ഈജിപ്ത് ശുഭപ്രതീക്ഷയില്‍

Posted on: May 28, 2018 6:29 am | Last updated: May 28, 2018 at 12:33 am

ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഷോള്‍ഡറിന് പരുക്കേറ്റ് കണ്ണീരോടെ കളം വിട്ട ഈജിപ്ത് താരം മുഹമ്മദ് സാലക്ക് ലോകകപ്പ് കളിക്കാന്‍ സാധിച്ചേക്കും. ദേശീയ ടീമിന്റെ ഡോക്ടര്‍ മുഹമ്മദ് അബുവിന്റെ അഭിപ്രായത്തില്‍ ലോകകപ്പ് ആരംഭിക്കും മുമ്പ് സാലയുടെ പരുക്ക് ഭേദമാകുമെന്നാണ്. ഈജിപ്ത് കായിക മന്ത്രി ഖാലിദ് എലാസിസും സാല ലോകകപ്പ് കളിക്കുമെന്ന ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ഫെയ്‌സ്ബുക്കിലൂടെയാണ് കായിക മന്ത്രി രാജ്യത്തെ ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കിയത്. ദൈവം സഹായിക്കും, മുഹമ്മദ് സാല ലോകകപ്പില്‍ രാജ്യത്തിനായി കളിക്കും. ജൂണ്‍ നാലിന് മുമ്പായിട്ട് അന്തിമ ഇലവനെ പ്രഖ്യാപിക്കുമ്പോള്‍ സാല ആരോഗ്യം വീണ്ടെടുക്കുമെന്നും മന്ത്രി അഭിപ്രായം രേഖപ്പെടുത്തി.

ഈജിപ്തിന്റെ അര്‍ജന്റൈന്‍ കോച്ച് ഹെക്ടര്‍ കുപര്‍ തന്റെ പ്രധാന താരം റഷ്യയില്‍ കളിക്കുമെന്ന ശുഭാപ്തിയിലാണ്. ഈജിപ്തിന് ലോകകപ്പ് യോഗ്യത നേടിക്കൊടുക്കുന്നതില്‍ സാലയുടെ പങ്ക് വലുതായിരുന്നു. ക്ലബ്ബ് ഫുട്‌ബോളില്‍ വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി 42 ഗോളുകളാണ് സാല നേടിയത്.