ബെയ്‌ലിന്റെ വിസ്മയ ഗോളില്‍ റയലിന് ഹാട്രിക്ക്

Posted on: May 28, 2018 6:23 am | Last updated: May 28, 2018 at 12:30 am
ലിവര്‍പൂളിനെതിരെ ബെയ്ല്‍ സിസര്‍കട്ടിലൂടെ ഗോള്‍ നേടുന്നു

കീവ്: റയല്‍ മാഡ്രിഡ് നായകന്റെ ടാക്ലിംഗില്‍ ലിവര്‍പൂള്‍ വീണു ! പകരക്കാരന്‍ ഗാരെത് ബെയ്‌ലിന്റെ അത്ഭുതഗോളുകളില്‍ റയല്‍ മാഡ്രിഡ് യുവേഫ ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്‍മാരായി.

ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഉക്രൈനിലെ കീവില്‍ റയലിന്റെ കിരീടധാരണം. യൂറോപ്പില്‍ റയലിന്റെ പതിമൂന്നാം കിരീടം. തുടരെ മൂന്നാം ചാമ്പ്യന്‍സ് ലീഗ് ഉയര്‍ത്തി സിനദിന്‍ സിദാനും സംഘവും ചരിത്രം സൃഷ്ടിക്കുകയും ചെയ്തു.

2005 ഇസ്താംബൂള്‍ ഫൈനലില്‍ എ സി മിലാനെ വീഴ്ത്തിയ ലിവര്‍പൂള്‍ 2007 ല്‍ എ സി മിലാനോട് ഫൈനലില്‍ തോറ്റിരുന്നു. അതിന് ശേഷം വീണ്ടും ഫൈനലിലെത്തിയത് യുര്‍ഗന്‍ ക്ലോപ് പരിശീലകനായെത്തിയപ്പോള്‍. എന്നാല്‍, ബൊറൂസിയ ഡോട്മുണ്ടിനൊപ്പം ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പരാജയപ്പെട്ടതിന്റെ ചരിത്രം ലിവര്‍പൂളിനൊപ്പവും ആവര്‍ത്തിക്കാനായിരുന്നു ക്ലോപിന്റെ വിധി.

ക്രിസ്റ്റ്യാനോ-ബെന്‍സിമ സ്‌ട്രൈക്കര്‍മാര്‍ക്ക് പിറകിലായി ഇസ്‌കോയെ പ്ലേമേക്കറാക്കിയുള്ള സിദാന്റെ പരീക്ഷണമായിരുന്നു ആദ്യ പകുതിയില്‍ കണ്ടത്. ലിവര്‍പൂളിന്റെ നീക്കങ്ങള്‍ സാലയെ കേന്ദ്രീകരിച്ചു. എന്നാല്‍, ആദ്യപകുതിയില്‍ റാമോസ് സാലയെ കൈകൂട്ടിപ്പിടിച്ച് വീഴ്ത്തിയപ്പോള്‍ കഥ മാറി. സാലയുടെ ഷോള്‍ഡറിളകി. അല്പനേരം കൂടി കളിച്ച സാല പിന്നീട് ഗ്രൗണ്ടില്‍ കണ്ണീരോടെ കിടന്നു. കളിക്കാന്‍ സാധിക്കില്ലെന്ന് സാല കോച്ചിനെ അറിയിച്ചതോടെ ലിവര്‍പൂള്‍ ആരാധകരുടെ മുഖത്ത് മ്ലാനത്. ആദം ലല്ലാന പകരക്കാരനായിറങ്ങി. ഇതിന് പിന്നാലെ റയലിന്റെ ഡിഫന്‍ഡര്‍ കര്‍വായാലും പരുക്കേറ്റ് പുറത്ത്. ലോകകപ്പ് മുന്നില്‍ നില്‍ക്കെയുള്ള പരുക്ക്് കര്‍വായലിനും ഷോക്കായി. കരഞ്ഞു കൊണ്ടാണ് റയല്‍ താരവും കളം വിട്ടത്.

