Connect with us

Kerala

കെവിന്‍ പി ജോസഫിന്റെ കൊലപാതകം; പ്രതികള്‍ കരിക്കോട്ടക്കരി സ്റ്റേഷനില്‍ എത്തിയതില്‍ ദുരൂഹത

Published

|

Last Updated

കണ്ണൂര്‍: കണ്ണൂരില്‍ നിന്ന് പോലീസ് കസ്റ്റഡിയിലായ പിതാവും സഹോദരനും എങ്ങനെ കരിക്കോട്ടക്കരി സ്റ്റേഷനില്‍ എത്തി എന്നത് ദുരൂഹത ഉളവാക്കുകയാണ്. മുഖ്യ പ്രതികള്‍ കീഴടങ്ങിയ വാര്‍ത്ത പരന്നതോടെ ഫോണ്‍ മുഖാന്തരവും നേരിട്ടും സ്റ്റേഷനില്‍ അന്വേഷിച്ച മാധ്യമ പ്രവര്‍ത്തകരോട് ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്ന പ്രതികരണമാണ് പോലീസില്‍ നിന്നുണ്ടായത്. ഈ വാദത്തില്‍ ഉറച്ച് നിന്ന പോലീസ് പിന്നീട് പ്രതികള്‍ ഇവിടെ വന്നതായി സമ്മതിക്കുകയായിരുന്നു. എവിടെ നിന്ന് വന്നതാണെന്നും എങ്ങേട്ട് കൊണ്ടുപോയെന്നും പറയാന്‍ വിസമ്മതിച്ചു.
സ്റ്റേഷന്‍ ഓഫീസര്‍ അടക്കം മേഖലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഫോണ്‍ എടുക്കാന്‍ മടിച്ചതും സംഭവത്തിലെ ദുരൂഹത കൂട്ടി.

ബെംഗളൂരുവില്‍ നിന്ന് കീഴടങ്ങാനായി കരിക്കോട്ടക്കരി സ്റ്റേഷനില്‍ എത്തി എന്ന് പോലീസ് പറയുമ്പോഴും അന്തര്‍ സംസ്ഥാന പാതയോരത്ത് റോഡരിലെ ഇരിട്ടി പോലീസ് സ്റ്റേഷനും കടന്ന് 12 കിലോമീറ്റര്‍ ഉള്‍ഗ്രാമത്തിലുള്ള കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനില്‍ എത്തി എന്നതും സംശയം ഉളവാക്കുകയാണ്. പ്രതികള്‍ സ്‌റ്റേഷനില്‍ എത്തുന്നതിന് മുമ്പ് തന്നെ ചാനലുകളില്‍ വാര്‍ത്ത പരന്നിരുന്നു. ചാനലുകളിലൂടെയാണ് സംഭവം അറിഞ്ഞെന്നാണ് കരിക്കോട്ടക്കരിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരും ആദ്യം പറഞ്ഞത്. ഇവരെ ആര് കരിക്കോട്ടക്കരി സ്‌റ്റേഷനില്‍ എത്തിച്ചുവെന്നതില്‍ ദുരൂഹത നീക്കാന്‍ പോലീസീന് കഴിഞ്ഞിട്ടില്ല.

പോലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ചാക്കോയും ഭാര്യ രഹനയും മകന്‍ ഷാനുവും മുങ്ങിയത്. കെവിനെ തട്ടിക്കൊണ്ടുപോയതില്‍ പ്രധാനിയാണ് ഷാനു.

Latest