കര്‍ണാടകക്കളിയും കൂറുമാറ്റ നിരോധന നിയമവും

കൂറുമാറ്റനിരോധന നിയമം ഉദ്ദേശിച്ച ഗുണങ്ങളേക്കാള്‍ ഉദ്ദേശിക്കാത്ത ദോഷങ്ങളിലേക്കാണ് രാജ്യത്തെ നയിച്ചത്. തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധി അപ്രസക്തമാകുകയും അയാളെ തിരഞ്ഞെടുത്ത പാര്‍ട്ടിക്കൊരു കളിപ്പാട്ടമായി അയാളെ ഉപയോഗിക്കാവുന്ന സാഹചര്യം സംജാതമാകുകയും ചെയ്തു. ഈ നിയമത്തിലെ കൂടുതല്‍ അപകടകരമായ മറ്റൊരു വ്യവസ്ഥ ഒരു പാര്‍ട്ടിയിലെ മൂന്നിലൊന്ന് വിഭാഗം- ഒരുമിച്ചു നിന്ന് പാര്‍ട്ടി വിപ്പ് ലംഘിക്കുന്ന പക്ഷം അവര്‍ കൂറുമാറ്റ നിരോധനനിയനത്തിന്റെ പരിധിയില്‍ വരുകയില്ലെന്നതാണ്. പണ്ട് ഒറ്റയൊറ്റയായി നടന്ന കൂറുമാറ്റങ്ങള്‍ പിന്നീട് കൂട്ടത്തോടെയുള്ള കൂറുമാറ്റങ്ങളായി പരിണമിച്ചു.
Posted on: May 30, 2018 6:00 am | Last updated: May 29, 2018 at 11:17 pm

കാവിരാഷ്ട്രീയത്തിന്റെ തെക്കന്‍ കാറ്റ് ലക്ഷ്യം കാണാതെ വടക്കോട്ടു മടങ്ങിപ്പോയിരിക്കുന്നു. മൊത്തത്തില്‍ കാര്യങ്ങള്‍ ബി ജെ പിക്ക് നാണക്കേടിനും കോണ്‍ഗ്രസിന് അവരുടെ പതിവ് അഹങ്കാരപ്രകടനത്തിനും വഴിയൊരുക്കി. പെയ്തിറങ്ങാന്‍ വെമ്പല്‍ പൂണ്ടിരുന്ന കാര്‍മേഘങ്ങള്‍ തത്കാലം വിന്ധ്യപര്‍വതത്തിന് വടക്കോട്ട് പിന്‍വാങ്ങിയിരിക്കുന്നു. ഈ കാര്‍മേഘങ്ങള്‍ ഏത് നിമിഷത്തിലും മറ്റൊരു തെക്കന്‍ കാറ്റായി വീശിയടിച്ചേക്കാമെന്നും അപ്രതീക്ഷിതമായ നാശനഷ്ടങ്ങള്‍ക്കുള്ള ഹേതുവായേക്കുമെന്നതിനാല്‍ വിന്ധ്യനു തെക്കുള്ള രാഷ്ട്രീയ മത്സ്യബന്ധനക്കാര്‍ ജാഗ്രത പാലിക്കണം എന്നാണ് രാഷ്ട്രീയ കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്.

തിരഞ്ഞെടുപ്പിന് മുമ്പ് പരസ്പരം ചീത്തവിളിച്ചും പാരപണിതും വോട്ടുതേടിയ ശേഷം പരസ്പരം ആശ്ലേഷിച്ച് ഞങ്ങളൊന്നാണെന്ന് പറയുന്ന ഈ ഐക്യപ്പെടലിനെ നോക്കി അവര്‍ക്ക് വോട്ടു ചെയ്ത ജനങ്ങള്‍ തലയില്‍ കൈവെച്ച് സ്വയം ശപിക്കുന്നുണ്ടാകും എന്നു കരുതാം. അല്ലെങ്കിലും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വോട്ടര്‍ക്കിത്രയൊക്കെയേ വിലയുള്ളൂ. പാലം കടക്കുവോളം നാരായണ നാരായണ പാലം കടന്നാല്‍ കൂരായണ കൂരായണ. ഇപ്പോള്‍ കര്‍ണാടകയില്‍ രൂപം കൊണ്ട ഈ കോണ്‍ഗ്രസ്- ജനതാദള്‍ കൂടുകെട്ട് ഏറിയാല്‍ 2019ലെ പൊതു തിരഞ്ഞെടുപ്പു വരെ. എത്രവലിയ ശുഭാപ്തി വിശ്വസികളും ഈ സഖ്യത്തിന് അതിനപ്പുറം ആയുസ്സ് പ്രതീക്ഷിക്കുന്നില്ല.

