Connect with us

National

എയര്‍സെല്‍-മാക്‌സിസ് ഇടപാട്: ചിദംബരത്തിനെതിരായ നടപടിക്ക് താല്‍ക്കാലിക സ്റ്റേ

Published

|

Last Updated

ന്യൂഡല്‍ഹി: എയര്‍സെല്‍-മാക്‌സിസ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചിദംബരത്തിനെതിരെ ജൂണ്‍ അഞ്ച് വരെ നടപടികളൊന്നുമെടുക്കരുതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ഡല്‍ഹി കോടതി നിര്‍ദേശം നല്‍കി. കാര്‍ത്തി ചിദംബരം പ്രതിയായ കേസില്‍ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് ചിദംബരം ഡല്‍ഹി കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് കോടതി ഉത്തരവ്. ജൂണ്‍ അഞ്ചിന് കേസ് വീണ്ടും പരിഗണിക്കും.

യുപിഎ സര്‍ക്കാറില്‍ ചിദംബരം ധനമന്ത്രിയായിരിക്കെ എയര്‍സെല്‍-മാക്‌സിസ് ഇടപാടിന് വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് നേരിട്ട് അനുമതി നല്‍കിയതാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. കേസില്‍ കാര്‍ത്തി ചിദംബരത്തെ ഫെബ്രവരിയില്‍ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. മൗറീഷ്യസിലെ ഗ്ലോബല്‍ കമ്യൂണിക്കേഷന്റെ കീഴിലുള്ള മാക്‌സിസ് എയല്‍സെല്ലില്‍ 800 ദശലക്ഷം ഡോളറിന്റെ നിക്ഷേപത്തിന് അനുമതി ആവശ്യപ്പെട്ടുവെന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്. പ്രധാനമന്ത്രി അധ്യക്ഷനായ കമ്മറ്റിയാണ വിദേശ നിക്ഷേപത്തിന് അനുമതി നല്‍കേണ്ടതെന്നിരിക്കെ ധനമന്ത്രി നേരിട്ട് അനുമതി നല്‍കുകയായിരുന്നു.