ഈ ദുരഭിമാനക്കൊല കേരളത്തിന് അപമാനം

Posted on: May 31, 2018 6:00 am | Last updated: May 30, 2018 at 11:09 pm

കെവിനെ ക്രൂരമായി കൊലചെയ്തത് അവന്‍ ഒരു സവര്‍ണ സമ്പന്ന ക്രിസ്ത്യാനി കുടുംബത്തിലെ പെണ്‍കുട്ടിയെ പ്രേമിച്ചു വിവാഹം കഴിച്ചു എന്നതിനാലാണല്ലോ. മതം ഒരു വിശ്വാസം എന്ന രീതിയില്‍ നില്‍ക്കുമ്പോഴും ജാതി സാമൂഹിക സാമ്പത്തിക ബന്ധങ്ങളെ ശക്തമായി സ്വാധീനിക്കുന്ന ഒരു ഘടകമായി സമൂഹത്തിനു മേല്‍ ആധിപത്യമുറപ്പിച്ചിരിക്കുന്നു. ഈ സത്യം മറച്ചു പിടിക്കാന്‍ കഴിയാത്തവിധം തുറന്നു കാട്ടുന്നു കെവിന്റെ കൊലപാതകം. വരനും വധുവും ക്രിസ്തുമതവിശ്വാസികളാണ്. പക്ഷേ, വരന്‍ ദളിത് ക്രൈസ്തവനാണ് എന്നതായിരുന്നു വിവാഹത്തെ എതിര്‍ക്കാന്‍ കാരണമായി പറയുന്നത്.

അടുത്ത കാലത്തായി കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങള്‍ നമ്മെ അക്ഷരാര്‍ഥത്തില്‍ അപമാനിതരാക്കേണ്ടതാണ്. ഏറ്റവും ഒടുവില്‍ ഈയാഴ്ച നടന്ന കെവിന്‍ എന്ന യുവാവിന്റെ കൊലപാതകം. അതിനെ എന്ത് പേരിട്ടു വിളിക്കണം എന്നതില്‍ മാത്രമേ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുള്ളൂ. ഇതിനും മാസങ്ങള്‍ക്കു മുമ്പാണ് ഒരു പിതാവ് സ്വന്തം മകളെ വകവരുത്തി അഭിമാനത്തോടെ വിചാരണ നേരിടുന്നത്. ഈ രണ്ട് സംഭവങ്ങളും കേവലം ഒറ്റപ്പെട്ടതല്ല മറിച്ച് കേരളത്തിന്റെ ആന്തരികമായ രോഗങ്ങളുടെ ലക്ഷണങ്ങളാണ് എന്ന സത്യമാണ് നമ്മെ അപമാനിതരാക്കേണ്ടത്. കെവിനെ ക്രൂരമായി കൊലചെയ്തത് അവന്‍ ഒരു സവര്‍ണ സമ്പന്ന ക്രിസ്ത്യാനി കുടുംബത്തിലെ ഒരു പെണ്‍കുട്ടിയെ പ്രേമിച്ചു വിവാഹം കഴിച്ചു എന്നതിനാലാണല്ലോ. ഈ വിഷയത്തില്‍ ഭരണകൂടത്തിന്റെ പ്രധാന ഉപകരണമായ പോലീസ് ഉദ്യോഗസ്ഥര്‍ എടുത്ത സമീപനം ഇന്ന് ഏറെ ചര്‍ച്ചയായിട്ടുണ്ട്. ഇതും ഒറ്റപ്പെട്ട സംഭവമായി കരുതാന്‍ കഴിയില്ല. ആഴ്ചകള്‍ക്കു മുമ്പാണ് വാരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവ് പോലീസിന്റെ മര്‍ദനമേറ്റു അതിദാരുണമായി കൊല്ലപ്പെട്ടത്. ഒരു കേസിലും പ്രതിയാകാത്ത ശ്രീജിത്തിനെ പോലീസ് കൊണ്ടുപോയതെന്തിനാണ് എന്ന ചോദ്യത്തിന് പോലും ആര്‍ക്കും ഉത്തരമില്ല. കെവിന്റെ വീട്ടില്‍ ഒരു നവവധുവാണുള്ളതെങ്കില്‍ ശ്രീജിത്തിന്റെ വീട്ടില്‍ ഉള്ളത് യുവതിയായ ഭാര്യയും ഒരു പിഞ്ചു കുഞ്ഞുമാണ്. എടപ്പാളില്‍ ഒരു സിനിമാഹാളില്‍ വെച്ച് പത്തു വയസ്സുള്ള ഒരു കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച വിവരം അറിഞ്ഞിട്ടും ഒരാഴ്ചയിലധികം കാലം പോലീസ് ഒരു നടപടിയുമെടുത്തില്ല എന്നതും നിയമപാലന സംവിധാനത്തിന്റെ വീഴ്ചയായി തന്നെ കാണണം.