ഇന്ത്യന്‍ ജനാധിപത്യത്തില്‍ മുമ്പെങ്ങും കാണാത്ത പുതിയ പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വരുന്നു. നമ്മുടെ ഭരണഘടനയുടെ അപ്രമാദിത്വത്തെയും നീതിന്യായ വ്യവസ്ഥയുടെ മഹാത്മ്യത്തെയും കുറിച്ച് സ്തുതിഗീതങ്ങള്‍ മുഴക്കുന്നതില്‍ ഒരു പിശുക്കും പ്രകടിപ്പിക്കാത്ത ശുദ്ധാത്മാക്കള്‍ ഉണര്‍ന്നു ചിന്തിക്കുവാന്‍ കാലമായിരിക്കുന്നു. ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കുള്ള പ്രാധാന്യം പോളിംഗ് ദിവസം സായാഹ്നത്തോടെ തന്നെ തിരോഭവിക്കുന്നു. തങ്ങള്‍ വോട്ടു ചെയ്ത് അധികാരസ്ഥാനങ്ങളില്‍ എത്തിച്ച ജനപ്രതിനിധികള്‍ക്കു ജനങ്ങളോടുള്ള ഉത്തരവാദിത്വം അതോടെ അവസാനിക്കുന്നു. പിന്നീടങ്ങോട്ടുള്ള അവരുടെ ഉത്തരവാദിത്വം അവരെ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി നിയോഗിച്ച രാഷ്ട്രീയ കക്ഷികളോട് മാത്രമാണ്. ജനം വോട്ടുചെയ്തത് സ്ഥാനാര്‍ഥിയുടെ വ്യക്തിപരമായ മഹിമകള്‍ കണക്കിലെടുത്തല്ല അയാളെ സ്ഥാനാര്‍ഥിയായി നിര്‍ത്തിയ രാഷ്ട്രീയ കക്ഷികളോടുള്ള കൂറിന്റെ അടിസ്ഥാനത്തിലാണ്. കര്‍ണാടകയില്‍ വിജയം വരിച്ച എംഎല്‍ എ മാരില്‍ 35 ശതമാനവും അനേകം ക്രിമിനല്‍ കേസുകളില്‍ പ്രതിയായി വിചാരണ നേരിടുന്നവരാണ്.

ഇന്ത്യന്‍ ജനാധിപത്യത്തില്‍ രാഷ്ട്രീയ കക്ഷികളുടെ പ്രസക്തി എന്ത്? കക്ഷിരാഷ്ട്രീയം ജനാധിപത്യത്തിന്റെ ശാപം എന്നഭിപ്രായപ്പെടുന്ന രാഷ്ട്രമീമാംസകന്മാരെപ്പോലെ തന്നെ അതിനെ ഒരനുഗ്രഹമായി കാണുന്നവരും ഉണ്ട്. കക്ഷി രാഷ്ട്രീയം അനുഗ്രഹം ആകുന്നത് ഓരോ രാഷ്ട്രീയ കക്ഷിയും എന്തെങ്കിലും ഒക്കെ വ്യത്യസ്തമായ ആദര്‍ശങ്ങളുടെ വക്താക്കളും പ്രയോക്താക്കളും ആകുമ്പോഴാണ്. പക്ഷേ നിര്‍ഭാഗ്യവശാല്‍ നമ്മുടെ രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളെ ഓരോന്നായി എടുത്തു പരിശോധിച്ചാല്‍ എന്തു