ഫാറൂഖ് നഈമിയുടെ പ്രഭാഷണം 31ന്

Posted on: May 29, 2018 10:13 pm | Last updated: May 29, 2018 at 10:13 pm

അബുദാബി: യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ റമസാന്‍ അതിഥി ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരിയുടെ റമസാന്‍ പ്രഭാഷണം ഈ മാസം 31ന് വ്യാഴം രാത്രി 10ന് അബുദാബി നാഷനല്‍ തിയേറ്ററില്‍ നടക്കും. തറാവീഹിന് ശേഷം നടക്കുന്ന പരിപാടിയില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, ലുലു ഗ്രൂപ്പ് എം ഡി എം എ യുസുഫലി, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, അബ്ദുര്‍റഹ്മാന്‍ ഹാജി കുറ്റൂര്‍ തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. വിവരങ്ങള്‍ക്ക്: 055-9505 652.

പ്രവാചകസ്നേഹത്തിന്റെ വ്യത്യസ്തവും വേറിട്ടതുമായ ആസ്വാദനവും ധന്യാനുഭവവും തീര്‍ക്കുന്ന ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരിയുടെ നാഷനല്‍ തിയേറ്ററിലെ റമസാന്‍ പ്രഭാഷണം ഈ വര്‍ഷത്തെ ഏറ്റവും വലിയ ആത്മീയ വിരുന്നാക്കി മാറ്റുന്നതിനുള്ള അണിയറ പ്രവര്‍ത്തനത്തിലാണു സംഘാടകര്‍. വിശുദ്ധ റമസാന്‍ രാവുകളെ ധന്യമാക്കുന്ന നിരവധി പ്രഭാഷണങ്ങള്‍ക്ക് ശേഷമാണു നാഷനല്‍ തിയേറ്ററിലെ പരിപാടി നടക്കുന്നത് എന്നതുകൊണ്ടു തന്നെ ന ഈമിയുടെ പ്രഭാഷണങ്ങളുടെ മാധുര്യം അനുഭവിച്ചവര്‍ ഈ പ്രഭാഷണത്തിനുമെത്തും.
മനുഷ്യസ്‌നേഹത്തിന്റെ നിസ്തുല മാതൃക തീര്‍ത്ത യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് വര്‍ഷാചരണം നടക്കുന്ന വേളയില്‍ ആ മഹാമനീഷിയോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതു കൂടിയാവും പരിപാടി.

പരിപാടി വിജയിപ്പിക്കുന്നതിനു ഐ സി എഫിന്റെയും ആര്‍ എസ് സിയുടെയും നേതൃത്വത്തില്‍ വിപുലമായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.