നാല് ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്. ലിവര്‍പൂള്‍ ഗോളി കരിയസിന്റെ തലതിരിഞ്ഞ കളിയാണ് ആകെ കുളമാക്കിയത്. ബെന്‍സിമ അമ്പത്തൊന്നാം മിനുട്ടില്‍ നേടിയ ലീഡ് ഗോള്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ഗോളുകളിലൊന്നാണ്. ഗോളി കരിയസ് പന്ത് എറിഞ്ഞു കൊടുക്കുമ്പോള്‍ ബെന്‍സിമ കാലൊന്ന് നീട്ടിവെച്ചു കൊടുത്തു. പന്ത് കാലില്‍ തട്ടി വലയില്‍. ഗോളിയുടെ മണ്ടത്തരം. നാല് മിനുട്ടിനുള്ളില്‍ സാദിയോ മാനെയിലൂടെ ലിവര്‍പൂള്‍ തിരിച്ചടിച്ചു (1-1). കീവ് സ്റ്റേഡിയം ഉണര്‍ന്നു. റാമോസിന്റെ ഡിഫന്‍ഡിംഗ് വീഴ്ചയില്‍ നിന്നായിരുന്നു ഗോള്‍.

അതിന് ശേഷം മാനെയുടെ മറ്റൊരു ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങി. ഇതിനിടെ ഇസ്‌കോക്ക് മൂന്ന് സുവര്‍ണാവസരങ്ങള്‍ ലഭിച്ചു. ഒന്ന് ക്രോസ്ബാറില്‍ ത്ട്ടി മടങ്ങിയപ്പോള്‍ മറ്റുള്ളവ ആലസ്യം കൊണ്ട് നഷ്ടമായി. ക്രിസ്റ്റിയാനോ ആകെ ഒരു തവണയാണ് ലിവര്‍പൂള്‍ ഗോളിലേക്ക് അപകടകരമായ ഷോട്ടുതിര്‍ത്തത്. സൂപ്പര്‍ താരം മങ്ങിയപ്പോള്‍ സിദാന്‍ ഇസ്‌കോയെ പിന്‍വലിച്ച് ഗാരെത് ബെയ്‌ലിനെ കളത്തിലിറക്കി. കഴിഞ്ഞ രണ്ട് ഫൈനലിലും തിളങ്ങിയ താരമാണ്. പ്രതീക്ഷ തെറ്റിയില്ല. മാര്‍സലോയുടെ ക്രോസ് ബോളില്‍ സിസര്‍കട്ടിലൂടെ ബെയ്‌ലിന്റെ ഗോള്‍ ! അറുപത്തിനാലാം മിനുട്ടില്‍ പിറന്ന ഈ ഗോള്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ സംഭവിച്ച ഏറ്റവും മികച്ച ഗോളായി. എണ്‍പത്തിമൂന്നാം മിനുട്ടില്‍ ബെയില്‍ തൊടുത്ത ലോംഗ് റേഞ്ചര്‍ ലിവര്‍പൂള്‍ ഗോളി കരിയസിന് പ്രതികരിക്കാന്‍ സമയം നല്‍കിയില്ല. കുത്തിയകറ്റിയത് സ്വന്തം വലയിലേക്ക്. കരിയസ് വീണ്ടും വില്ലനായി. തിരിച്ചുവരവിന് സമയമില്ലായിരുന്നു. റയല്‍ പന്ത് ഹോള്‍ഡ് ചെയ്ത് കളിച്ച് ഹാട്രിക്ക് കിരീടം ഉറപ്പിച്ചു.

ബെയില്‍ ഇതിഹാസം : ഗിഗ്‌സ്

വെയില്‍സ് ഫുട്‌ബോളിലെ ഏറ്റവും മഹാനായ താരമാണ് ഗാരെത് ബെയ്‌ലെന്ന് വെയില്‍സിന്റെ ഫുട്‌ബോള്‍ ഇതിഹാസം റിയാന്‍ ഗിഗ്‌സ്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി രണ്ട് പതിറ്റാണ്ടു കാലം കളിച്ച ഗിഗ്‌സിന്റെ വാക്കുകള്‍ ബെയ്‌ലിന് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരമാണ്. കീവില്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ബെയില്‍ നേടിയ രണ്ട് ഗോളുകള്‍ ചരിത്രത്തിലിടം നേടുന്നതായി. ആദ്യത്തെ ഗോള്‍ ഫൈനലുകളില്‍ പിറന്ന ഏറ്റവും മനോഹരമായ ഗോളാണ്.