വ്യത്യസ്തമായ രാഷ്ട്രീയ ആദര്‍ശങ്ങളാണിവര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്? രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ അംഗീകാരം ലക്ഷ്യമാക്കി തിരഞ്ഞെടുപ്പു കമ്മീഷനു മുമ്പില്‍ സമര്‍പ്പിക്കുന്ന മാനിഫെസ്റ്റോയില്‍ അടിവരയിട്ടു പറയുന്ന കാര്യങ്ങള്‍ ഏറെക്കുറെ സമാനമാണ്. അവരുടെ ഭരണഘടനകളിലും കാര്യമായ വ്യത്യാസമൊന്നുമില്ല. ഇന്ത്യയുടെ ദേശീയ ഐക്യം, അഖണ്ഡത ഇവയായിരിക്കും മുഖ്യധാരയിലെ പ്രധാനപ്പെട്ട രണ്ടു പാര്‍ട്ടികളുടേയും സുപ്രധാന ആദര്‍ശങ്ങള്‍. ഇതോടൊപ്പം കാഷായത്തിന് മേമ്പൊടിപോലെ, അല്‍പ്പസ്വല്‍പ്പം സോഷ്യലിസം, മതേതരത്വം, ദുര്‍ബല വിഭാഗങ്ങളുടെ സംരക്ഷണം എന്നിങ്ങനെ ചില പൊടിക്കൈകളും എഴുതിച്ചേര്‍ത്തിരിക്കും. മുഖ്യധാരക്ക് വെളിയില്‍ നിന്നുകൊണ്ട് മുഖ്യധാരയിലേക്ക് പിന്‍വാതില്‍ പ്രവേശനം ലക്ഷ്യമാക്കുന്നവരാണ് ഇന്ന് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ മേല്‍ക്കൈ നേടിക്കൊണ്ടിരിക്കുന്നത്. അവരുടെ മുഖ്യ അജന്‍ഡ പ്രാദേശികതയാണ്. സ്വന്തം പ്രദേശം അവഗണിക്കപ്പെടുന്നു; സ്വന്തം ജാതി, മത, സമുദായങ്ങള്‍ക്ക് അധികാര രാഷ്ട്രീയത്തില്‍ അര്‍ഹമായ പങ്കു ലഭിക്കുന്നില്ല എന്നതാണ് അവരുടെ പരാതി. മുഖ്യധാരയില്‍ ഒരിക്കലും ഇടം കിട്ടിയില്ലെങ്കില്‍പ്പോലും അവരുടെ ഉപഗ്രഹങ്ങളായോ വാല്‍ നക്ഷത്രമായോ മാറിയിട്ടായാലും വേണ്ടില്ല, അധികാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍ ആഹരിക്കുക എന്നതാണിവരുടെ ആത്യന്തിക ലക്ഷ്യം. പ്രത്യേകം പ്രത്യേകം വോട്ട് ബേങ്കുകളുടെ കസ്റ്റോഡിയന്മാരായ ഇത്തരം രാഷ്ട്രീയ കക്ഷിനേതാക്കള്‍ക്കു മുമ്പില്‍ ദേശീയ കക്ഷികളെന്നവകാശപ്പെടുന്നവര്‍ മുട്ടുമടക്കി തുടങ്ങിയതോടെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഗതികേട് തുടങ്ങി.

