Connect with us

International

ട്രംപുമായുള്ള ചര്‍ച്ചയില്‍ നിന്ന് പിന്നോട്ടില്ലെന്ന് കിം ജോംഗ് ഉന്‍

Published

|

Last Updated

മൂണ്‍ ജേ ഇന്നും കിം ജോംഗ് ഉന്നും തമ്മില്‍ നടന്ന അപ്രഖ്യാപിത ചര്‍ച്ച

സിയൂള്‍: കൊറിയന്‍ മേഖലയില്‍ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാന്‍ ഉത്തര കൊറിയ പൂര്‍ണമായും ആണവമുക്ത രാജ്യമാകാന്‍ തയ്യാറെടുക്കുന്നു. കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നുമായി നടത്തിയ അപ്രതീക്ഷിത കൂടിക്കാഴ്ചയില്‍ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ ഇക്കാര്യം വ്യക്തമാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തുമെന്ന് നേരത്തെ നിശ്ചയിച്ച സിംഗപ്പൂര്‍ ചര്‍ച്ചക്ക് താന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണെന്നും ചര്‍ച്ചയുമായി മുന്നോട്ടുപോകുമെന്നും ഉന്‍ ഉറപ്പ് നല്‍കിയതായി ഇന്‍ വ്യക്തമാക്കി. ചര്‍ച്ചയില്‍ നിന്ന് പിന്നോട്ടുപോകുകയും പിന്നീട് നിലപാട് തിരുത്തുകയും ചെയ്ത ട്രംപിന്റെ പ്രകോപനപരമായ തീരുമാനം ഉന്നില്‍ കാര്യമായ മാറ്റം ഉണ്ടാക്കിയിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. ഉത്തര കൊറിയയും അമേരിക്കയും തമ്മില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന നയതന്ത്ര പോരിന് വിരാമമിടാന്‍ കാരണമായേക്കാവുന്ന സമാധാന ചര്‍ച്ചയാണ് നടക്കാനിരിക്കുന്നതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്.

അതേസമയം, ചര്‍ച്ചയുമായി മുന്നോട്ടുപോകാനാകില്ലെന്ന ട്രംപിന്റെ പ്രസ്താവന ഉത്തര കൊറിയയെ നിരാശയിലാക്കിയിട്ടുണ്ടെന്ന് മൂണ്‍ ജേ ഇന്‍ വ്യക്തമാക്കി. ഇങ്ങനെയൊരു സാഹചര്യത്തില്‍ എങ്ങനെയാണ് അമേരിക്കയില്‍ തന്റെ രാജ്യം വിശ്വാസം അര്‍പ്പിക്കുകയെന്ന് കിം ആരാഞ്ഞു. ട്രംപിന്റെ നിലപാടിനെ തുടര്‍ന്ന് ഒഴിവായിപ്പോകുമായിരുന്ന സിംഗപ്പൂര്‍ ചര്‍ച്ച ഉറപ്പിക്കാന്‍ വേണ്ടിയാണ് അപ്രതീക്ഷിതമായി ഇരു കൊറിയന്‍ നേതാക്കളും ചര്‍ച്ച നടത്തിയത്. കൊറിയന്‍ മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ മൂണ്‍ ജേ ഇന്‍ മുന്നിട്ടിറങ്ങുന്നുണ്ട്.

നേരത്തെ തീരുമാനിച്ചത് പ്രകാരം സിംഗപ്പൂരില്‍ നടക്കാനിരിക്കുന്ന സമാധാന ചര്‍ച്ചയുമായി കിം ജോംഗ് ഉന്‍ മുന്നോട്ടുപോകുമെന്ന് ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെ സി എന്‍ എയും ഉറപ്പുനല്‍കി. ജൂണ്‍ 12ന് നടക്കാനിരിക്കുന്ന ചര്‍ച്ചയില്‍ നയതന്ത്ര മേഖലയില്‍ ശ്രദ്ധേയമായ ചുവടുവെപ്പുണ്ടാകാനിടയുണ്ടെന്ന് വാര്‍ത്താ ഏജന്‍സി സൂചന നല്‍കിയിട്ടുണ്ട്.

ട്രംപിന്റെ പ്രകോപനമുണ്ടായിട്ടും ചര്‍ച്ചയില്‍ നിന്ന് പിന്തിരിയാത്ത ഉത്തര കൊറിയയുടെ നിലപാടിന് വ്യാപകമായ അംഗീകാരമാണ് അന്താരാഷ്ട്ര തലത്തില്‍ നിന്ന് ലഭിച്ചത്.

---- facebook comment plugin here -----

Latest