല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം സ്ഥിരീകരിച്ചവരുടെ ചികിത്സാ ചെലവ് തിരികെ നല്‍കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും ഇതു സംബന്ധിച്ച് ചേര്‍ന്ന സര്‍വകക്ഷി യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു. കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ചികിത്സാ ചെലവ് മടക്കി നല്‍കുക.

കോഴിക്കോട് ജില്ലയില്‍ 2,400ഉം മലപ്പുറം ജില്ലയില്‍ 150ഉം റേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യും. പത്ത് കിലോ അരിയും ഒരു കിലോ പഞ്ചസാരയും പലവ്യഞ്ജനവും അടങ്ങുന്നതാണ് കിറ്റ്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ഈ മാസം 12 വരെ അവധി നല്‍കിയിട്ടുണ്ട്.

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഈ മാസം 30 വരെ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശിച്ചു. പൊതു കൂട്ടായ്മകളും മറ്റും ഒഴിവാക്കണം. നവമാധ്യമങ്ങള്‍ വഴി അനാവശ്യഭീതിപരത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എല്ലാ ജില്ലകളിലും ഊര്‍ജിതമാക്കാന്‍ തുടര്‍നടപടി സ്വീകരിക്കും. മറ്റ് രാജ്യങ്ങളിലും നിപ്പാ ബാധ ഉണ്ടായിട്ടുണ്ടെങ്കിലും, അത് വളരെ വേഗം കണ്ടെത്തി പ്രതിരോധിക്കാനും മരണ നിരക്ക് കുറക്കാനുമായത് ഇവിടെ മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചികിത്സ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആരോഗ്യ പ്രവര്‍ത്തകരെയും മറ്റുള്ളവരെയും മുഖ്യമന്ത്രിയും കക്ഷി നേതാക്കളും അഭിനന്ദിച്ചു. ആപത്ഘട്ടം നേരിടാന്‍ സംസ്ഥാനം ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. നിപ്പാ പ്രതിരോധത്തിനുള്ള സര്‍ക്കാര്‍ നടപടികളോട് പൂര്‍ണമായും യോജിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

രണ്ടാം ഘട്ടത്തില്‍ രോഗം പടരാന്‍ സാധ്യതയില്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസം നടത്തിയ സാമ്പിള്‍ പരിശോധനകളില്‍ വൈറസ് ബാധ കണ്ടെത്തിയിട്ടില്ല. വൈറസ് സംബന്ധിച്ച് ആദ്യം സംശയം പ്രകടിപ്പിച്ച കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഡോ. അനൂപ്, ഡോ. ജയകൃഷ്ണന്‍ എന്നിവരെ ആരോഗ്യ മന്ത്രി അഭിനന്ദിച്ചു.

ആരോഗ്യ വകുപ്പിലെയും സ്വകാര്യ ആശുപത്രികളിലെയും കോഴിക്കോട് മെഡിക്കല്‍ കോളജിലെയും മറ്റും ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും കൂട്ടായ പ്രവര്‍ത്തനവും ശ്ലാഘനീയമാണെന്ന് അവര്‍ പറഞ്ഞു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ എല്‍ സരിതയുടെ നേതൃത്വത്തിലുള്ള സംഘം ഈ മാസം മുഴുവന്‍ കോഴിക്കോട്ട് തുടരും. ബോധവത്കരണ പ്രവര്‍ത്തനങ്ങളും തുടരും. അവസരം ചൂഷണം ചെയ്ത് മാസ്‌കിനും മറ്റും വില വര്‍ധിപ്പിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കും. വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രക്ക് വിലക്കുണ്ടാകാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് ഇടപെടാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാരായ ടി പി രാമകൃഷ്ണന്‍, എ കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ എന്നിവരും വിവിധ കക്ഷി നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here