വസ്തുതകള്‍ ഇങ്ങനെയൊക്കെ ആയിരിക്കെ നമ്മുടെ തിരഞ്ഞെടുപ്പു വ്യവസ്ഥയില്‍ കാലോചിതമായ പൊളിച്ചെഴുത്തുകള്‍ക്കുവേണ്ടിയുള്ള ജനകീയ നിലവിളികള്‍ ഉയര്‍ന്നു വരേണ്ടിയിരിക്കുന്നു. സ്വാതന്ത്ര പ്രാപ്തിയെ തുടര്‍ന്നു നമ്മള്‍ രൂപം കൊടുത്ത ഭരണഘടനയും അതിന്റെ അടിസ്ഥാനത്തില്‍ രൂപം കൊടുത്ത തിരഞ്ഞെടുപ്പു ചട്ടങ്ങളും ഒട്ടും ശാസ്ത്രീയമായിരുന്നില്ല. ബ്രീട്ടീഷ് കൊളോണിയലിസത്തെ എതിര്‍ത്തപ്പോഴും ബ്രിട്ടീഷ് ഭരണസമ്പ്രദായത്തിന്റെ ആരാധകരും, ബ്രിട്ടീഷ് വിദ്യാഭ്യാസത്തിന്റെ സന്തതികളും ആയിരുന്നു അംബേദ്കര്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ ശില്‍പ്പികള്‍. പ്രസിഡന്റിനെ ജനങ്ങള്‍ നേരിട്ട് തിരഞ്ഞെടുക്കുന്ന സമ്പ്രദായമോ രാഷ്ട്രീയകക്ഷികള്‍ക്കു ലഭിക്കുന്ന വോട്ടിന്റെ അടിസ്ഥാനത്തില്‍ നിയമനിര്‍മാണ സഭയിലെ അംഗത്വം ആനുപാതികാടിസ്ഥാനത്തില്‍ വീതിച്ചു നല്‍കുന്ന സമ്പ്രദായമോ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കിണങ്ങുന്നതായി അന്നത്തെ നമ്മുടെ ദേശീയ നേതാക്കള്‍ക്കനുഭവപ്പെട്ടില്ല. അതിനാല്‍ അവര്‍ ബ്രിട്ടീഷ് മാതൃകയെ ഏതാണ്ടതേ പടി പകര്‍ത്തിവെച്ചു. കൂടുതല്‍ വോട്ടു ലഭിക്കുന്നവര്‍ പുറത്തുനില്‍ക്കുകയും കുറഞ്ഞ വോട്ടുകള്‍ നേടുന്നവര്‍ കൂടുതല്‍ സീറ്റ് കരസ്ഥമാക്കുകയും ഒക്കെ ചെയ്യുന്ന സമീപകാല പ്രതിസന്ധികള്‍ അവര്‍ക്കു മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ല. പാര്‍ട്ടികള്‍ നേതാക്കന്മാരുടെ കുടുംബസ്വത്താകുന്നതും ഭരണാധികാരസ്ഥാനങ്ങള്‍ പരമ്പരാഗതാവകാശമായി ഉറപ്പുവരുത്തുകയും ചെയ്യുന്ന അവസ്ഥയാണിന്ന് ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഉള്ളത്.

അധികാരത്തിന്റെ വാണിഭകേന്ദ്രങ്ങളില്‍ വിലപേശല്‍ നടത്തി സ്വയം വില്‍പ്പനക്കു നിന്നുകൊടുക്കുന്ന തെമ്മാടികളുടെ ഒടുക്കത്തെ അഭയ കേന്ദ്രങ്ങളായി രാഷ്ട്രീയ പാര്‍ട്ടികള്‍ മാറുന്ന കാഴ്ച നമ്മള്‍ ഇന്നും ഇന്നലെയും ഒന്നുമല്ല കണ്ടു തുടങ്ങിയത്. 