Connect with us

Kerala

പെട്രോള്‍ പമ്പില്‍ യുവാവിനെ തീ കൊളുത്തിയ സംഭവം: പ്രതി കരിമണി വിനീത് അറസ്റ്റില്‍

Published

|

Last Updated

തൃശൂര്‍: കൊടകരയില്‍ പെട്രോള്‍ പമ്പില്‍വെച്ച് യുവാവിനെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. കരിമണിയെന്ന് വിളിക്കുന്ന ഒമ്പതുങ്ങല്‍ സ്വദേശി വട്ടപറമ്പില്‍ വിനീത് ആണ് പിടിയിലായത്. കോയമ്പത്തൂരില്‍ നിന്ന് ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

കോടാലി ചേലക്കാട്ടുകര ശ്രീദുര്‍ഗ പെട്രോള്‍ പമ്പില്‍ ഈ മാസം 19നായിരുന്നു കേസിനാസ്പദമായ സംഭവം. പെട്രോള്‍ പമ്പില്‍ ബൈക്കുകാര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ വിനീത് മുപ്ലിയം സ്വദേശി മാണുകാടന്‍ വീട്ടില്‍ ദിലീപിനെ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. രണ്ടായിരം രൂപക്ക് ചില്ലറയില്ലെന്ന് പമ്പ് ജീവനക്കാര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ബൈക്കുകാര്‍ തമ്മില്‍ തര്‍ക്കം ആരംഭിച്ചത്. തര്‍ക്കം രൂക്ഷമായതോടെ വിനീത് പമ്പിലെ ജീവനക്കാരന്റെ പക്കല്‍ നിന്ന് കുപ്പിയില്‍ ശേഖരിച്ചിരുന്ന പെട്രോള്‍ ദിലീപിന്റെ ശരീരത്തിലേക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന ചീനിക്ക വീട്ടില്‍ സുരാജ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇരുവരും ബൈക്കില്‍ പെട്രോള്‍ അടിക്കാനെത്തിയതായിരുന്നു. പമ്പ് ജീവനക്കാരിയുടെ കൈക്കും പൊള്ളലേറ്റിരുന്നു.
മറ്റ് ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. പുതുക്കാട് നിന്നും ഫയര്‍ഫോഴ്‌സ് എത്തിയശേഷമാണ് പൂര്‍ണമായും തീയണച്ചത്. തൊട്ടരികില്‍ ബൈക്ക് കത്തിയെങ്കിലും ഫ്യൂവല്‍ ഡിസ്‌പെന്‍സറിലേക്ക് തീ പടരാതിരുന്നത് വന്‍ ദുരന്തം ഒഴിവായി.

ബൈക്കില്‍ പെട്രോള്‍ അടിക്കാന്‍ വന്ന ദിലീപ് നല്‍കിയ 2000 രൂപക്ക് ചില്ലറ വേണമെന്ന് പമ്പുകാര്‍ പറഞ്ഞു. തുടര്‍ന്ന് പത്തിന്റെ നോട്ടുകള്‍ എണ്ണികൊടുക്കുന്നതിനിടെ പെട്രോള്‍ അടിക്കാനായി പിറകില്‍ നിന്നിരുന്ന വിനീത് ബൈക്ക് മാറ്റിക്കൊണ്ടുപോടാ എന്നു പറഞ്ഞു.
നോട്ട് എണ്ണട്ടേയെന്ന് ദിലീപും പറഞ്ഞു. ഇതിനെതുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ പ്രതി കുപ്പിയില്‍ വാങ്ങിയ പെട്രോള്‍, ബൈക്ക് എടുത്ത് പോകാന്‍ ശ്രമിച്ച ദിലീപിന്റെ ശരീരത്തിലേക്ക് ഒഴിക്കലും തീ കൊടുക്കലും ഒന്നിച്ചു നടത്തി.
വസ്ത്രത്തിലേക്ക് തീ പടര്‍ന്ന ദിലീപ് അടുത്തുള്ള തോട്ടില്‍ ചാടി. ഇതിനിടെ ബൈക്കിന് തീപ്പിടിച്ചു. ബൈക്ക് പൂര്‍ണമായും കത്തി നശിച്ചു.