Connect with us

Ramzan

അത്താഴ ഭക്ഷണത്തില്‍ ബറകത്തുണ്ട്

Published

|

Last Updated

റമസാന്‍ മാസത്തിലെ വിശേഷപ്പെട്ട ഭക്ഷണരീതിയാണ് അത്താഴം. രാത്രി ഭക്ഷണത്തിന് പൊതുവില്‍ അത്താഴമെന്ന് പറയാറുണ്ടെങ്കിലും മതകീയ വീക്ഷണത്തില്‍ മുകളിലെ വിവരണമാണതിന്റെ ശരിയായ ഉദ്ദേശ്യം. “അല്ലിലെ തായം”- രാത്രിയിലെ പറ്റ് എന്നതാണ് അത്താഴമെന്ന പദത്തിന്റെ മൂലരൂപം. ഇംഗ്ലീഷില്‍ ൗെുുലൃ എന്നും തമിഴില്‍ അത്താളമെന്നും അറബിയില്‍ സഹൂര്‍ എന്നും പറയുന്നു. ചില നാടുകളില്‍ ഇടയത്താഴമെന്നാണ് പ്രയോഗം.

“നിങ്ങള്‍ അത്താഴമുണ്ണുക. നിശ്ചയം അതില്‍ ബറകത്തുണ്ട്”(ബുഖാരി, മുസ്‌ലിം). ഐഹികവും പാരത്രികവുമായ ഗുണങ്ങളായ ബറകത്ത് കൊണ്ടുള്ള വിവക്ഷ. ആരോഗ്യത്തോടെ നോമ്പ് പൂര്‍ത്തിയാക്കാനും അല്ലാഹുവിന്റെ അതിമഹത്തായ പ്രതിഫലം കരസ്ഥമാക്കാനും അത്താഴം കഴിക്കല്‍ നിമിത്തമാകുന്നു. “അത്താഴം കഴിച്ച് പകല്‍സമയ വ്രതത്തിന് നിങ്ങള്‍ ശക്തിസംഭരിക്കുക”യെന്ന് ഇബ്‌നു അബ്ബാസ് ഉദ്ധരിക്കുന്ന വിശ്രുത ഹദീസില്‍ വന്നിട്ടുണ്ട്.

ബറകത്തുള്ള ഭക്ഷണത്തിലേക്ക് വരൂ എന്ന് പറഞ്ഞ് തിരുനബി(സ) അനുചരന്മാരെ അത്താഴ ഭോജനത്തിന് ക്ഷണിക്കുമായിരുന്നു. അത്താഴം കഴിച്ചുകൊണ്ടിരിക്കെ നബിയുടെ അടുത്തേക്ക് ചെന്ന സ്വഹാബിയോട് അവിടുന്ന് പറഞ്ഞു: അത്താഴം ഉപേക്ഷിക്കരുത്, അത് അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ ബറകത്താണ് (അബൂദാവൂദ്, നസാഇ).

അഹ്‌ലു കിതാബിന്റെയും നമ്മുടെയും വ്രതങ്ങള്‍ തമ്മിലുള്ള വ്യത്യാസം അത്താഴ ഭോജനമാകുന്നു (മുസ്‌ലിം, അബൂദാവൂദ്). പ്രതിഫലാര്‍ഹവും അനിവാര്യവുമായ അനുഷ്ഠാനമെന്ന രീതിയില്‍ അവര്‍ക്ക് അത്താഴമുണ്ടായിരുന്നില്ല. അനുവദനീയമായ ഏത് ഭക്ഷണവും അത്താഴത്തിന്റെ ഭാഗമായി കഴിക്കാമെങ്കിലും ഏറ്റവും നല്ലത് കാരക്കയാണെന്ന് നിരവധി ഹദീസുകളിലുണ്ട്. നീണ്ട പകല്‍ നോമ്പില്‍ വിശന്ന് പരവശനായവന്റെ കത്തിയെരിയുന്ന വയറ്റിലേക്ക് കാരക്ക ആദ്യമായി ചെല്ലുന്നത് ഒട്ടേറെ ഗുണകരമായിരിക്കുമെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. ലഘുഭക്ഷണമാണ് അത്താഴത്തിന് അഭികാമ്യം. കൊഴുപ്പ് കൂടുതലില്ലാത്തതും പഴങ്ങളും പച്ചക്കറികളും ഉള്‍ക്കൊള്ളുന്നതുമായാല്‍ നല്ലതാണ്. പരമാവധി അവസാന സമയത്താകുന്നതും ശ്രദ്ധിക്കേണ്ടതാണ്. അത്താഴം വേണ്ടെന്ന് വെച്ചാല്‍ വിഷമമാകും. നേരത്തെയായാല്‍ വിശന്നുപോകും. ഉറക്കപ്രശ്‌നവുമുണ്ടാകും. ഇതെല്ലാം പരിഗണിച്ചാണ് അത്താഴം കഴിയുന്നത്ര പിന്തിക്കല്‍ സുന്നത്താണെന്ന് കര്‍മശാസ്ത്ര പണ്ഡിതര്‍ പറഞ്ഞത് (തുഹ്ഫ 3/423). മിതമായ നിലക്ക് അമ്പത് ആയത്ത് ഓതാന്‍ വേണ്ട സമയമേ തിരുനബി(സ)യുടെ അത്താഴത്തിനും സുബ്ഹിക്കുമിടയില്‍ ഉണ്ടായിരുന്നുള്ളൂവെന്നാണ് ഹദീസില്‍ വന്നിട്ടുള്ളത് (ബുഖാരി). അത്താഴഭക്ഷണം കഴിഞ്ഞാല്‍ ഉദ്ദേശം ഇരുപത് മിനുട്ടെങ്കിലും സുബ്ഹിക്ക് ബാക്കിയുണ്ടാകണമെന്നാണ് ചുരുക്കം.

അത്താഴം കഴിച്ചുകൊണ്ടിരിക്കെ ബാങ്ക് കേള്‍ക്കുകയോ സമയമായെന്ന് ഉറപ്പാവുകയോ ചെയ്താല്‍ ഉടന്‍ ഭക്ഷണം നിര്‍ത്തി വായ ശുദ്ധിയാക്കണം. സമയമായാലും ആവശ്യം പൂര്‍ത്തിയാകുന്നതുവരെ ഭക്ഷണം കഴിക്കാമെന്ന പുത്തനാശയക്കാരുടെ വാദം ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ലാത്തതാണ്. അത്താഴം അത്തിപ്പഴത്തോളമെന്നും അരവയറിന് മാത്രമെന്നും മറ്റും പഴഞ്ചൊല്ല് പോലെ പറയപ്പെടുന്നുണ്ട്.

റമസാന്‍ അര്‍ധരാത്രിക്ക് ശേഷം ദഫ്മുട്ടിയും മറ്റും സംഘം സംഘമായി വീട് വീടാന്തരം കയറിയിറങ്ങി അത്താഴത്തിന് വിളിച്ചുണര്‍ത്തുന്ന സമ്പ്രദായം നേരത്തെയുണ്ടായിരുന്നു. പാതിരാത്രിയില്‍ കതീന പൊട്ടിച്ചും മറ്റും അത്താഴ സമയം അറിയിക്കുന്ന സമ്പ്രദായം മുന്‍കാലങ്ങളില്‍ പല നാടുകളിലുമുണ്ടായിരുന്നു. സുഭിക്ഷമായ ഭക്ഷണം സാര്‍വത്രികമായ വര്‍ത്തമാനകാലത്ത് അത്താഴപ്പെരുമയെന്നാണ് പറയപ്പെടുന്നത്.