1985ല്‍ നാനൂറു സീറ്റ് നേടി കോണ്‍ഗ്രസ് അധികാരത്തില്‍ വന്നപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി ആദ്യം ചെയ്തത് സമഗ്രമായ ഒരു കൂറുമാറ്റ നിരോധന നിയമം പാര്‍ലിമെന്റില്‍ അവതരിപ്പിച്ചു പാസ്സാക്കിയെടുക്കുകയായിരുന്നു. ഇതു വളരെ പുരോഗമനപരമാണെന്ന് പല സ്തുതി പാഠകന്മാരും കാര്യമറിയാതെ പറഞ്ഞു പൊലിപ്പിച്ചു. തന്നോടൊപ്പമുള്ള ഈ നാനൂറുപേര്‍ ഏതു നിമിഷവും കൂടുവിട്ട് കൂടു മാറിയേക്കാം എന്ന ആശങ്കയായിരുന്നു ഈ നിയമ നിര്‍മാണത്തിന് പിന്നില്‍. ഇതോടെ രാഷ്ട്രീയത്തില്‍ കൂടുതല്‍ ആദര്‍ശനിഷ്ഠയും രാഷ്ട്രീയ അസ്ഥിരതക്കു പരിഹാരവും ഉണ്ടാകുമെന്നു പ്രതീക്ഷിച്ചവര്‍ക്കു തെറ്റിപ്പോയി. ഉദ്ദേശിച്ച ഗുണങ്ങളേക്കാള്‍ ഉദ്ദേശിക്കാത്ത ദോഷങ്ങളിലേക്കാണീ നിയമം പിന്നീട് രാജ്യത്തെ നയിച്ചത്. തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധി അപ്രസക്തമാവുകയും അയാളെ തിരഞ്ഞെടുത്ത പാര്‍ട്ടിക്കൊരു കളിപ്പാട്ടമായി അയാളെ ഉപയോഗിക്കാവുന്ന സാഹചര്യം സംജാതമാകുകയും ചെയ്തു. പാര്‍ട്ടി വിപ്പ് ലംഘിക്കുന്നവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുക എന്നതിലപ്പുറം അയാളുടെ തിരഞ്ഞെടുപ്പ് തന്നെ അസാധുവാക്കുന്ന നിയമത്തിന്റെ യുക്തിരാഹിത്യം അന്നേ വിവരമുള്ളവര്‍ ചോദ്യം ചെയ്തതാണ്. സമാനമായ നിയമം ബ്രിട്ടനിലും ഫ്രാന്‍സിലും മറ്റു പല യൂറോപ്യന്‍ രാജ്യങ്ങളിലുമുണ്ട്. അവിടെയാരും വിപ്പ് ലംഘിക്കുന്നവരെ പാര്‍ട്ടി അച്ചടക്കത്തിന് വിധേയരാക്കുകയല്ലാതെ അവരുടെ തിരഞ്ഞെടുപ്പു തന്നെ അസാധുവാക്കുന്ന അവസ്ഥയില്ല. ഈ നിയമത്തിലെ കൂടുതല്‍ അപകടകരമായ മറ്റൊരു വ്യവസ്ഥ ഒരു പാര്‍ട്ടിയിലെ മൂന്നിലൊന്ന് വിഭാഗം- ഒരുമിച്ചു നിന്ന് പാര്‍ട്ടി വിപ്പ് ലംഘിക്കുന്ന പക്ഷം അവര്‍ കൂറുമാറ്റ നിരോധനനിയനത്തിന്റെ പരിധിയില്‍ വരുകയില്ലെന്നതാണ്. പണ്ട് ഒറ്റയൊറ്റയായി നടന്ന കൂറുമാറ്റങ്ങള്‍ പിന്നീട് കൂട്ടത്തോടെയുള്ള കൂറുമാറ്റങ്ങളായി പരിണമിച്ചു.

2007ല്‍ ഇതു സംബന്ധിച്ച് സുപ്രീം കോടതി പുറപ്പെടുവിച്ച ഒരു വിധിന്യായ പ്രകാരം വിപ്പ് ലംഘിക്കല്‍ മാത്രമല്ല ഒരിക്കല്‍ ഒരു പാര്‍ട്ടിയുടെ ലേബലില്‍ ജയിച്ചുവന്ന ഒരു ജനപ്രതിനിധി മറ്റൊരു പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഗവര്‍ണര്‍ക്കുള്ള കത്തില്‍ ഒപ്പുവെച്ചാലും സ്ഥാനം നഷ്ടമാകും (രാജേന്ദ്ര സിംഗ് / സാമിപ്രസാദ് മൗര്യ- ബി എസ് പിയിലേക്കു കൂറുമാറ്റം സംബന്ധിച്ച കേസ്). കര്‍ണാടകയില്‍ ബി ജെപിക്ക് രഹസ്യമായി പിന്തുണ അറിയിച്ച കോണ്‍ഗ്രസ് ജെ ഡി