നോമ്പ് കാലത്തെ തിരിച്ചറിവുകള്‍

Posted on: May 30, 2018 6:00 am | Last updated: May 16, 2019 at 8:01 pm

മനുഷ്യരെല്ലാം ഓരോ ദിവസവും പിന്നിടുന്നത് തങ്ങള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്നതിനേക്കാള്‍ മെച്ചപ്പെട്ട സുഖ സൗകര്യങ്ങള്‍ നേടിയെടുക്കാന്‍ പരിശ്രമിച്ച് കൊണ്ടാണ്.

പാര്‍പ്പിട സൗകര്യങ്ങളും യാത്രാ സംവിധാനങ്ങളും പഠന രീതികളും ആരാധനാ സൗകര്യങ്ങളും ഭക്ഷ്യവിഭവങ്ങളുമെല്ലാം കേരളത്തിലെ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം മുന്‍ഗാമികളില്‍ നിന്നും എത്രയോ മെച്ചപ്പെട്ടാണുള്ളത്. ദിനംപ്രതി വ്യത്യസ്ത ആഹാരരീതികള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുന്നവര്‍ പോലും നോമ്പുകാരനായി മാറുന്നതോടെ തനിക്കിഷ്ടപ്പെട്ടതെല്ലാം മാറ്റി നിര്‍ത്താന്‍ തയ്യാറാവുന്നുവെങ്കില്‍ അയാള്‍ അനുഭവിക്കുന്ന മാനസിക സംതൃപ്തി എത്രത്തോളമായിരിക്കും? നിലവിലെ സാഹചര്യങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ അവസ്ഥയില്‍ നോമ്പ് കാലം കഴിച്ച് കൂട്ടിയ മുന്‍ഗാമികളെ ഓര്‍ക്കുക. നേരം പുലരുന്നതിന് മുമ്പേ പണിയായുധങ്ങളുമായി കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള തൊഴിലിടങ്ങളിലേക്ക് നടന്ന് ചെന്ന് സൂര്യാസ്തമയം പൂര്‍ണമാവുന്നത് വരെ പണിയെടുത്തിരുന്നവരും നോമ്പെടുത്തിരുന്നു. അവര്‍ക്ക് മതിയായ അളവില്‍ അത്താഴം കഴിക്കുന്നതിനുള്ള ഭക്ഷണമോ നോമ്പ് തുറക്കുന്ന സമയത്ത് വിശപ്പ് മാറ്റാനാവശ്യമായ ആഹാരങ്ങളോ ലഭിച്ചിരുന്നില്ല. അക്കാരണത്താല്‍ തന്നെ റമസാനിലെ സൂര്യാസ്തമയം മുതല്‍ സുബ്ഹി വരെയുള്ള സമയങ്ങളിലും അവര്‍ അര്‍ധ പട്ടിണിക്കാരായിരുന്നു.

കാല്‍ നൂറ്റാണ്ട് മുമ്പ് വരെ അധികവും ചക്കപ്പുഴുക്കും മരച്ചീനി ഉണക്കിപ്പൊടിച്ചുണ്ടാക്കിയ പത്തിരിയും കിഴങ്ങ് വര്‍ഗങ്ങളുമെല്ലാമാണ് നോമ്പ് തുറ വിഭവങ്ങള്‍. അവര്‍ക്ക് ഇന്ന് കാണുന്ന തരത്തിലുള്ള വിഭവങ്ങളൊന്നും ഉപയോഗിക്കാന്‍ സാധിച്ചിരുന്നില്ല. ഇപ്പോള്‍ വ്രതാനുഷ്ഠാനവുമായി ബന്ധപ്പെട്ട ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയെ കുറിച്ച് യാതൊരു വിധ ആശങ്കകള്‍ക്കും ഇട വരാത്ത രീതിയില്‍ മുന്‍കൂറായി ലഭിച്ച് കൊണ്ടിരിക്കുന്നു. ഗള്‍ഫ് നാടുകളിലെ കഠിനാധ്വാനത്തിന്റെ ഫലമായി അവര്‍ക്ക് ലഭിക്കുന്ന പണത്തില്‍ നിന്ന് ഭീമമായ തുക അവര്‍ സേവന മാര്‍ഗത്തില്‍ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് കേരളത്തിലെ നിര്‍ധനരായ മുസ്‌ലിം കുടുംബങ്ങളില്‍ നോമ്പ് കാലത്തേക്കാവശ്യമായ ഭക്ഷ്യവസ്തുകള്‍ മുന്‍കൂറായി ലഭിച്ച് കൊണ്ടിരിക്കുന്നത്. കൂട്ടത്തില്‍ നോമ്പിന്റെ ഭാഗമായി തൊഴില്‍ നഷ്ടപ്പെടാറുള്ള അമുസ്‌ലിം കുടുംബങ്ങളിലേക്കും സമാനമായ അളവില്‍ തന്നെയാണവര്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് കൊടുക്കാറുള്ളത്. പള്ളികളിലെല്ലാം നോമ്പ് തുറക്കാനുള്ള വിപുലമായ സൗകര്യങ്ങളുണ്ട്.

