കെവിന്‍ വധക്കേസ് സിബിഐ അന്വേഷിക്കണം: ചെന്നിത്തല

Posted on: May 30, 2018 12:34 pm | Last updated: May 30, 2018 at 1:53 pm

തിരുവനന്തപുരം: കെവിന്‍ വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് അന്വേഷണം ശരിയായി ദിശയിലല്ല. പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായി ഐജി വ്യക്തമാക്കുന്നു. കേസ് അന്വേഷണം പാര്‍ട്ടി താത്പര്യം അനുസരിച്ച് മുന്നോട്ട് പോകുകയാണ്്. കേസില്‍ ഉള്‍പ്പെട്ട പലരേയും രക്ഷിക്കാനുള്ള ശ്രമം നടന്നുവരികയാണ്. അതുകൊണ്ട് കേസ് സിബിഐ അന്വേഷിക്കണമെന്ന് ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനേയും ചെന്നിത്തല വിമര്‍ശിച്ചു. മാധ്യമങ്ങളെ കുറ്റപ്പെടുത്താണ് മുഖ്യമന്ത്രിയുടെ ശ്രമം. വിമര്‍ശനമുണ്ടാകുമ്പോള്‍ മുഖ്യമന്ത്രി എന്തിനാണിത്ര അസ്വസ്ഥനാകുന്നത്. അക്ഷേപമുണ്ടാകുമ്പോള്‍ സമനില കൈവിടുകയല്ല വേണ്ടത്, പറയുന്ന കാര്യങ്ങളില്‍ കഴമ്പുണ്ടോയെന്ന് പരിശോധിച്ച ശേഷം അതില്‍ നടപടിയെടുക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടതെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.