എസ് അംഗങ്ങളുടെ പേരു വിവരം പരസ്യപ്പെടുത്താന്‍ അവര്‍ക്കു കഴിയാതെ പോയത് ഇതു നിമിത്തം ആണെന്ന് പറയപ്പെടുന്നു. ഇങ്ങനെ സ്വന്തം എം എല്‍ എമാരെ വിശ്വാസത്തിലെടുക്കാതെ സദാ അവരെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തികൊണ്ട് എത്രകാലം ഒരു ഭരണ കക്ഷിക്കോ പ്രതിപക്ഷത്തിനോ രാഷ്ട്രനിര്‍മാണ പ്രക്രിയയില്‍ സര്‍ഗാത്മകമായി ഇടപെടാന്‍ കഴിയും? കൂറുമാറ്റ നിരോധന നിയമം എന്ന ഡെമോക്ലസിന്റെ വാള്‍ സ്വന്തം തലക്ക് മീതെ തൂങ്ങുന്നതുകൊണ്ടു മാത്രമാണ് പല സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് ആസ്ഥാനത്ത് തുടരാന്‍ പറ്റുന്നത്. മിക്ക ജനപ്രതിനിധികളും പാര്‍ട്ടിക്കുള്ളിലെ വിറകുവെട്ടികളും വെള്ളംകോരികളുമാണ്. ഒരു പാര്‍ട്ടി, ഒരു നേതാവ്, അയാള്‍ മരിച്ചാല്‍ നേതാവിന്റെ മകന്‍ നേതാവ്. ചിന്തിക്കാനും സംസാരിക്കുവാനുമുള്ള അവകാശം ആ നേതാവ് എത്ര മന്ദബുദ്ധിയായാലും അയാളില്‍ മാത്രവുമായി പരിമിതപ്പെടുത്തിയിരിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ നേതാക്കന്മാരുടെ ഫാന്‍ അസോസിയേഷനുകളായി മാറി. ഇത്രയൊക്കെ കടുത്ത നിയമങ്ങള്‍ ഉണ്ടായിട്ടും നിയമം പാസ്സായ 1985ന് ശേഷം രാജ്യത്താകെ 100 എം എല്‍ എ മാര്‍ക്കും 24 എം പിമാര്‍ക്കും കൂറുമാറ്റ നിരോധന നിയമ പ്രകാരം സ്ഥാനം നഷ്ടമായിട്ടുണ്ട്.

ഈ നിയമത്തിന്റെ ധാര്‍മികമായ ശരിതെറ്റുകള്‍ പലതവണ കോടതികളില്‍ വിചാരണ ചെയ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ശിക്ഷിക്കുവാനും തിരിച്ചു വിളിക്കാനുമുള്ള അവകാശം ജനങ്ങളില്‍ തന്നെ നിക്ഷിപ്തമാകേണ്ടതുണ്ട്. തത്വത്തിലെങ്കിലും ഇതംഗീകരിക്കുന്ന ഒരു ജനപ്രതിനിധിയും തന്നെ തിരഞ്ഞെടുത്ത ജനങ്ങളുടെ ഹിതത്തിനു വിരുദ്ധമായ ഒരു കൂറുമാറ്റത്തിനോ കൂട്ടുകെട്ടിനോ തയ്യാറാവുകയില്ല. മൂന്നിലൊന്ന് എന്ന സംഖ്യ ഉയര്‍ത്തിക്കാട്ടി കൊച്ചു രാഷ്ട്രീയ കക്ഷികളില്‍ നിന്ന് കൂട്ടത്തോടെ അംഗങ്ങളെ അടര്‍ത്തിയെടുത്തു സ്വന്തം കരുത്തുവര്‍ധിപ്പിക്കുന്ന അടവു തന്ത്രങ്ങള്‍ ഇന്ന് വ്യാപകമാണ്. ഇത് ജനാധിപത്യത്തെ നോക്കികുത്തിയാക്കുന്ന വിലപേശല്‍ രാഷ്ട്രീയമായിരിക്കും. ഇനി തൂക്കുസഭകള്‍ ഒരു സാധ്യതയായി മാറുന്ന നിയമസഭകളെയും, എന്തിന് പാര്‍ലിമെന്റിനെ തന്നെയും നമുക്കു കാണേണ്ടിവരും.

