Connect with us

Ramzan

വിശപ്പ് സഹിക്കല്‍ ആരാധനയുടെ മജ്ജയാണ്

Published

|

Last Updated

വിശപ്പും ദാഹവും സഹിക്കാന്‍ പരിശീലിക്കുന്ന മാസമാണ് റമസാന്‍. സ്വന്തം ശരീരത്തോടുള്ള ഏറ്റവും വലിയ സമരമാണത്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധര്‍മസമരം നടത്തുന്നതിന് സമാനമായ പ്രതിഫലം ഓഫര്‍ ചെയ്യപ്പെട്ടിട്ടുള്ള കാര്യമാണത്. അതിശ്രേഷ്ഠമായ കര്‍മങ്ങള്‍ എന്നാണ് അതിനെ ഹദീസുകളില്‍ പരിചയപ്പെടുത്തുന്നത്.

തുരുനബി(സ) ആഇശാബീവി(റ) യോട് ഒരിക്കല്‍ ഇപ്രകാരം പറഞ്ഞു. “നീ സ്വര്‍ഗവാതിലിന്റെ വട്ടക്കണ്ണിക്ക് പതിവായി മുട്ടിക്കൊണ്ടിരിക്കുക” എന്തുകൊണ്ടെന്നുള്ള ബീവിയുടെ പ്രതികരണത്തിന് തിരുനബിയുടെ മറുപടി ഇങ്ങനെയായിരുന്നു: വിശപ്പുകൊണ്ട്!
ഏറ്റവും കൂടുതല്‍ വിശപ്പ് സഹിക്കുന്നവന്‍ പരലോകത്ത് എന്നോട് ഏറ്റവും അടുത്തവനായിരിക്കുമെന്ന് അല്ലാഹു ഖുദ്‌സിയ്യായ ഹദീസില്‍ പറയുന്നുണ്ട്. “സത്യനിഷേധികള്‍ കന്നുകാലികള്‍ കഴിക്കുന്നതു പോലെ ആസ്വദിച്ച് ഭക്ഷണം കഴിക്കുന്നവരാണ്. നരകമാണവരുടെ വാസസ്ഥലം”(ഖുര്‍ആന്‍ -സൂറത്ത്/മുഹമ്മദ്).

എന്തൊരധികച്ചെലവാണ് പലര്‍ക്കും റമസാനില്‍. മറ്റു മാസങ്ങളിലെ മൂന്നിരട്ടിയും നാലിരട്ടിയുമാണ് ചെലവ്. നോമ്പുതുറപ്പിച്ചുണ്ടാകുന്ന ചെലവുകളല്ല ഇത്. സ്വന്തം കഴിക്കാന്‍ വിലകൂടിയ വിവിധ വിഭവങ്ങള്‍ വാരിക്കൂട്ടിയതിന്റെ അമിതച്ചെലവാണിത്. പതിനാലേകാല്‍ മണിക്കൂര്‍ പട്ടിണികിടക്കുന്ന ഒരു ദിവസത്തില്‍ ഉറക്കവും കഴിഞ്ഞാല്‍ പിന്നെ ഭക്ഷണം കഴിക്കാവുന്ന സമയമായി. ഉണര്‍ന്നിരിക്കുന്നത് കൂടിയാല്‍ നാലര മണിക്കൂറുണ്ടാകും. ഈ ചുരുങ്ങിയ സമയത്തിനിടയില്‍ മൂന്നും നാലും തവണ ഭക്ഷിക്കുന്നത് മഹാ അക്രമമാണ്. വിശന്ന് പരവശനായവന്റെ വയറിലേക്ക് വ്യത്യസ്തവും വിരുദ്ധവുമായ ആഹാര പാനീയങ്ങള്‍ അമിതമായ അളവില്‍ ചെല്ലുന്നത് സ്വന്തത്തെ ശരിക്കും നശിപ്പിക്കലാണ്. താങ്ങാവുന്നതിലുമെത്രയോ അപ്പുറമാണ്.

റമസാനില്‍ ഭക്ഷണമുണ്ടാക്കി കഴിക്കുന്നതില്‍ മത്സരിക്കുകയല്ല വേണ്ടത്, അത് മറ്റുള്ളവര്‍ക്ക് നല്‍കുന്നതിലും നോമ്പ് തുറപ്പിക്കുന്നതിലുമാണ്. പുതിയ ഭക്ഷണം പാചകം ചെയ്യാന്‍ സമയം കളയുന്നതിന് പകരം ആരാധനകളില്‍ സമയം ചെലവഴിക്കുകയാണ് വിശ്വാസിയുടെ റോള്‍.
നമ്മുടെ നോമ്പ് കാലത്തെ മത്സരത്തീറ്റ തടിയും രോഗങ്ങളും കൂടാനേ ഉപകരിക്കുകയുള്ളൂ. പെരുന്നാള്‍ പിറ്റേന്ന് തൂക്കിയാല്‍ ഒരുപാട് കൂടിയിട്ടുണ്ടാകും, തീര്‍ച്ച! പട്ടിണി കിടക്കുന്ന റമസാനില്‍ തടിയും തൂക്കവും രോഗവും ചെലവും എല്ലാം കൂടുക എന്നത് എന്തുമാത്രം വിരോധാഭാസമാണ്!

മിതമായും ലളിതമായും കഴിക്കേണ്ട റമസാന്‍ ഭക്ഷണരീതിയെ ഇമ്മാതിരി വികലമാക്കിയതിലെ യഥാര്‍ഥ വില്ലനെ കണ്ടെത്തി തിരുത്തിന് കരുക്കള്‍ നീക്കാന്‍ സമയം അതിക്രമിച്ചുകഴിഞ്ഞു.

ഭക്ഷണപ്രിയനാക്കിയും അമിതമായി കഴിപ്പിച്ചും ഉറക്കവും ക്ഷീണവും തോന്നിപ്പിച്ചുമാണ് പിശാച് വിശ്വാസിയെ സ്വാധീനിക്കുകയെന്ന തിരുവചനം അനുഭവ യാഥാര്‍ഥ്യവും ചരിത്രവുമാണ്. ഇത് കേട്ട അനുചരന്മാരുടെ പ്രതികരണമിങ്ങനെയാണ്: “ഇല്ല ഇനി ഞങ്ങളൊരിക്കലും വയറുനിറച്ചുണ്ണുകയില്ല”. ഭക്ഷണത്തിന് ആക്രാന്തം കാണിക്കുന്നവര്‍ ഒറ്റക്കിരുന്ന് ചിന്തിച്ചിരുന്നെങ്കില്‍!

Latest