Connect with us

National

തൂത്തുക്കുടിയില്‍ വെടിവെക്കാന്‍ ഉത്തരവിട്ടത് ഡെപ്യൂട്ടി തഹസില്‍ദാര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍

Published

|

Last Updated

തൂത്തുക്കുടി: തൂത്തുക്കുടിയില്‍ വേദാന്ത ഗ്രൂപ്പിന്റെ കീഴിലുള്ള സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിന് എതിരെയുള്ള പ്രതിഷേധ മാര്‍ച്ചിന് നേരെ വെടിവെക്കാന്‍ ഉത്തരവിട്ടത് ഡെപ്യൂട്ടി തഹസില്‍ദാര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍. ഈ മാസം 22നും 23നും നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് തൂത്തുക്കുടി സിപ്‌കോട്ട്, നോര്‍ത്ത്, സൗത്ത് പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറിലാണ് ഈ വിവരമുള്ളത്. പ്രതിഷേധക്കാര്‍ സംഘര്‍ഷത്തിലേര്‍പ്പെട്ടതിനാല്‍ വെടിവെക്കാന്‍ നിര്‍ബന്ധിതരായെന്നാണ് എഫ് ഐ ആറിലുള്ളത്. എഫ് ഐ ആറിലെ വിശദാംശങ്ങള്‍ കൃത്രിമമാണെന്ന് സാമൂഹികപ്രവര്‍ത്തകര്‍ പറഞ്ഞു.

സ്‌പെഷ്യല്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ (ഇലക്ഷന്‍) പി ശേഖറിന്റെ പരാതി പ്രകാരമാണ് സിപ്‌കോട്ട് പോലീസ് സ്റ്റേഷനില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. ചൊവ്വാഴ്ച രാവിലെ നിരോധനാജ്ഞ ലംഘിച്ച് പതിനായിരത്തോളം പ്രതിഷേധക്കാര്‍ കലക്‌ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തിയെന്നും പെട്രോള്‍ ബോംബെറിഞ്ഞുവെന്നും വാഹനങ്ങള്‍ കത്തിച്ചുവെന്നും പൊതുജനങ്ങളെയും പോലീസിനെയും ആക്രമിച്ചുവെന്നും പരാതിയില്‍ പറയുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാനുള്ള പോലീസ് ശ്രമങ്ങളൊന്നും ഫലിച്ചില്ല. അതിനാല്‍ അവസാന പിടിവള്ളിയെന്നോണമാണ് വെടിവെക്കാന്‍ ഉത്തരവിട്ടതെന്ന് തഹസില്‍ദാര്‍ ശേഖര്‍ പറയുന്നു. വെടിവെപ്പിന് മുമ്പ് ലാത്തിച്ചാര്‍ജും മുന്നറിയിപ്പും കണ്ണീര്‍വാതക പ്രയോഗവും നടത്തിയെന്ന പോലീസ് അവകാശവാദം പീപ്പിള്‍സ് വാച്ച് എന്ന മനുഷ്യാവകാശ സംഘടനാ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹെന്റി ടിഫാഗ്നെ നിഷേധിച്ചു. തൂത്തുക്കുടി നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ സോണല്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ എം കണ്ണനും സൗത്തില്‍ ഡിവിഷനല്‍ എക്‌സൈസ് ഓഫീസര്‍ എസ് ചന്ദ്രനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.

Latest