ഗവര്‍ണര്‍മാരെ ഉപയോഗിച്ചുള്ള രാഷ്ട്രീയക്കളി ഇന്ത്യയില്‍ പുത്തരിയൊന്നും അല്ല. കേന്ദ്ര ഭരണകക്ഷിയുടെ ശുദ്ധ റബ്ബര്‍സ്റ്റാമ്പുകളാണ് ഈ ഗവര്‍ണര്‍മാര്‍. കര്‍ണാടകയില്‍ ബി ജെ പി പയറ്റാന്‍ നോക്കിയ ചാക്കിടല്‍ രാഷ്ട്രീയവും കോണ്‍ഗ്രസ് നടത്തിയ റിസോര്‍ട്ട് രാഷ്ട്രീയവും ഒരു നാണയത്തിന്റെ രണ്ടു വശം മാത്രമാണ്. തിരഞ്ഞെടുപ്പ് പൂര്‍വ സഖ്യവും തിരഞ്ഞെടുപ്പാനന്തര സഖ്യവും ഒരു പോലെ കാണണമെന്ന ഒരു സന്ദേശവും കോണ്‍ഗ്രസ് – ജനതാദള്‍ (എസ് ) സഖ്യത്തെ മുന്‍ നിര്‍ത്തി ചില നേതാക്കളും നിരീക്ഷകരും ഇപ്പോള്‍ നടത്തുന്നുണ്ട്. ശുദ്ധ അസംബന്ധമാണിത്. ഇന്നലെ വരെ ബദ്ധവൈരികളായിരുന്നവര്‍ ഇന്നുമുതല്‍ സഖ്യകക്ഷികളായി മാറുന്നു. എങ്കില്‍ അതിനു പിന്നില്‍ അധികാരാര്‍ത്തിയല്ലാതെ മറ്റൊന്നും ദര്‍ശിക്കേണ്ടതില്ല. ഇത് ജനങ്ങള്‍ക്കുമുന്നിലുള്ള നഗ്നമായ കൂറുമാറ്റമാണ്.

തിരഞ്ഞെടുപ്പാനന്തര സഖ്യങ്ങളെ അവിശുദ്ധ കൂട്ടുകെട്ടുകളായിക്കണ്ട് കൂറുമാറ്റനിരോധന നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്ന കാര്യം ആലോചിക്കാവുന്നതാണ്. അത്തരം സാഹചര്യങ്ങളില്‍ രാഷ്ട്രീയ ആര്‍ജവം നഷ്ടപ്പെട്ടിട്ടില്ലാത്ത രാഷ്ട്രീയപാര്‍ട്ടികള്‍ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാര്‍ഥികളോട് രാജിവെച്ചുവീണ്ടും ജനവിധി തേടാന്‍ ആവശ്യപ്പെടുകയാണ് ചെയ്യേണ്ടത്. ഒരിക്കല്‍ ഇത് സംഭവിച്ചു കഴിഞ്ഞാല്‍ രാഷ്ട്രീയ കക്ഷികള്‍ കുറേക്കൂടി യുക്തിഭദ്രമായ തിരഞ്ഞെടുപ്പ് പൂര്‍വ സഖ്യങ്ങള്‍ ഉണ്ടാക്കുവാന്‍ നിര്‍ബന്ധിതരാകുകയും അതുവഴി തൂക്കുസഭകള്‍ എന്ന രാഷ്ട്രീയ നപുംസകാവസ്ഥയെ ഇല്ലാതാക്കാനും കഴിയും.