റയലിന് വേണ്ടി അഞ്ച് സീസണുകളില്‍ നിന്ന് നാല് ചാമ്പ്യന്‍സ് ലീഗ് വിജയ മെഡലുകള്‍ ബെയില്‍ സ്വന്തമാക്കി. ലിവര്‍പൂള്‍ ഡിഫന്‍ഡര്‍ ഫില്‍ നീലിന്റെ പേരിലുള്ള ബ്രിട്ടീഷ് റെക്കോര്‍ഡിനൊപ്പമെത്താന്‍ ബെയ്‌ലിന് സാധിച്ചു.

ജോണ്‍ ചാള്‍സിനെ പോലുള്ള ഇതിഹാസങ്ങളെ കുറിച്ച് കേട്ടിട്ടുണ്ട്. അവരുടെ കളിയൊന്നും കണ്ടിട്ടില്ല. താന്‍ കണ്ട ഏറ്റവും മികച്ച വെയില്‍സ് ഫുട്‌ബോളര്‍ ബെയ്‌ലാണ്. ഒരു ചാമ്പ്യന്‍ പ്ലെയറാകുന്നത് അവസരത്തിനൊത്ത് ഉയരുമ്പോഴാണ്. കീവില്‍ ബെയില്‍ നേടിയ ഗോളുകള്‍ അദ്ദേഹമൊരു ചാമ്പ്യനാണെന്ന് അടിവരയിടുന്നു- ഗിഗ്‌സ് പറഞ്ഞു.

റാമോസ് വില്ലന്‍, ആശ്വാസവചനവുമായി ട്വിറ്ററില്‍

സെര്‍ജിയോ റാമോസ് ഇപ്പോള്‍ ഫുട്‌ബോളിലെ സൂപ്പര്‍ വില്ലനാണ്. ലിവര്‍പൂളിന്റെ ചാമ്പ്യന്‍സ് ലീഗ് മോഹങ്ങള്‍ തകര്‍ത്തെറിഞ്ഞ ചതിയന്‍. റാമോസിന്റെ ടാക്ലിംഗില്‍ വീണ സാലയുടെ ഷോള്‍ഡര്‍ ഇളകിപ്പോയി. ഇത് മനപ്പൂര്‍വം ചെയ്തതാണെന്നാണ് ലിവര്‍പൂള്‍ ആരാധകരുടെ വാദം. ലോകത്തെമ്പാടുമുള്ള ലിവര്‍പൂള്‍ ഫാന്‍സ് സെര്‍ജിയോ റാമോസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പൊങ്കാലയിട്ടു കൊണ്ടിരിക്കുകയാണ്.

ഫുട്‌ബോളില്‍ ഒരു ചതിയനുണ്ടെങ്കില്‍ അത് താനാണ്, ഒരു ചതിയന്‍ ക്ലബ്ബുണ്ടെങ്കില്‍ അത് റയല്‍ മാഡ്രിഡാണ് – ഇതാണ് ഒരു കമെന്റ്.
ഈ കുറ്റകൃത്യത്തിന് ഒരു മഞ്ഞക്കാര്‍ഡ് പോലും റഫറികാണിച്ചില്ല. പക്ഷേ, ദൈവം മുകളിലുണ്ട്, അതോര്‍ത്തോ എന്നാണ് മറ്റൊരു കമെന്റ്.
ലോകഫുട്‌ബോളില്‍ താനൊരു വില്ലനായി മാറിയെന്ന് ബോധ്യപ്പെട്ട റാമോസ് ഈജിപ്ത് താരത്തിന് ട്വിറ്ററിലൂടെ ആശ്വാസമായെത്തി. എത്രയുംപെട്ടെന്ന്‌സുഖപ്പെടട്ടെ, വലിയൊരു ഭാവി താങ്കളെ കാത്തിരിക്കുന്നുണ്ട്. ഇതായിരുന്നു റാമോസിന്റെ ട്വീറ്റ്.