കെവിന്റെ മരണം ഒഴിവാക്കാന്‍ എല്ലാ സാഹചര്യങ്ങളും പോലീസിനുണ്ടായിരുന്നു. ഞായറാഴ്ച അതിരാവിലെയാണ് തട്ടിക്കൊണ്ടുപോകല്‍ നടക്കുന്നത്. ആരാണ് കൊണ്ട് പോയതെന്നും ആ കാറിന്റെ നമ്പറും അവരുടെ ഫോണ്‍ നമ്പറും പോലീസിന്റെ കൈവശം ലഭിച്ചിരുന്നു. ഇന്നുള്ള സാങ്കേതികവിദ്യ വെച്ച് തന്നെ കാറും പ്രതികളും എവിടെയെന്നറിയാന്‍ പോലീസിനൊരു ബുദ്ധിമുട്ടുമില്ല. ഒരു ദിവസം മുഴുവന്‍ ഒന്നും ചെയ്യാതിരുന്നിട്ടു ആ യുവാവിന്റെ മൃതദേഹം കണ്ട് കിട്ടിയപ്പോള്‍ മാത്രം അനങ്ങുന്ന പോലീസ് ഉദ്യോഗസ്ഥര്‍ എന്തു കടമയാണ് നിര്‍വഹിക്കുന്നത്? മുഖ്യമന്ത്രിയുടെ സുരക്ഷാ സ്‌ക്വാഡിലെ അംഗമാണെന്ന ഒഴികഴിവു പറയുക വഴി സാധാരണ പൗരന്റെ ജീവന് വിലക്കുറവാണെന്നു സമ്മതിക്കുകയാണ് പോലീസ്. ഇക്കാര്യത്തില്‍ ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിക്ക് മറുപടി പറയാതെ മാധ്യമങ്ങള്‍ക്കു മേല്‍ കുതിര കയറാന്‍ ഒരവകാശവുമില്ല. നമ്മുടെ നികുതിപ്പണം ശമ്പളമായി വാങ്ങുന്നത് മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരുമാണ്, മാധ്യമപ്രവര്‍ത്തകരല്ല. മാധ്യമങ്ങള്‍ ജനങ്ങള്‍ക്കുള്ള ചോദ്യങ്ങളാണ് ചോദിക്കുന്നത്.

15 വാഹനങ്ങളും നാല് ഡി വൈ എസ് പി മാരും പത്തോളം എസ് ഐമാരും അനവധി പോലീസുകാരും അകമ്പടി സേവിക്കുന്നതെന്തിനാണ് എന്ന ചോദ്യത്തിനെങ്കിലും മറുപടി വേണ്ടതല്ലേ? അധികാരമേറ്റപ്പോള്‍ ഇദ്ദേഹം പറഞ്ഞത് തനിക്കു അനേക വാഹനങ്ങളുടെ അകമ്പടിയൊന്നും വേണ്ട എന്നായിരുന്നില്ലേ? രണ്ട് വര്‍ഷത്തെ ഭരണം ജനങ്ങള്‍ക്ക് ഏറെ നേട്ടങ്ങളുണ്ടാക്കി എന്ന് വിശദീകരിക്കാനാണ് ഇദ്ദേഹം പോകുന്നത്. അത് സത്യമാണെങ്കില്‍ അകമ്പടിക്കാര്‍ കുറയുകയല്ലേ വേണ്ടത്?

ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 221 വകുപ്പനുസരിച്ചു പത്ത് വര്‍ഷം വരെ കഠിന തടവു കിട്ടാവുന്ന കുറ്റമാണ് ആ ഉദ്യോഗസ്ഥന്‍ ചെയ്തിരിക്കുന്നത്. ഇത് എടപ്പാള്‍ കേസിലും തിരുവനന്തപുരത്തെ വിദേശവനിതയുടെ കൊലപാതകക്കേസിലുമെല്ലാം ബാധകമായ വകുപ്പാണ്, ഒരു ഉദ്യോഗസ്ഥന്‍ വരുത്തുന്ന ബോധപൂര്‍വമായ വീഴ്ച അഥവാ സ്വന്തം കടമ ചെയ്യാതിരിക്കല്‍. ഈ വകുപ്പനുസരിച്ചു ഏതെങ്കിലും കേസില്‍ ചാര്‍ജ് ചെയ്തിട്ടുണ്ടോ ? ഇല്ല. വല്ലാതെ ബഹളം വരുമ്പോള്‍ ഒരു സ്ഥലംമാറ്റം, ഏറിയാല്‍ ഒരു സസ്‌പെന്‍ഷന്‍. തീര്‍ന്നു. വാരാപ്പുഴയില്‍ അരുംകൊല നടത്തിയ പോലീസുകാരന് ഇതിനകം ജാമ്യം കിട്ടിക്കഴിഞ്ഞു. സസ്‌പെന്‍ഷന്‍ സുഖവാസകാലമാണ്. പണിയൊന്നും ചെയ്യാതെ ശമ്പളം കിട്ടും. കുറച്ചു കഴിയുമ്പോള്‍ എല്ലാവരും ഇതെല്ലാം മറക്കും. സര്‍വീസില്‍ തിരിച്ചെത്തും. ഏഴോളം കേസുകളില്‍, അതും രാജ്യരക്ഷാനിയമങ്ങളുടെ ലംഘനക്കേസില്‍ പോലും പ്രതിയായ ഐ പി എസുകാരന്‍ ഇപ്പോഴും ഒരു പ്രശ്‌നങ്ങളുമില്ലാതെ ഭരണത്തിന്റെ തലപ്പത്തിരിക്കുന്നു. ചുരുക്കത്തില്‍ എത്ര ഹീനമായ കുറ്റം ചെയ്താലും പോലീസ് രക്ഷപ്പെടുന്നു. ഇക്കാര്യങ്ങള്‍ നന്നായറിയാവുന്ന പോലീസുകാര്‍ എന്ത് ഹീനപ്രവൃത്തിയും ചെയ്യും.

തന്നെയുമല്ല ഭരണകക്ഷിയുടെ പിന്‍ബലമുണ്ടെങ്കില്‍ ഈ കടമ്പകളെല്ലാം വേഗം കടക്കാന്‍ കഴിയുമല്ലോ. ഇതുകൊണ്ടെല്ലാം തന്നെ സംഭവം അറിഞ്ഞ ഉടനെ നടപടി എടുത്തെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തീര്‍ത്തും പൊള്ളയാണ്. പോലീസിലെ കുറ്റവാളികള്‍ക്കറിയാം തങ്ങള്‍ സുരക്ഷിതരാണെന്ന്. അതുകൊണ്ട് തന്നെ ഇവരെല്ലാം മന്ത്രിയുടെയും പാര്‍ട്ടിയുടെയും ആജ്ഞാനുവര്‍ത്തികളായിരിക്കും. കേരളത്തിലും രാഷ്ട്രീയ ഗുണ്ടാ മാഫിയ ബന്ധം ഇന്നൊരു രഹസ്യമല്ല. എതിര്‍ രാഷ്ട്രീയക്കാരെ കൊല്ലാന്‍ ഗുണ്ടകളെയാണ് രാഷ്ട്രീയകക്ഷികള്‍ ഉപയോഗിക്കുന്നത്. ഈ ഗുണ്ടകള്‍ ചെയ്യുന്ന എല്ലാ നെറികേടുകളെയും ന്യായീകരിക്കേണ്ട ചുമതല ഭരണകക്ഷിക്കാകുന്നു. അവര്‍ക്കാവശ്യമായ സമ്പത്ത് കണ്ടെത്തുന്നതും നേരായ വഴിയിലൂടെയല്ല. രാഷ്ട്രീയ കക്ഷിനേതാക്കളുടെ പ്രധാന വരുമാനസ്രോതസ്സുകള്‍ മണല്‍ പാറമട തുടങ്ങിയ ഖനനങ്ങളും മറ്റുമാണ്. അവരുടെയൊക്കെ സംരക്ഷണച്ചുമതലയും ഈ ഗുണ്ടാ മാഫിയ ടീമുകള്‍ക്കാണ്. ചുരുക്കത്തില്‍ പോലീസും രാഷ്ട്രീയ നേതാക്കളും ഈ ഗുണ്ടാപ്പടയും തികഞ്ഞ ഐക്യത്തിലാണ്.