നിലവിലുള്ള കൂറുമാറ്റ നിരോധനനിയമം അതുണ്ടാക്കിയ കാലത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മാത്രമേ കണക്കിലെടുത്തിട്ടുള്ളൂ. കൈക്കൂലികൊടുത്തും സ്ഥാനമാനങ്ങള്‍ വാഗ്ദാനം ചെയ്തും ഒരു പക്ഷത്തു നിന്ന് മറുപക്ഷത്തേക്ക് ജനപ്രതിനിധികളെ കൂറുമാറ്റുക എന്നത് അക്കാലത്തൊരു പതിവ് സംഭവമായിരുന്നു. 1960കളുടെ തുടക്കത്തില്‍ ഹരിയാനയില്‍ നിന്നുള്ള ഒരു കോണ്‍ഗ്രസ് ജനപ്രതിനിധി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മൂന്നുപാര്‍ട്ടികളില്‍ മാറിമാറി അംഗത്വം എടുക്കുകയുണ്ടായി. ഗയാലാല്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ആ പേരില്‍ നിന്നാണ് ആയാറാം ഗയാറാം’ രാഷ്ട്രീയം എന്ന രാഷ്ട്രീയ പദപ്രയോഗം നിലവില്‍ വന്നത്. ഇത്തരം നിയമങ്ങള്‍ കൊണ്ടു വരിഞ്ഞുമുറുക്കി ഭൂരിപക്ഷ വോട്ട് നേടി സ്ഥാനം ഏറ്റു സത്യപ്രതിജ്ഞ ചെയ്ത ഒരു എം എല്‍ എ/എം പിക്ക് സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാന്‍ പറ്റാത്ത അവസ്ഥ തീര്‍ച്ചയായും ജനാധിപത്യത്തിന്റെ ബാലാരിഷ്ടതതന്നെയാണ് കാണിക്കുന്നത്.

അതുപോലെ തന്നെ ഒരു നിയോജകമണ്ഡലത്തിലെ തന്നെ ജനങ്ങളില്‍ അമ്പത് ശതമാനത്തിലധികം പേരുടെ വിശ്വാസം ആര്‍ജിക്കാന്‍ കഴിയാത്തയാള്‍ ജനപ്രതിനിധിയാകുന്ന അവസ്ഥയും പരിഹാസ്യമാണ്. അതുകൊണ്ടാണ് പല പരിഷ്‌കൃത ജനാധിപത്യ രാജ്യങ്ങളിലും ഒന്നാം വട്ടം, രണ്ടാം വട്ടം എന്നിങ്ങനെ മുന്‍ഗണനാടിസ്ഥാനത്തില്‍ വോട്ടുചെയ്യാന്‍ സമ്മദിദായകര്‍ക്ക് അവസരം ഉള്ളത്. അന്തിമഘട്ട വോട്ടിംഗില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ സ്ഥാനാര്‍ഥികള്‍ തമ്മില്‍ നേരിട്ട് മത്സരിച്ച് കൂടുതല്‍ വോട്ടുനേടിയ ആള്‍ ജയിച്ചതായി പ്രഖ്യാപിക്കുന്നതാണ് ഈ ഏര്‍പ്പാട്. ഒരു വോട്ടര്‍ക്ക് ഒരു വോട്ട് എന്നു നിജപ്പെടുത്തേണ്ടതില്ല. തനിക്ക് ലഭിക്കുന്ന ബാലറ്റ് പേപ്പറില്‍ പേരുള്ള സ്ഥാനാര്‍ഥികള്‍ക്ക് മുന്‍ഗണനാക്രമത്തില്‍ (പ്രിഫറന്‍സ്) വോട്ട് ചെയ്യാനുള്ള അവസരം നല്‍കുന്നതു വഴി വിജയിയായി പ്രഖ്യാപിക്കപ്പെടുന്നയാള്‍ക്ക് അനുകൂലമായി വോട്ടര്‍മാരുടെ ഭൂരിപക്ഷത്തിന്റെയും സമ്മതിദാനം ലഭിച്ചു എന്നുറപ്പു വരുത്താന്‍ കഴിയും. അങ്ങനെ ജയിച്ചു വന്ന ജനപ്രതിനിധികളെ അവരുടെ മുമ്പിലുള്ള അഞ്ച് വര്‍ഷക്കാലം ബാഹ്യ നിയന്ത്രണങ്ങളില്‍ നിന്നു മുക്തരാക്കി സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം. എങ്കില്‍ മാത്രമേ ആയാറാം, ഗയാറാം രാഷ്ട്രീയക്കാരില്‍ നിന്നും കൂണുപോലെ മുളച്ചു പൊന്തുന്ന ചെറുകിട രാഷ്ട്രീയകക്ഷികളില്‍ നിന്നും അവരുടെ തീരെ ചെറിയ നേതാക്കളുടെ അഹംഭാവ രാഷ്ട്രീയത്തില്‍ നിന്നും ഇന്ത്യന്‍ രാഷ്ട്രീയം സ്വതന്ത്രമാവുകയുള്ളൂ.