കീവിലെ അബദ്ധങ്ങള്‍ കരിയസിനെ വേട്ടയാടും

തന്റെ രണ്ട് പിഴവുകള്‍ ലിവര്‍പൂളിന് നഷ്ടമാക്കിയത് ചാമ്പ്യന്‍സ് ലീഗ് കിരീടമാണെന്ന തിരിച്ചറിവ് ഗോളി ലോറിസ് കരിയസിനെ ജീവിതകാലമത്രയും വേട്ടയാടും. റയല്‍ മാഡ്രിഡ് താരങ്ങള്‍ വിജയാഹ്ലാദത്തില്‍ ആറാടുമ്പോള്‍ കരിയസ് മുഖം മറച്ച് കണ്ണീരടക്കാന്‍ പ്രയാസപ്പെട്ടു.
ഇരുപത്തിനാല് വയസുള്ള ജര്‍മന്‍ ഗോള്‍ കീപ്പര്‍ ഉക്രൈനില്‍ തങ്ങളെ പ്രോത്സാഹിപ്പിക്കാനെത്തിയ ആരാധക സംഘത്തോട് കൈകൂപ്പി മാപ്പ് പറഞ്ഞ രംഗം കരളലിയിക്കും. നെഞ്ചില്‍ കൈവെച്ച് കരിയസ് ക്ഷമ ചോദിച്ചു. ഗാലറിയില്‍ നിന്ന് ലിവര്‍പൂള്‍ ആരാധകരാരും തന്നെ കരിയസിനെ ആക്ഷേപിച്ചില്ല. അവര്‍ യുവതാരത്തിന് കൈയ്യടികളോടെ ആശ്വാസമേകി.

ലിവര്‍പൂളിന്റെ ഗോള്‍ കീപ്പിംഗ് കോച്ചും സഹതാരങ്ങളും ആശ്വസിപ്പിച്ചിട്ടും കരിയസിന്റെ കണ്ണീര്‍ വറ്റിയില്ല. ഒടുവില്‍ റയലിന്റെ ഹീറോ ഗാരെത് ബെയില്‍ തന്നെ ആശ്വാസവചനവുമായെത്തി.

എന്റെ പിഴവുകള്‍ ടീമിനെ തോല്‍പ്പിച്ചു. എല്ലാവരോടും ക്ഷമ ചോദിക്കുന്നു. അറിയാതെ കരഞ്ഞു പോയതാണ്. അത് അടക്കാന്‍ സാധിച്ചില്ല. ഒരു ഗോള്‍ കീപ്പറുടെ ജീവിതം ഇങ്ങനെ ദുര്‍ഘടം പിടിച്ചതാണ്. ഗോളിയുടെ പിഴവിനാണ് വലിയ വില നല്‍കേണ്ടി വരിക- കരിയസ് പറഞ്ഞു.
ലിവര്‍പൂളിന്റെ മുന്‍ ഗോള്‍കീപ്പര്‍ റെ ക്ലെമന്‍സ് പറയുന്നത് ഇനിയുള്ള ജീവിതകാലമത്രയും കരിയസിനെ കീവിലെ പിഴവുകള്‍ വേട്ടയാടുമെന്നാണ്. അയാള്‍ മറക്കാന്‍ ശ്രമിച്ചാലും കാലാകാലങ്ങളില്‍ മറ്റുള്ളവര്‍ അയാളെ ഓര്‍മപ്പെടുത്തും. 1977,78,81 സീസണുകളില്‍ ലിവര്‍പൂള്‍ യൂറോപ്യന്‍ കപ്പ് നേടുമ്പോള്‍ ഗോളിയായിരുന്നു റേ ക്ലെമന്‍സ്.