ഭരണത്തിന്റെ, നിയമപാലനത്തിന്റെ മേഖലയില്‍ വന്ന വീഴ്ചകള്‍ക്ക് ഇന്നത്തെ ഭരണകക്ഷിയായ ഇടതുപക്ഷം സമാധാനം പറയാന്‍ ബാധ്യസ്ഥരാണ്. പ്രത്യേകിച്ചും പോലീസിന്റെ വീഴ്ചകള്‍ തുടര്‍ക്കഥകളാകുമ്പോള്‍. പോലീസിന്റെ ഘടനയില്‍ സര്‍ക്കാര്‍ എന്ത് മാറ്റങ്ങള്‍ വരുത്തണം എന്ന് അടിയന്തരമായി ആലോചിക്കേണ്ടതുണ്ട്.പോലീസില്‍ പണത്തിന്റെയും രാഷ്ട്രീയത്തിന്റെയും സ്വാധീനം എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു എന്ന് വ്യക്തം. അതിനു മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തന്നെ ഉണരണം. പോലീസില്‍ അടുത്ത കാലത്ത് വരുത്തിയ പരിഷ്‌കാരങ്ങള്‍ (എസ് ഐമാരില്‍ കുറേപ്പേരെ സ്‌റ്റേഷന്‍ ചുമതല ഏല്‍പ്പിക്കുന്നതടക്കം) ഫലപ്രദമായിട്ടില്ല എന്ന വിമര്‍ശനം പരിശോധിക്കപ്പെടണം. ഇന്നത്തെ പോലീസിന്റെ നിയന്ത്രണം, കമ്മാന്‍ഡ് സംവിധാനം പിഴവുള്ളതാണെന്നു വ്യക്തം. ഡി വൈ എസ് പി മാര്‍ക്ക് സ്‌റ്റേഷന്‍ നിയന്ത്രണം സാധ്യമാകുന്നില്ല എന്ന കാര്യം ഏറെ ഗൗരവമുള്ളതാണ്. വാരാപ്പുഴയിലെ സംഭവത്തില്‍ സര്‍ക്കാറിന്റെ പ്രഖ്യാപിതനയങ്ങള്‍ ലംഘിച്ചു സ്വന്തമായി ഒരു സൈന്യം ഉണ്ടാക്കി അവരെക്കൊണ്ട് പല സ്വാര്‍ഥനടപടികളും എടുപ്പിച്ചു എന്ന് വ്യക്തം. ആ വ്യക്തിയെയാണ് പുതിയ പോലീസ് സേനാംഗങ്ങളെ പരിശീലിപ്പിക്കാന്‍ നിയോഗിച്ചത് എന്നത് തന്നെ അപഹാസ്യമാണ്.

