എയര്‍ഇന്ത്യ വാങ്ങാന്‍ ആളില്ല

  • ലേലത്തില്‍ പങ്കെടുക്കാന്‍ ആരും എത്തിയില്ല
  • അവസാന തീയതി ഇന്ന്
Posted on: May 31, 2018 6:09 am | Last updated: May 31, 2018 at 12:06 am

ന്യൂഡല്‍ഹി: നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ഇന്ത്യയുടെ ഓഹരി വിറ്റഴിക്കാനുള്ള കേന്ദ്ര നീക്കത്തിന് തിരിച്ചടി. വാങ്ങാന്‍ താത്പര്യമറിയിക്കുന്നതിനുള്ള (താത്പര്യ പത്രം- ഇ ഒ ഐ) അവസാന തീയതി ഇന്ന് അവസാനിക്കാനിരിക്കെ ഒരാള്‍ പോലും എത്തിയിട്ടില്ലെന്ന് സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ആര്‍ എന്‍ ചൗധരിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ മെയ് 14ന് അവസാന തീയതി നിശ്ചയിച്ചാണ് ലേല നടപടികള്‍ ആരംഭിച്ചത്.

എന്നാല്‍, താത്പര്യമറിയിച്ച് ആരും എത്താത്തതിനെ തുടര്‍ന്ന് അവസാന തീയതി 31ലേക്ക് മാറ്റുകയായിരുന്നു. ഇന്നുകൂടി ആരും എത്തിയില്ലെങ്കില്‍ തീയതി നീട്ടിനല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഏവിയേഷന്‍ സെക്രട്ടറി വ്യക്തമാക്കി.

വ്യോമയാന മന്ത്രാലയമാണ് എയര്‍ഇന്ത്യയുടെ ഓഹരികള്‍ വില്‍ക്കുന്നതിന് താത്പര്യപത്രം ക്ഷണിച്ചത്. 76 ശതമാനം ഓഹരി വില്‍പ്പനക്കൊപ്പം സ്ഥാപനത്തിന്റെ പൂര്‍ണ നിയന്ത്രണവും കൈമാറാനായിരുന്നു പദ്ധതി. മാനേജ്‌മെന്റിനോ ജീവനക്കാര്‍ക്കോ നേരിട്ടോ കണ്‍സോര്‍ഷ്യം രൂപവത്കരിച്ചോ ഓഹരിവില്‍പ്പനയില്‍ പങ്കെടുക്കാമെന്നായിരുന്നു പ്രഖ്യാപനം.

എയര്‍ ഇന്ത്യയെ കൂടാതെ, ചെലവ് കുറഞ്ഞ വിമാന സര്‍വീസായ എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എയര്‍ ഇന്ത്യ എസ് എ ടി എസ് കമ്പനികളുടെയും ഓഹരികള്‍ കൈമാറാനായിരുന്നു തീരുമാനം. 50,000 കോടിയിലേറെ കടബാധ്യത വന്നതിനെ തുടര്‍ന്ന് 2017 ജൂണിലാണ് കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി എയര്‍ഇന്ത്യ ഓഹരി വില്‍ക്കാന്‍ തീരുമാനിച്ചത്.

ഇന്ത്യയിലെ സ്വകാര്യ ആഭ്യന്തര വിമാനക്കമ്പനികള്‍ പോലും എയര്‍ഇന്ത്യയുടെ ഓഹരി കരസ്ഥമാക്കാന്‍ ശ്രമിക്കുന്നില്ലെന്നതാണ് ഏറെ കൗതുകം. ഈ കമ്പനികളെല്ലാം തന്നെ ലേല നടപടികളില്‍ തങ്ങള്‍ പങ്കെടുക്കില്ലെന്ന് ഇതിനകം വ്യക്തമാക്കി കഴിഞ്ഞതാണ്. എയര്‍ഇന്ത്യയിലെ ജീവനക്കാരെ നിലനിര്‍ത്തല്‍, കമ്പനിയുടെ വലിയ കടബാധ്യത എന്നിവയാണ് അതില്‍ നിന്ന് അവരെ പിന്തിരിപ്പിക്കുന്നത്.