സാലക്ക് മൂന്നാഴ്ചയിലേറെ വിശ്രമം വേണം : ലിവര്‍പൂള്‍ ഫിസിയോ

Posted on: May 31, 2018 6:15 am | Last updated: May 31, 2018 at 12:18 am

ലണ്ടന്‍: ഈജിപ്ത് ഫോര്‍വേഡ് മുഹമ്മദ് സാലക്ക് മൂന്നാഴ്ച മുതല്‍ നാലാഴ്ച വരെ വിശ്രമം അനിവാര്യമാണെന്ന് ലിവര്‍പൂള്‍ ക്ലബ്ബിന്റെ ഫിസിയോ റുബെന്‍ പോന്‍സ്. സ്പാനിഷ് കായിക പത്രമായ മാര്‍സയാണ് റുബെന്റെ നിരീക്ഷണം റിപ്പോര്‍ട്ട് ചെയ്തത്.

റഷ്യയില്‍ ലോകകപ്പ് കിക്കോഫിന് ഇനി രണ്ടാഴ്ച മാത്രമേ ശേഷിക്കുന്നുള്ളൂ. റുബെന്റെ വാക്കുകള്‍ സത്യമാണെങ്കില്‍ സാലയെ കൂടാതെ ഈജിപ്തിന് ലോകകപ്പ് കളിക്കേണ്ടി വരും. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഷോള്‍ഡറിന് പരുക്കേറ്റ സാലയെ എത്രവും വേഗം സുഖപ്പെടുത്താനുള്ള ശ്രമം ലിവര്‍പൂള്‍ ഫിസിയോയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. ക്ലബ്ബ് സീസണില്‍ 44 ഗോളുകള്‍ നേടിയ സാലയാണ് ഈജിപ്തിന് ലോകകപ്പ് യോഗ്യത നേടിക്കൊടുത്ത നിര്‍ണായക ഗോള്‍ കോംഗോക്കെതിരെ നേടിയത്.