ഇനി മറ്റൊരു പ്രധാന വശത്തേക്ക് വരാം. ചെങ്ങറയും വടയമ്പാടിയും ഇരിങ്ങാലക്കുടയിലെ കുട്ടങ്കുളവും ക്ഷേത്രവഴികളുമെല്ലാം നമ്മുടെ മുന്നില്‍ മറഞ്ഞിരിക്കുന്ന ജാതിബോധത്തെ തുറന്നു കാട്ടുന്നുണ്ട്. ഭൗതികയാഥാര്‍ഥ്യങ്ങള്‍ ഏറെക്കാലം മറച്ചുപിടിക്കാന്‍ കഴിയില്ല. ജാതി അസമത്വം ഇന്നും രൂഢമൂലമാണ്. സമ്പത്ത്, അധികാരം മുതലായവയില്‍ ആധിപത്യങ്ങള്‍ക്കു ജാതിബന്ധം ഉണ്ട്. ഭൂ ഉടമസ്ഥത എന്ന ഒറ്റ വിഷയമെടുത്താല്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാകും. ദളിതരുടെ ഉടമസ്ഥതയില്‍ കേരളത്തില്‍ എത്ര സ്ഥാപനങ്ങള്‍ (വ്യാപാരം, വിദ്യാഭ്യാസം, ആരോഗ്യം, സാംസ്‌കാരികം എന്നിങ്ങനെയുള്ളവ) ഉണ്ടെന്നു മാത്രം നോക്കിയാല്‍ മതി. വന്‍കിട മാളുകള്‍ പോട്ടെ. ചെറിയ ഒരു പെട്ടിക്കട പോലും അവര്‍ക്കില്ല. നാം നടത്തിയ ഭൂപരിഷ്‌കരണത്തിന്റെ നേര്‍ചിത്രമാണത്.

മതം ഒരു വിശ്വാസം എന്ന രീതിയില്‍ നില്‍ക്കുമ്പോഴും ജാതി സാമൂഹിക സാമ്പത്തിക ബന്ധങ്ങളെ ശക്തമായി സ്വാധീനിക്കുന്ന ഒരു ഘടകമായി സമൂഹത്തിനു മേല്‍ ആധിപത്യമുറപ്പിച്ചിരിക്കുന്നു. ഈ സത്യം മറച്ചു പിടിക്കാന്‍ കഴിയാത്തവിധം തുറന്നു കാട്ടുന്നു കെവിന്റെ കൊലപാതകം. വരനും വധുവും ക്രിസ്തുമതവിശ്വാസികളാണ്. പക്ഷേ വരന്‍ ദളിത് ക്രൈസ്തവനാണ് എന്നതായിരുന്നു വിവാഹത്തെ എതിര്‍ക്കാന്‍ കാരണമായി പറയുന്നത്. ഈ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വ്യത്യസ്ത മതവിഭാഗങ്ങളില്‍ പെട്ടവരാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ അത്തരം ഒരു നിലപാടിന് തയ്യാറായവരാണ് ഇപ്പോള്‍ ഇങ്ങനെ ചിന്തിക്കുന്നത്. ഇതില്‍ നിന്ന് തന്നെ കേരളീയ സമൂഹം പിന്നിട്ട പതിറ്റാണ്ടുകളില്‍ എത്ര മാത്രം പുറകോട്ടു പോയി എന്നും പരിശോധിക്കേണ്ടതല്ലേ? അങ്ങനെ സംഭവിച്ചു എങ്കില്‍ അതിനു മറുപടി പറയണ്ടത് ഇക്കാലമത്രയും കേരളം മാറി മാറി ഭരിച്ച രാഷ്ട്രീയ കക്ഷികളും മുന്നണികളുമല്ലേ? നവോത്ഥാനകാലത്ത് ഉയര്‍ന്ന മാനവികതയുടെ സന്ദേശം എങ്ങനെ നമുക്ക് നഷ്ടമായി? പുരോഗമന രാഷ്ട്രീയത്തിനു മേല്‍ക്കയ്യുണ്ടെന്നുള്ള നമ്മുടെ അഹങ്കാരത്തിനേറ്റ തിരിച്ചടിയല്ലേ ഇത്? ടി ടി ശ്രീകുമാര്‍ പറയുന്നതുപോലെ നവോത്ഥാനത്തിനും ഇതു തരം പ്രത്യയശാസ്ത്രങ്ങള്‍ക്കും തുടച്ചുമാറ്റാന്‍ കഴിയാത്തവിധം അടിയുറച്ചു പോയിരിക്കുന്നു ജാതീയത. അതിനൊന്നും വിശദീകരണം നല്‍കാനുള്ള ശേഷി ഒരു രാഷ്ട്രീയപ്രസ്ഥാനത്തിനുമില്ല, വിശേഷിച്ചു ഇടതുപക്ഷത്തിന്.