ഇക്കാരണത്താലെല്ലാം തന്നെ വര്‍ത്തമാന കേരളത്തിലെ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം നോമ്പ് കാലം എന്നത് മുന്‍ഗാമികളെ അപേക്ഷിച്ച് പ്രയാസരഹിതമായ കാലമാണെന്ന് തന്നെ പറയാവുന്നതാണ്. ഇന്ന് സാമാന്യം സാമ്പത്തിക ശേഷിയുള്ളവര്‍ ഓരോരുത്തരുടെയും വീടുകളില്‍ തയ്യാറാക്കാറുള്ള വിഭവങ്ങള്‍ക്ക് പുറമെ വഴിയോര കച്ചവടക്കാരില്‍ നിന്നും പലഹാരങ്ങള്‍ വാങ്ങിക്കൂട്ടുന്നു. ഇവ പകുതിപോലും ഉപയോഗിക്കാതെ വേസ്റ്റ് ബക്കറ്റുകളില്‍ നിക്ഷേപിക്കുന്നവരും എത്രയോ ഉണ്ട്. നോമ്പനുഷ്ഠിക്കുന്നവര്‍ക്കുണ്ടാവേണ്ട തിരിച്ചറിവുകളിലൊന്ന് വിശപ്പ് സഹിക്കാന്‍ വിധിക്കപ്പെട്ടവരുടെ ദയനീയാവസ്ഥയാണ്. കേരളത്തിലെ മുസ്‌ലിംകളെ പോലെ ഭക്ഷ്യ ഭദ്രത നേടിയവരല്ല ഇതര സംസ്ഥാനങ്ങളിലുള്ളവര്‍. അവര്‍ക്ക് വിശപ്പടക്കാനുള്ള സാഹചര്യമൊരുക്കാന്‍ ഓരോ വിശ്വാസിയും ബാധ്യസ്ഥനാണെന്നും നാം പാഴാക്കി കളയുന്നതോ അമിതമായി ഉപയോഗിക്കുന്നതോ ആയതെന്തും അവര്‍ക്ക് കൂടി അര്‍ഹതപ്പെട്ടതാണെന്നും തിരിച്ചറിയാനുള്ള അവസരം കൂടിയാണ് റമസാന്‍ മാസത്തെ വ്രതാനുഷ്ഠാനത്തിലൂടെ കേരളത്തിലെ നോമ്പുകാരന് ലഭിക്കുന്നത്. അത്തരത്തിലൊരു തിരിച്ചറിവിലൂടെ മാത്രമേ മുന്‍ഗാമികളായ കേരളീയ മുസ്‌ലിം സമൂഹം റമസാന്‍ മാസത്തെ എത്രത്തോളം പവിത്രമായിട്ടാണ് കണക്കാക്കിയിരുന്നതെന്നും വര്‍ത്തമാനകാലത്തെ കേരളീയേതര മുസ്‌ലിംകളുടെ നോമ്പ് കാല അവസ്ഥയെന്താണെന്നും ബോധ്യപ്പെടാനാവുകയുള്ളൂ.