Connect with us

International

യു എസ് ഉന്നതതല സംഘം ഉത്തര കൊറിയയില്‍

Published

|

Last Updated

വാഷിംഗ്ടണ്‍: അടുത്ത മാസം 12ന് സിംഗപ്പൂരില്‍ വെച്ച് നടക്കാനിരിക്കുന്ന ട്രംപ്-ഉന്‍ കൂടിക്കാഴ്ചക്ക് വീണ്ടും സാധ്യത തെളിയുന്നു. ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ സംഘം വടക്കന്‍ കൊറിയയിലെത്തിയതാണ് ഇതുമായി ബന്ധപ്പെട്ട അവസാന റിപ്പോര്‍ട്ട്. തങ്ങളുടെ ഒരു സംഘം കൂടിക്കാഴ്ച സംബന്ധിച്ച കാര്യങ്ങള്‍ ശരിയാക്കുന്നതിന് വേണ്ടി വടക്കന്‍ കൊറിയയിലെത്തിയിട്ടുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്. വടക്കന്‍ കൊറിയക്ക് മികച്ച കഴിവുണ്ട്. വൈകാതെ സാമ്പത്തികമായും മറ്റും ആ രാജ്യം മികച്ച സാഹചര്യത്തിലെത്തും. ഈ വിഷയത്തില്‍ കിം ജോംഗ് ഉന്‍ തന്റെ അഭിപ്രായവുമായി യോജിക്കുന്നു. ചര്‍ച്ച സംഭവിക്കുമെന്ന് തന്നെയാണ് കരുതുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഉത്തര കൊറിയയിലെ പാന്മുംജോം പ്രദേശത്ത് വെച്ചാണ് ഇരു രാജ്യങ്ങളുടെയും ഉദ്യോഗസ്ഥര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുകയെന്ന് ദക്ഷിണ കൊറിയ വ്യക്തമാക്കി. കൂടിക്കാഴ്ചകള്‍ക്ക് മുമ്പായി നടക്കേണ്ട ആലോചനകള്‍ക്ക് വേണ്ടി ഉത്തര കൊറിയയിലെത്തിയിരിക്കുന്നവരില്‍ മുന്‍ അമേരിക്കന്‍ സ്ഥാനപതി സുംഗ്കിംഗും ഫിലിപ്പൈന്‍സിലെ യു എസ് അംബാസിഡറും ഉള്‍പ്പെടുന്നു.

സിയോളില്‍ യു എസ് അംബാസിഡറായി സേവനം ചെയ്തിട്ടുള്ള ആളാണ് സുംഗ് കിം. ഉത്തര കൊറിയയുമായി ആറ് രാജ്യങ്ങള്‍ നടത്തിയ ചര്‍ച്ചക്കിടെ അമേരിക്കയെ പ്രതിനിധാനം ചെയ്ത് അദ്ദേഹം സംബന്ധിക്കുകയും ചെയ്തിരുന്നു. അതിനിടെ മുതിര്‍ന്ന ചില ഉത്തര കൊറിയന്‍ നേതാക്കള്‍ ചര്‍ച്ചകള്‍ക്കായി ചൈനയുടെ തലസ്ഥാനമായ ബീജിംഗിലെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് പുറമെ വൈറ്റ് ഹൗസ് ഡെപ്യൂട്ടി മേധാവി ജോ ഹാഗിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ സംഘം ചര്‍ച്ചയുടെ മുന്നോടിയായി സിംഗപ്പൂരിലേക്കും തിരിച്ചിട്ടുണ്ട്. ഈ നീക്കങ്ങള്‍ ചര്‍ച്ച നടക്കുമെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

സിംഗപ്പൂരില്‍ വെച്ച് നടക്കുമെന്ന് നേരത്തെ തീരുമാനിക്കപ്പെട്ടിരുന്ന അമേരിക്ക- ഉത്തര കൊറിയ കൂടിക്കാഴ്ചയില്‍ നിന്ന് നാടകീയമായി കഴിഞ്ഞ വ്യാഴാഴ്ച ട്രംപ് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഒരു ദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹം നിലപാട് മാറ്റുകയും ചെയ്തിരുന്നു. ഉത്തര കൊറിയയുമായി ഇപ്പോഴും ചര്‍ച്ചകള്‍ക്ക് സാധ്യതയുണ്ടെന്നായിരുന്നു പിന്നീട് ട്രംപിന്റെ പ്രതികരണം. കൂടിക്കാഴ്ചയില്‍ നിന്ന് ട്രംപ് പിന്മാറിയതിനെ യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ ഉള്‍പ്പടെ അന്താരാഷ്ട്ര സമൂഹം ശക്തമായി വിമര്‍ശിച്ചിരുന്നു. മേഖല വീണ്ടും സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങുമോയെന്ന ആശങ്കകള്‍ക്കിടെയാണ് ചര്‍ച്ചകള്‍ക്ക് വീണ്ടും വാതില്‍ തുറന്നിട്ടിരിക്കുന്നത്.

ട്രംപ്- ഉന്‍ കൂടിക്കാഴ്ചയില്‍ മൂണ്‍ ജെയും സംബന്ധിച്ചേക്കും

സിയോള്‍: അടുത്ത മാസം 12ന് സിംഗപ്പൂരില്‍ നടക്കാനിരിക്കുന്ന ട്രംപ്് ഉന്‍ കൂടിക്കാഴ്ചയില്‍ ദക്ഷിണ കൊറിയന്‍ നേതാവ് മൂണ്‍ ജെ ഇനും സംബന്ധിക്കുമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ക്കായി ഉത്തര കൊറിയയിലെത്തിയ അമേരിക്കന്‍ സംഘം ഉത്തര കൊറിയന്‍ നേതാക്കളുമായി പ്രാഥമിക ചര്‍ച്ച നടത്തിയ ശേഷമായിരിക്കും ഇതുസംബന്ധിച്ച അവസാന തീരുമാനം പുറത്തുവരികയുള്ളൂവെന്ന് ദക്ഷിണ കൊറിയന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയുടെ പ്രധാന ഗുണഭോക്താവ് ദക്ഷിണ കൊറിയ ആയിരിക്കുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ ഉന്‍- ട്രംപ് കൂടിക്കാഴ്ച സംഭവിക്കാനുള്ള എല്ലാ സാധ്യതകളും ദക്ഷിണ കൊറിയ ആലോചിക്കുന്നുണ്ട്്. ഇതിന്റെ ഭാഗമായാണ് ദക്ഷിണ കൊറിയന്‍ നേതാവ് മൂണ്‍ ജെ ഇന്‍ കഴിഞ്ഞ ആഴ്ച അമേരിക്ക സന്ദര്‍ശിച്ചിരുന്നത്. അതേസമയം, ഇരു നേതാക്കളും തമ്മില്‍ നടക്കാനിരിക്കുന്ന കൂടിക്കാഴ്ച സംബന്ധിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ്.