കെവിന്‍ വധം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തില്‍

Posted on: June 4, 2018 11:21 am | Last updated: June 4, 2018 at 3:20 pm
SHARE

തിരുവനന്തപുരം: കോട്ടയം മാന്നാനം സ്വദേശി കെവിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിങ്ങി. കെവിന്റെ മരണത്തെ കുറിച്ച് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയിരുന്നു. പോലീസിന്റെ ഗുരുതര വീഴ്ചയാണ് കെവിന്റെ മരണത്തിന് കാരണമെന്ന് അടിയന്തരപ്രമേയത്തിന് അനുമതി തേടിയ തിരുവഞ്ചൂര്‍ രാധാകൃഷണന്‍ പറഞ്ഞു. പോലീസിന്റെയും സര്‍ക്കാറിന്റേയും അറിവോടെ നടന്ന ദുരഭിമാനക്കൊലയാണിതെന്നും അദ്ദേഹം ആരോപിച്ചു. പോലീസ് നോക്കി നില്‍ക്കെ നീനുവിനെ മര്‍ദിച്ചിട്ടും പോലീസ് നോക്കിനിന്നു. പോലീസിന്റെ കുറ്റം പോലീസ് തന്നെ അന്വേഷിച്ചാല്‍ എന്തു നീതി കിട്ടുമെന്നും കേസ് പൊലീസ് അന്വേഷിച്ചാല്‍ പ്രതികള്‍ രക്ഷപ്പെടുമെന്നും അതിനാല്‍ സി.ബി.ഐ അന്വേഷണം വേണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.

കെവിന്റെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായി പറഞ്ഞു. കെവിന്റെ മരണം ഒരിക്കലും നടക്കാന്‍ പാടില്ലാത്തതായിരുന്നു. കെവിന്റെ ഭാര്യ നീനു പരാതിയുമായി വന്നപ്പോള്‍ പോലീസ് ആവശ്യമായ നടപടി എടുത്തില്ല. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ എസ്.ഐ അടക്കമുള്ളവര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ട്. കേസിലെ 14 പ്രതികളേയും അറസ്റ്റ് ചെയ്തതായും പിണറായി പറഞ്ഞു. കെവിനെ തട്ടിക്കാണ്ടുപോയി കൊന്നതാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. ദുരഭിമാനാക്കൊലക്കെതിരെ കേരളം രംഗത്ത് വരണം. എന്നാല്‍, കൊലപാതകത്തില്‍ രാഷ്ട്രീയം കാണരുത്. കെവിന്റെ കൊലപാതകത്തെ രാഷ്ട്രീയമായി ബന്ധിപ്പിക്കാന്‍ ശ്രമം നടന്നു. ഇത് എന്തിനുവേണ്ടിയായിരുന്നുവെന്നും മുഖ്യമന്ത്രി ചോദിച്ചു.

നീനുവിന്റെ പിതാവ് ചാക്കോ ജോണും മാതാവ് രഹ്നയും സഹോദരന്‍ സാനുവും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. അതിനാല്‍ കോണ്‍ഗ്രസാണ് കൊലപാതകത്തിന് പിന്നിലെന്ന് പറയാന്‍ കഴിയുമോ. പ്രതികളുടെ രാഷ്ട്രീയം നോക്കിയല്ല സര്‍ക്കാര്‍ നടപടി എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here