Connect with us

Gulf

മരുഭൂമിയിലെ വിഷപ്പാമ്പുകള്‍: ഗവേഷണ ദൗത്യവുമായി ഡോ. സുബൈര്‍ മേടമ്മലും ശംസുദ്ദീനും യു എ ഇയിലെത്തി

Published

|

Last Updated

ഡോ. സുബൈര്‍ മേടമ്മലും ശംസുദ്ദീനും

ദുബൈ: അറേബ്യന്‍ മരുഭൂമിയിലെ ഉഗ്രവിഷമുള്ള പാമ്പുകളെ കുറിച്ച് പഠിക്കാന്‍ മലയാളിയായ ഗവേഷകനും പാമ്പുപിടുത്തക്കാരനും യു എ ഇയിലെത്തി. യു എ ഇ ഭരണ കുടുംബാംഗത്തിന്റെ ക്ഷണം സ്വീകരിച്ചാണ് കോഴിക്കോട് സര്‍വകലാശാല ജന്തുശാസ്ത്ര വിഭാഗം അസി. പ്രൊഫസറും പ്രമുഖ ഗവേഷകനുമായ ഡോ.സുബൈര്‍ മേടമ്മലും പ്രമുഖ പാമ്പുപിടിത്തക്കാരനായ ശംംസുദ്ദീന്‍ ചെര്‍പ്പുളശ്ശേരിയും യു എ ഇയിലെത്തിയത്.

വിവിധ ഗള്‍ഫ് രാജ്യങ്ങളുടെ ദേശീയ പക്ഷിയായ ഫാല്‍ക്കണെ കുറിച്ച് വര്‍ഷങ്ങളായി ഗവേഷണം നടത്തി വരുന്ന ഡോ.സുബൈര്‍ മേടമ്മലിന് യു എ ഇയില്‍ നിന്ന് ലഭിച്ച ക്ഷണത്തെ തുടര്‍ന്നാണിത്്. ഫാല്‍ക്കണ്‍ ഗവേഷണത്തിന്റെ ഭാഗമായി ഡോ. സുബൈര്‍ നടത്തിയ യു എ ഇ സന്ദര്‍ശനത്തിനിടെയാണ് മരുഭൂമിയിലെ പാമ്പുകളെ കുറിച്ച് ഗവേഷണം നടത്താനുള്ള നിര്‍ദേശം ലഭിച്ചത്. മരുഭൂമിയില്‍ കാണുന്ന പാമ്പുകള്‍ ഉഗ്രവിഷമുള്ളവയായതിനാല്‍ ഇവയെ കുറിച്ചുള്ള പഠനം അതിസാഹസികമാണ്. വിഷപ്പാമ്പുകളെ ആവാസവ്യവസ്ഥയെ കുറിച്ചും സ്വഭാവ സവിശേഷതകളെക്കുറിച്ചും അവയുടെ വംശസംരക്ഷണത്തെക്കുറിച്ചും ആഴത്തിലുള്ള പഠനങ്ങള്‍ക്ക് ഇത് തുടക്കം കുറിക്കും. മരുഭൂമിയില്‍ കാണുന്ന പാമ്പുകളെ പിടികൂടി ശാസ്ത്രീയമായ പഠനത്തിന് വിധേയമാക്കുകയാണ് ലക്ഷ്യം. അബുദാബിയില്‍ നിന്ന് 95 കിലോമീറ്റര്‍ അകലെ അല്‍ ഖസ്‌ന മരുഭൂമിയില്‍ തങ്ങിയാണ് ഗവേഷണം.

ഗള്‍ഫ് രാജ്യങ്ങളില്‍ സ്വദേശികളായ അറബികള്‍ക്ക് മരുഭൂമിയിലെ യാത്രക്കിടയില്‍ ഉഗ്രവിഷമുള്ള പാമ്പുകളെ നേരിടേണ്ടി വരാറുണ്ട്. മണലില്‍ മറഞ്ഞു കിടക്കുന്ന പാമ്പുകളെ കാണാന്‍ തന്നെ പ്രയാസമാണ്. ഇവയെ കുറിച്ചുള്ള പഠനത്തോടൊപ്പം ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തുന്നതിനുമാവശ്യമായ ഗവേഷണം നടത്തുന്നതിനുമാണ് ഡോ. സുബൈറിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.

എമിറേറ്റ്‌സ് ഫാല്‍ക്കണ്‍ ക്ലബ്ബ് അംഗത്വമുള്ള ഏക അനറബിയാണ് ഡോ.സുബൈര്‍. തിരൂര്‍ വാണിയന്നൂര്‍ സ്വദേശിയാണ്. പാമ്പുകളെ പിടികൂടുന്നതില്‍ മൂന്നു പതിറ്റാണ്ടുകളിലേറെയായി സജീവമായി രംഗത്തുള്ള ശംസുദ്ദീന്‍ പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശേരി സ്വദേശിയാണ്. ആദ്യമായാണ് പാമ്പുകളുടെ ഭാഗമായി ഗള്‍ഫ് സന്ദര്‍ശനം നടത്തുന്നത്.

Latest