Connect with us

Gulf

നിപ വൈറസ് ബാധ: കേരളത്തില്‍ നിന്നുള്ള യാത്രക്കാരെ നിരീക്ഷിക്കണമെന്ന് ആരോഗ്യമന്ത്രാലയം

Published

|

Last Updated

ദുബൈ: കേരളത്തില്‍ നിന്നെത്തുന്ന യാത്രക്കാരില്‍ നിപ ബാധയുടെ ലക്ഷണങ്ങള്‍ നിരീക്ഷിക്കാന്‍ യു എ ഇ ആരോഗ്യ മന്ത്രാലയം രാജ്യത്തെ എയര്‍പോര്‍ട്ട് അതോറിറ്റികളോട് ആവശ്യപ്പെട്ടു. നിപ വൈറസ് വാഹകരായ യാത്രക്കാരെ ശ്രദ്ധയില്‍ പെടുകയാണെങ്കില്‍ അടിയന്തിര പ്രാധാന്യത്തോടെ മന്ത്രാലയത്തെ അറിയിക്കണമെന്നും അധികൃതര്‍ ആവശ്യപെടുന്നുണ്ട്.

പനി ബാധിത പ്രദേശങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെടുകയാണെങ്കില്‍ ആരോഗ്യ മന്ത്രാലയത്തെ സമീപിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും അധികൃതര്‍ ബോധവല്‍ക്കരണം ഏര്‍പെടുത്തും.

തലച്ചോറിന് തകരാറുകള്‍ സംഭവിക്കുന്ന വിധത്തില്‍ പനി, ചുമ, തലവേദന, ശ്വാസ തടസം, പരിഭ്രമം എന്നിവ രോഗ ലക്ഷണങ്ങളായി ചൂണ്ടികാട്ടുന്നുണ്ട്. വൈറസ് ബാധിച്ചവര്‍ക്ക് മസ്തിഷ്‌ക്ക വീക്കമാണ് സംഭവിക്കുക. ഇതിലൂടെ മരണം വരെ സംഭവിക്കാം. അമേരിക്ക ആസ്ഥാനമായിട്ടുള്ള സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ പുറപ്പെടുവിച്ച സുരക്ഷാ മാനദണ്ഡങ്ങളുടെ പാശ്ചാത്തലത്തിലാണ് യു എ ഇ ആരോഗ്യ മന്ത്രാലയം മുന്‍കരുതലുകള്‍ തയാറാക്കിയിട്ടുള്ളത്.

യു എ ഇ താമസക്കാരോട് കേരളത്തിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് കഴിഞ്ഞ ദിവസം മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഇതിനോടനുബന്ധിച്ചാണ് കേരളത്തില്‍ നിന്ന് യാത്ര ചെയ്യുന്ന യാത്രക്കാരെ രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെടുകയാണെങ്കില്‍ നിരീക്ഷിക്കണമെന്നും അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടത്. ഇന്ത്യന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വിശദീകരണങ്ങള്‍ യു എ ഇ മന്ത്രാലയം നിരീക്ഷണ വിധേയമാക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വന്ന റിപോര്‍ട്ടുകളില്‍ രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. അസ്വാഭാവികത തോന്നിയ പലരുടെയും രക്ത സാമ്പിളുകളില്‍ നടത്തിയ പരിശോധനയില്‍ വൈറസ് ബാധ നെഗറ്റീവ് രേഖപ്പെടുത്തിയത്.