നിപ്പാ: ആസ്‌ത്രേലിയന്‍ മരുന്ന് നല്‍കിയില്ല

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് രോഗികള്‍ക്ക് മരുന്ന് നല്‍കാത്തതെന്ന് കോഴിക്കോട് മെഡി. കോളജ് പ്രിന്‍സിപ്പല്‍
Posted on: May 28, 2018 6:12 am | Last updated: May 28, 2018 at 12:43 am

കോഴിക്കോട്: നിപ്പാ വൈറസ് ബാധിച്ചവര്‍ക്ക് ആസ്‌ത്രേലിയയില്‍ നിന്നെത്തിച്ച മരുന്ന് നല്‍കാന്‍ കഴിഞ്ഞില്ല. രോഗികള്‍ക്ക് മരുന്ന് നല്‍കിത്തുടങ്ങിയെന്ന് ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് രോഗികള്‍ക്ക് മരുന്ന് നല്‍കാന്‍ കഴിയാതിരുന്നതെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. രോഗികള്‍ക്ക് മരുന്ന് നല്‍കുന്നതുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരില്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയായിരുന്നു. നേരത്തെ മലേഷ്യയില്‍ നിന്നെത്തിച്ച റിബവൈറിന്‍ തന്നെയാണ് രോഗികള്‍ക്ക് ഇപ്പോഴും കൊടുത്തുകൊണ്ടിരിക്കുന്നത്.

എന്നാല്‍ ഇതിനേക്കാള്‍ താരതമ്യേന മെച്ചപ്പട്ടതെന്ന് വിലയിരുത്തിയ മരുന്നായ എം-102.4 മരുന്നാണ് ആസ്‌ത്രേലിയയില്‍ നിന്നെത്തിച്ചത്. റിബവൈറിനെ അപേക്ഷിച്ച് ശരീരത്തില്‍ ആന്റിബോഡി ഉത്പാദിപ്പിക്കാന്‍ കഴിയുന്നവയാണ് ഈ മരുന്നുകളെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. കൂടുതല്‍ ഫലപ്രദമായ മരുന്ന് എത്തിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ആരോഗ്യ വകുപ്പ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന് കത്തെഴുതിയിരുന്നു. ലോകാരോഗ്യ സംഘടനാ പ്രതിനിധികളുമായി സംസ്ഥാന ആരോഗ്യ അഡീഷനല്‍ ചീഫ് സെക്രട്ടറിയും ബന്ധപ്പെട്ടിരുന്നു.

ക്യൂന്‍ലാന്‍ഡില്‍ 2003ല്‍ പടര്‍ന്ന് പിടിച്ച എന്‍ട്രാ വൈറസിനെ ഉന്മൂലനം ചെയ്യാന്‍ മരുന്ന് ഫലപ്രദമായിരുന്നെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിരുന്നു. അന്ന് മരുന്ന് നല്‍കിയ 11 പേരില്‍ 10 പേരും രോഗം തരണം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള നിപ്പാ വൈറസ് സ്ഥിരീകരിച്ച മൂന്ന് പേര്‍ക്ക് മരുന്ന് നല്‍കാന്‍ തീരുമാനിച്ചത്.